Cricket

ലാറയുടെ 501 മറികടക്കാനായില്ല!!എങ്കിലും പുറത്താകുന്നതിനു മുമ്പ് മറ്റൊരു ലോക റെക്കോഡ് കൂടി നേടി തന്മയ് അഗര്‍വാള്‍

അരുണാചല്‍ പ്രദേശിനെതിരേ റെക്കോഡ് ട്രിപ്പിള്‍ സെഞ്ചുറി അടിച്ചു കൂട്ടിയ ഹൈദരാബാദിന്റെ തന്മയ് അഗര്‍വാള്‍ രണ്ടാം ദിനം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ ലാറയുടെ 501* മറികടക്കുമോയെന്നായിരുന്നു ഏവരും ഉറ്റു നോക്കിയിരുന്നത്.

എന്നാല്‍ ആ നേട്ടത്തിലെത്താന്‍ താരത്തിനായില്ല. വ്യക്തിഗത സ്‌കോര്‍ 366ല്‍ നില്‍ക്കുമ്പോള്‍ താരം പുറത്താവുകയായിരുന്നു.

ലാറയുടെ റെക്കോഡ് മറികടന്നില്ലെങ്കിലും രണ്ടാംദിനം മറ്റൊരു ലോക റെക്കോഡ് കൂടി സ്വന്തമാക്കിയ ശേഷമാണ് അഗര്‍വാള്‍ കളംവിട്ടത്. ഒരു ഫസ്റ്റ്ക്ലാസ് ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തുന്ന താരം എന്ന നേട്ടത്തിനാണ് അഗര്‍വാള്‍ അര്‍ഹനായത്.

26 സിക്‌സറുകളാണ് ഈ ഐതിഹാസിക ഇന്നിംഗ്‌സില്‍ അഗര്‍വാളിന്റെ ബാറ്റില്‍ നിന്ന് നെക്‌സ്‌ജെന്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അങ്ങോളമിങ്ങോളം പാഞ്ഞത്.

ആദ്യ ദിനം 21 സിക്‌സറുകള്‍ പറത്തിയ താരം ഇന്ന് അഞ്ച് സിക്‌സറുകള്‍ കൂടി നേടിയ ശേഷമാണ് കളംവിട്ടത്.

2015ല്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സിനെതിരേ ഓക് ലന്‍ഡിനായി 23 സിക്‌സറുകള്‍ പറത്തിയ ന്യൂസിലന്‍ഡ് താരം കോളിന്‍ മണ്‍റോയുടെ റെക്കോഡാണ് അഗര്‍വാള്‍ പഴങ്കഥയാക്കിയത്. 22 സിക്‌സറുകളുമായി അഫ്ഗാനിസ്ഥാന്റെ ഷഫീഖുള്ള ഷിന്‍വാരിയാണ് മൂന്നാമത്.

നിരവധി റെക്കോഡുകളാണ് ഈ ഒരു ഇന്നിംഗ്‌സോടെ തന്മയ് അഗര്‍വാളിന് സ്വന്തമായത്. 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി തികച്ച താരം ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടത്തിനുടമയായി.

ദക്ഷിണാഫ്രിക്കന്‍ ഫസ്റ്റ് ക്ലാസ് താരം മാര്‍ക്കോ മറായിസിന്റെ റെക്കോഡാണ് അഗര്‍വാള്‍ തകര്‍ത്തത്. 2017 നവംബറില്‍ 191 പന്തില്‍ നിന്നാണ് മറായിസ് 300ലെത്തിയത്.

വിസ്ഡന്റെ കണക്കനുസരിച്ച് ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം നടന്നത് 1772ല്‍ ആണ്. അവിടെ നിന്നിങ്ങോട്ട് 252 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു താരം 150 പന്തുകള്‍ക്കുള്ളില്‍ ട്രിപ്പിള്‍ തികയ്ക്കുന്നത്.

ഇതോടൊപ്പം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന ഇഷാന്‍ കിഷന്റെ (14) നേട്ടവും അഗര്‍വാള്‍ മറികടന്നു. രഞ്ജി ട്രോഫിയില്‍ ഒരു ദിവസം 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരമായും അഗര്‍വാള്‍ മാറി.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ ഡബിള്‍ സെഞ്ചുറിയെന്ന, 39 വര്‍ഷം പഴക്കമുള്ള രവിശാസ്ത്രിയുടെ റെക്കോഡും ഈ പ്രകടനത്തോടെ അഗര്‍വാളിനു സ്വന്തമായി.

123 പന്തില്‍ ഇരട്ട സെഞ്ചുറി തികച്ച ശാസ്ത്രിയെ 119 പന്തില്‍ ഇരട്ടശതകം തികച്ചാണ് അഗര്‍വാള്‍ മറികടന്നത്. ഇന്ന് അഗര്‍വാള്‍ വീണ്ടും ബാറ്റിംഗിനിറങ്ങുമ്പോള്‍ താരത്തിനു മറികടക്കാന്‍ പാകത്തില്‍ അനവധി റെക്കോഡുകള്‍ ഇരിക്കുന്നുണ്ട്.

Related Articles

Back to top button