Cricket

ഇതൊക്കെയാണ് ധോണിയെ ഒരു ഇതിഹാസമാക്കുന്നത്!! താരത്തിന്റെ പ്രവൃത്തി കണ്ട് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം

അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്‍ 2024 സീസണിനായുള്ള തയ്യാറെടുപ്പിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകന്‍ എം.എസ് ധോണി. ഇത് ധോണിയുടെ അവസാന ഐപിഎല്ലായിരിക്കുമോ ഇതെന്ന പതിവ് ചോദ്യം ഇത്തവണയും ഉയരുന്നുണ്ട്.

ഇതിനിടെ റാഞ്ചിയില്‍ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന ധോണിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു. നെറ്റ്സില്‍ പരിശീലനത്തിനായി ധോണി ഉപയോഗിക്കുന്ന ബാറ്റിലെ സ്റ്റിക്കറാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.

‘പ്രൈം സ്പോര്‍ട്സ്’ എന്ന സ്റ്റിക്കര്‍ പതിച്ച ബാറ്റുമായാണ് ധോണി പരിശീലിച്ചത് ഇതിന് പിന്നാലെ ആരാണ് ഈ പുതിയ സ്പോണ്‍സര്‍ എന്നാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

ധോണിയുടെ ബാല്യകാല സുഹൃത്തായ പരംജിത്ത് സിങ്ങിന്റെ ഉടമസ്ഥതയില്‍ റാഞ്ചിയിലുള്ള സ്പോര്‍ട്സ് ഷോപ്പിന്റെ പേരാണ് ഇതെന്ന് അധികം വൈകാതെ ആരാധകര്‍ കണ്ടെത്തുകയും ചെയ്തു.

ഇതിഹാസ താരമായി മാറിയിട്ടും വന്ന വഴി മറക്കാത്ത താരത്തെ ഏവരും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍, ധോണി ആദ്യമായല്ല ഇങ്ങനെയൊരു കാര്യം ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ബാറ്റ് നിര്‍മ്മാതാക്കളായ ബിഎഎസിന്റെ ഉടമയാണ് കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തെ ധോണിയുടെ ഒരു ത്യാഗത്തിന്റെ കഥ വെളിപ്പെടുത്തിയത്. കോടികളുടെ കരാര്‍ ഉപേക്ഷിച്ച ധോണി ബിഎഎസിന്റെ സ്റ്റിക്കര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് ബിഎഎസ് ഉടമയായ സോമി കോഹ്ലി പറഞ്ഞു.

പണത്തെ കുറിച്ച് ധോണി പരാമര്‍ശിച്ചതേയില്ല. നിങ്ങളുടെ സ്റ്റിക്കറുകള്‍ എന്റെ ബാറ്റില്‍ പതിപ്പിക്കുക എന്ന് മാത്രമാണ് പറഞ്ഞത്. കാര്യങ്ങള്‍ പറഞ്ഞ് ധോണിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

വളരെ വലിയ ഒരു കരാറാണ് ഉപേക്ഷിക്കുന്നതെന്നും പറഞ്ഞു. ധോണിയുടെ ഭാര്യ സാക്ഷിയോടും അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു.

ധോണിയുടെ സുഹൃത്തായ പരംജിത്തിനോടും കാര്യം പറഞ്ഞു. ലോകകപ്പിന് മുമ്പ് എല്ലാവരും കൂടെ ധോണിയുടെ വീട്ടിലെത്തി. പക്ഷേ, ധോണി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും സോമി കോഹ്‌ലി പറഞ്ഞു. കരിയറിന്റെ തുടക്ക സമയത്ത് ബിഎഎസ് ബാറ്റ് ഉപയോഗിച്ചതിന്റെ പ്രത്യുപകാരമായായിരുന്നു ധോണിയുടെ ഈ പ്രവൃത്തി.

Related Articles

Back to top button