Cricket

ചൈനയില്‍ സ്വര്‍ണമടിച്ച് വനിതാ ക്രിക്കറ്റ് ടീം; സ്മൃതിയുടെ ‘മെല്ലെപ്പോക്ക്’ ടേണിംഗ് പോയിന്റ്!!

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം വാരി ഇന്ത്യ. ആവേശപ്പോരാട്ടത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിമറിഞ്ഞ മല്‍സരത്തിനൊടുവില്‍ ഇന്ത്യ ശ്രീലങ്കയെ 12 റണ്‍സിന് വീഴ്ത്തി. തുടക്കത്തില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചെങ്കിലും അവസാനം ലങ്ക വീണു. സ്‌കോര്‍ ഇന്ത്യ 116-7. ശ്രീലങ്ക 102.

ഫൈനല്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും വയനാട് സ്വദേശി മിന്നു മാണി ടീമില്‍ ഉണ്ടായിരുന്നത് മലയാളികള്‍ക്കും ഈ സ്വര്‍ണനേട്ടത്തില്‍ പകരുന്ന സന്തോഷം വളരെ വലുതാണ്. ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടുന്നത്.

തുടക്കത്തില്‍ തന്നെ ചെറിയ ലക്ഷ്യമെന്ന് തോന്നിച്ചെങ്കിലും ലങ്കയ്ക്ക് അനാവശ്യമായി ഒരു റണ്‍സ് പോലും ഇന്ത്യ കൊടുത്തില്ല. ആദ്യ നാലോവറില്‍ തന്നെ ലങ്കന്‍ മുന്‍നിരയിലെ മൂന്നു പേരെ തിരിച്ചയയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

അപകടകാരിയായ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടുവിനെ പുറത്താക്കി ടിറ്റസ് സന്ധുവാണ് കളിയിലേക്ക് ഇന്ത്യയെ തിരിച്ചെത്തിച്ചത്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള അട്ടപ്പട്ടു 12 പന്തില്‍ ഒരു സിക്‌സറും ഫോറും അടിച്ചാണ് പുറത്തായത്. 3 വിക്കറ്റിന് 14 റണ്‍സില്‍ നിന്ന് അവര്‍ വീണ്ടും സടകുടഞ്ഞ് എണീറ്റതോടെ ഇന്ത്യ വീണ്ടും ബാക്ക്ഫുട്ടിലായി.

മധ്യനിരയില്‍ ഹസീനി പെരേര (25), നികാഷി ഡിസില്‍വ (23) എന്നിവര്‍ കത്തിക്കയറിയതോടെ ഒരുഘട്ടത്തില്‍ 8 വരെ എത്തിയ ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് വീണ്ടും 6 ലേക്ക് കൂപ്പുകുത്തി. ഈ സമയത്താണ് ഹസീനി പെരേരയെ രജേശ്വരി ഗെയ്ക്ക്‌വാദ് പുറത്താക്കുന്നത്. മല്‍സരത്തിലെ ടേണിംഗ് പോയിന്റുകളില്‍ ഒന്നായി ഇതു മാറി.

അവസാന അഞ്ചോവറില്‍ ഇന്ത്യ ബൗളിംഗ് കൊണ്ടും ഫീല്‍ഡിംഗിലൂടെയും എതിരാളികളെ വരിഞ്ഞുമുറുക്കി. ഇതോടെ ലങ്ക റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടി. അവസാനം ഇന്ത്യ കാത്തിരുന്ന ജയവും സ്വര്‍ണവും ഒപ്പം പോന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്മൃതി മന്ദാനയും ഷഫാലി വര്‍മയും കൂടിയുള്ള ഓപ്പണിംഗ് കൂട്ടുകെട്ട് ക്ലിക്കായില്ല. തുടക്കത്തിലേ റണ്‍സ് കണ്ടെത്താന്‍ കുഴങ്ങിയ ഷഫാലി ഒടുവില്‍ 15 പന്തില്‍ വെറും 9 റണ്‍സെടുത്ത് പുറത്തായി.

ബൗണ്ടറിയിലേക്കുള്ള ദൂരം വളരെ അടുത്താണെങ്കിലും ചൈനയിലെ പിച്ച് അത്ര ബാറ്റിംഗിനെ സഹായിക്കുന്നതായിരുന്നില്ല. പിച്ച് വളരെ സ്ലോ ആയതു ബാറ്റര്‍മാരുടെ ടൈമിംഗിനെ ബാധിച്ചു. ഗംഭീര ഫോമില്‍ കളിക്കുന്ന സ്മൃതി പോലും പതറി.

റണ്‍സ് കണ്ടെത്താന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെട്ടെങ്കിലും വിക്കറ്റ് കളയാതെ മുന്നോട്ടു പോയത് ടീമിന് ഗുണം ചെയ്തു. രണ്ടാം വിക്കറ്റില്‍ ജെനിമാ റോഡ്രിഗസും സ്മൃതിയും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തത് ഇന്ത്യയ്ക്ക് പിടിവള്ളിയായി മാറി.

15 ഓവറില്‍ 2 വിക്കറ്റിന് 89 റണ്‍സെന്ന നിലയിലായിരുന്നു സ്മൃതി പുറത്താകുമ്പോള്‍ ഇന്ത്യ. അവസാന അഞ്ചോവറില്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യാമെന്ന പ്രതീക്ഷ പക്ഷേ ഇന്ത്യയ്ക്ക് ഫലത്തിലെത്തിക്കാനായില്ല.

45 പന്തില്‍ നിന്നും ഒരു സിക്‌സറും 4 ഫോറും ഉള്‍പ്പെടെ 46 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. താരത്തിന്റെ ട്വന്റി-20 കരിയറിലെ തന്നെ ഏറ്റവും പതിഞ്ഞ ഇന്നിംഗ്‌സാണ് ചൈനയില്‍ പിറന്നത്. എന്നാല്‍ ആ മെല്ലെപ്പോക്ക് ഇന്ത്യയെ സേഫ് ആക്കിയെന്ന് പറയാം.

ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത പിച്ചില്‍ തുടക്കത്തിലേ വിക്കറ്റുകള്‍ പോയിരുന്നെങ്കില്‍ വലിയ തിരിച്ചടി ഇന്ത്യയ്ക്ക് നേരിടേണ്ടി വന്നേനെ. അവസാന 30 പന്തില്‍ 26 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

ക്രീസില്‍ പിടിച്ചു നിന്ന് കളിച്ച സ്മൃതിക്കും റോഡ്രിഗസിനും ഒഴികെ മറ്റാര്‍ക്കും ബാറ്റിംഗില്‍ താളംകണ്ടെത്താന്‍ സാധിച്ചതുമില്ല. പിച്ചിന്റെ സ്വഭാവം തിരിച്ചറിഞ്ഞ് കൃത്യമായി മുന്നോട്ടു പോയ സ്മൃതി-റോഡ്രിഗസ് സഖ്യം തന്നെയാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.

Related Articles

Back to top button