CricketIPL

വിഷ്ണു വിനോദിന് മുംബൈ ഇന്ത്യന്‍സില്‍ പുതുറോള്‍? പരീക്ഷണം റിലയന്‍സ് വണ്ണില്‍!!

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ അപൂര്‍വം മലയാളി താരങ്ങളില്‍ ഒരാളാണ് വിഷ്ണു വിനോദ്. ഒറ്റയ്ക്ക് കളിയുടെ റിസല്‍ട്ട് മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് ഈ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍.

മുമ്പ് ഐപിഎല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കായി കളിച്ചെങ്കിലും കാര്യമായ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണ വിഷ്ണു എത്തപ്പെട്ടത് പ്രതിഭകളെ കൃത്യമായി ഉപയോഗിക്കുന്ന മുംബൈ ഇന്ത്യന്‍സ് നിരയിലാണ്.

ആളെ തികയ്ക്കാന്‍ കളിക്കാരെ ടീമിലെത്തിക്കുന്ന സമീപനമല്ല മുംബൈയുടേത്. അവര്‍ എടുക്കുന്ന താരങ്ങളില്‍ മാനേജ്‌മെന്റിന് കൃത്യമായ പദ്ധതികളുണ്ട്. വിഷ്ണു മുംബൈ നിരയിലെത്തുമ്പോള്‍ താരത്തിന് തന്റെ ഇഷ്ടപൊസിഷനായ ഓപ്പണിംഗ് റോള്‍ കിട്ടാന്‍ സാധ്യതയില്ല.

വിഷ്ണുവിനെ മുംബൈ ഫിനിഷര്‍മാരുടെ റോളിലാകും കൂടുതല്‍ പരിഗണിക്കുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍. മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ട്വന്റി-20 ടൂര്‍ണമെന്റില്‍ വിഷ്ണു കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട റിലയന്‍സ് വണ്‍ ടീമിനു വേണ്ടിയാണ് വിഷ്ണു പാഡണിയുന്നത്.

ഈ ടീമില്‍ മറ്റൊരു മുംബൈ ഇന്ത്യന്‍ താരം തിലക് വര്‍മയും കളിക്കുന്നുണ്ട്. ഓപ്പണിംഗ് റോളിലേക്ക് താരതമ്യേന പുതുമുഖ താരങ്ങളെ നിയോഗിച്ച് വിഷ്ണുവിനെ മധ്യനിരയിലാണ് ബാറ്റിംഗിന് ഇറക്കിയത്. ഇതു തന്നെയാണ് വിഷ്ണുവിന്റെ റോള്‍ മാറ്റത്തില്‍ സംശയം നിലനില്‍ക്കുന്നത്.

അപാര ടൈമിംഗും ഹാന്‍ഡ് പവറുമുള്ള താരമാണ് വിഷ്ണു. അതുകൊണ്ട് തന്നെ അവസാന ഓവറുകളില്‍ പെട്ടെന്ന് സ്‌കോര്‍ ചെയ്യാന്‍ ഒരു പ്രശ്‌നവുമില്ല. ജയന്‍ ഇറിഗേഷന്‍ ടീമിനെതിരേ അഞ്ചാമനായി ക്രീസിലെത്തിയ വിഷ്ണു 4 പന്തില്‍ 9 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ടീമിനെ അവസാന ഓവറില്‍ ജയത്തിലെത്തിച്ചിരുന്നു.

അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. 2022 ല്‍ ഹൈദരാബാദ് താരമായിരുന്നു വിഷ്ണു. കേരളത്തില്‍നിന്ന് പത്ത് താരങ്ങള്‍ മിനി ലേലത്തിന്റെ ഭാഗമായപ്പോള്‍ ടീമുകള്‍ തിരഞ്ഞെടുത്തത് മൂന്നു പേരെ മാത്രമാണ്.

മുംബൈയ്ക്കായി ഇഷാന്‍ കിഷനായിരിക്കും അടുത്ത സീസണില്‍ വിക്കറ്റ് കാക്കുക. അതുകൊണ്ടു തന്നെ നായകന്‍ രോഹിത് ശര്‍മ ഏതു രീതിയിലാകും വിഷ്ണുവിനെ ഉപയോഗിക്കുകയെന്ന് കണ്ടറിയണം. മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുക.

Related Articles

Back to top button