CricketIPL

മുംബൈയുടെ അടിതെറ്റിച്ചത് ‘4’ പന്തിലെ ധോണി വിസ്മയം; ഒരൊറ്റ ഓവറില്‍ ചെന്നൈയ്ക്ക് ലോട്ടറി!!

ഇരുടീമിന്റെയും 3 വീതം നഷ്ടമായ 19 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം വെറും 7 റണ്‍സ് മാത്രം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയപ്പോള്‍ താരമായത് എംഎസ് ധോണിയെന്ന ഇതിഹാസ താരം തന്നെ. കിടിലന്‍ സെഞ്ചുറിയുമായി മുംബൈ ഇന്ത്യന്‍സില്‍ തുടക്കം മുതല്‍ ഒടുക്കം വരെ രോഹിത് ശര്‍മ നിറഞ്ഞു നിന്നിട്ടും വെറും 4 പന്ത് നേരിട്ട ധോണിയുടെ ഇന്നിംഗ്‌സിന്റെ ഇംപാക്ടിന്റെ മൂല്യം വളരെ വലുതാണ്.

ധോണിയുടെ നാലു പന്തുകള്‍ മാത്രം നീണ്ട ഇന്നിംഗ്‌സിന്റെ വില മനസിലാകണമെങ്കില്‍ രണ്ട് ടീമിന്റെയും അവസാന 6 പന്തുകള്‍ നോക്കണം. ആദ്യം ബാറ്റുചെയ്ത ചെന്നൈ 19 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലായിരുന്നു. ആഞ്ഞടിച്ചാല്‍ 200 കടക്കാന്‍ മാത്രം കഴിയുന്ന അവസ്ഥ.

ഇനി മറുപടി ബാറ്റിംഗില്‍ മുംബൈയുടെ ഇന്നിംഗ്‌സിലെ 19 ഓവറിലെ സ്‌കോര്‍ നോക്കാം. രോഹിത് ശര്‍മ ക്രീസില്‍ നില്‍ക്കുന്ന അവസ്ഥയില്‍ 3 വിക്കറ്റിന് 173 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. വിക്കറ്റുകള്‍ ഇരുടീമിന്റെയും 3 വീതം നഷ്ടമായ 19 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം വെറും 7 റണ്‍സ് മാത്രം.

അവസാന ഓവറില്‍ ചെന്നൈ 10-12 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നതെങ്കില്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് അവസാന ഓവറില്‍ 20 റണ്‍സില്‍ താഴെയാകുമായിരുന്നു. ഇവിടെയാണ് ധോണി വെറും 4 പന്തില്‍ കളിയുടെ ജാതകം മാറ്റിയെഴുതിയത്.

ഇരുപതാം ഓവറിലെ രണ്ടാംപന്തില്‍ ഡാരെല്‍ മിച്ചല്‍ 14 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്രീസിലെത്തിയ ധോണിക്ക് ബാക്കിയുള്ളത് വെറും 4 പന്തുകള്‍ മാത്രം. ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ ഓവറിലെ മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയ ധോണി അവസാന പന്തില്‍ 2 റണ്‍സ് കൂടി തികച്ചതോടെ ആ ഓവറില്‍ പിറന്നത് 26 റണ്‍സ്.

ധോണി 4 പന്തില്‍ 20 റണ്‍സും. 500 സ്‌ട്രൈക്ക് റേറ്റിലെ ഈ വെടിക്കെട്ട് തന്നെയാണ് ചെന്നൈയെ 200 കടത്തിയതും മുംബൈയെ ജയത്തിന് 20 റണ്‍സ് അകലെ നിര്‍ത്തിയതും. ട്വന്റി-20യില്‍ എത്രനേരം ക്രീസില്‍ നില്‍ക്കുന്നുവെന്നതല്ല ഇംപാക്ടിനാണ് പ്രാധാന്യമെന്ന് തെളിയിച്ചതായി ധോണിയുടെ 4 പന്തുകള്‍.

ധോണിയുടെ മാജിക്കല്‍ ഇന്നിംഗ്‌സ് ഇല്ലായിരുന്നെങ്കില്‍ 200ല്‍ താഴെ മുംബൈയുടെ ലക്ഷ്യം ഒതുങ്ങിയേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അനായാസം മല്‍സരം സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും സാധിച്ചേനെ. ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിവായെങ്കിലും ഇംപാക്ടില്‍ ഇപ്പോഴും പുലിയാണെന്ന് ധോണി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

Related Articles

Back to top button