Cricket

പേസര്‍മാര്‍ കത്തിക്കയറി; ഓസ്‌ട്രേലിയയില്‍ ജയിച്ചു കയറി ടീം ഇന്ത്യ!

ട്വന്റി-20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യയ്ക്ക് ആദ്യ അനൗദ്യോഗിക പരിശീലന മല്‍സരത്തില്‍ തകര്‍പ്പന്‍ ജയം. ശക്തരായ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ 13 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിംഗും അടക്കമുള്ള ഇന്ത്യന്‍ ബൗളിംഗ് നിര തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ഒരുഘട്ടത്തില്‍ 12 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്ത്താന്‍ പേസര്‍മാര്‍ക്ക് സാധിച്ചിരുന്നു. അര്‍ഷദീപ് ആയിരുന്നു ഏറ്റവും പ്രഹരശേഷിയോടെ പന്തെറിഞ്ഞത്. മൂന്നോവറില്‍ വെറും 6 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് ഈ ഇടംകൈയന്‍ പേസര്‍ നേടിയത്. ചഹാല്‍ 16 റണ്‍സിനും ഭുവി 26 റണ്‍സിന് രണ്ടും വിക്കറ്റും വീതം വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത് 20 ഓവറില്‍ 6 വിക്കറ്റിന് 158 റണ്‍സാണ് ടീം ഇന്ത്യ സ്‌കോര്‍ ചെയ്തത്. പതിവുപോലെ സൂര്യകുമാര്‍ യാദവിന്റെ ആളിക്കത്തലാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പ്രധാന സംഭവം. സൂര്യയ്‌ക്കൊപ്പം ഹര്‍ദിക് പാണ്ഡ്യയും ശ്രദ്ധേയ സംഭാവന നല്‍കി. 35 പന്തില്‍ നിന്നും 52 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. പാണ്ഡ്യ 20 പന്തില്‍ 29 റണ്‍സെടുത്തു.

ആദ്യ പത്തോവറില്‍ 73 റണ്‍സായിരുന്നു ഇന്ത്യ എടുത്തത്. മൂന്നു വിക്കറ്റും നഷ്ടമായിരുന്നു. ദീപക് ഹൂഡ (22), റിഷാഭ് പന്ത് (9), രോഹിത് ശര്‍മ (3) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. അടുത്ത ദിവസം മറ്റൊരു അനൗദ്യോഗിക പരിശീലന മല്‍സരത്തിലും ടീം ഇറങ്ങുന്നുണ്ട്.

Related Articles

Back to top button