Cricket

ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പിച്ചില്‍ ഇന്ത്യ കാണിച്ച കള്ളത്തരം നേരിട്ടു കണ്ടു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൈഫ്

ഇന്ത്യന്‍ ആരാധകരുടെയൊന്നാകെ ഹൃദയം തകര്‍ത്ത മത്സരമായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനല്‍.

ഫൈനലിലെ തോല്‍വി ഇന്ത്യ ചോദിച്ചു വാങ്ങിയതാണെന്ന് ഇപ്പോള്‍ തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഫൈനലില്‍ ഓസ്ട്രലിയക്കെതിരേ ഇന്ത്യന്‍ ടീം പിച്ചില്‍ അമിതമായി കൈ കടത്തിയെന്നും ഒടുവില്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നുവെന്നും കൈഫ് വ്യക്തമാക്കി. ഫൈനല്‍ ഇന്ത്യന്‍ ടീമിനു അനുകൂലമാക്കാന്‍ പിച്ച് കൂടുതല്‍ സ്ലോയാക്കാന്‍ ബിസിസിഐയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫൈനലിലെ പിച്ചില്‍ വന്ന മാറ്റങ്ങള്‍ തനിക്കു നേരിട്ടു കാണാന്‍ സാധിച്ചിട്ടുള്ളതായും കൈഫ് തുറന്നു പറഞ്ഞു. കഴിഞ്ഞ നവംബര്‍ 19നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കലാശപ്പോരാട്ടം.

ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെ ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരില്‍ ഓസീസിനോട് ആറുവിക്കറ്റിന്റെ തോല്‍വി വഴങ്ങുകയായിരുന്നു.

ബാറ്റിംഗ് പരാജയമാണ് ഇന്ത്യയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 240 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ട്രവിസ് ഹെഡിന്റെ ഉജ്ജ്വല സെഞ്ചുറിയുടെ ബലത്തില്‍ 43 ഓവറില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കാണുകയായിരുന്നു.

ഫൈനലിനു മൂന്നു ദിവസം മുമ്പ് താന്‍ മല്‍സരവേദിയായ അഹമ്മദാബാദിലുണ്ടായിരുന്നതായി കൈഫ് വ്യക്തമാക്കി. ഫൈനലിനു മുമ്പുള്ള ഓരോ ദിവസവും രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും പിച്ച് പരിശോധിച്ചിരുന്നു.

ഒരു മണിക്കൂറെങ്കിലും എല്ലാ ദിവസവും അവര്‍ പിച്ചിനു സമീപത്തു നില്‍ക്കുകയും ചെയ്തു. പിച്ചിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നത് ഞാന്‍ നേരിട്ടു കണ്ടിട്ടുളളതാണ്.

പിച്ച് ഒട്ടും തന്നെ നനച്ചിരുന്നില്ല, ട്രാക്കില്‍ പുല്ലും തീരെ ഇല്ലായിരുന്നു. ഓസ്ട്രേലിയക്കു സ്ലോ ട്രാക്ക് നല്‍കാനായിരുന്നു ഇന്ത്യ ശ്രമിച്ചത്. ആളുകള്‍ വിശ്വസിച്ചില്ലെങ്കിലും ഇതാണ് സത്യമെന്നും ലല്ലന്‍ടോപ്പ് എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കൈഫ് വെളിപ്പെടുത്തി.

ഓസ്ട്രേലിയന്‍ ടീമില്‍ പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക് എന്നിവരടക്കമുള്ളവരെല്ലാം ഉള്ളതു കൊണ്ടാണ് അവര്‍ക്കു ഫൈനലില്‍ സ്ലോ പിച്ച് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതു നമ്മുടെ പിഴവായിരുന്നു.

നമ്മള്‍ പിച്ചില്‍ കൈകടത്താറില്ലെന്നും ക്യുറേറ്റര്‍മാര്‍ സ്വന്തമായി തന്നെ പിച്ചുകള്‍ തയ്യാക്കുന്നതാണെന്നും പറയുന്നത് ശുദ്ധ അസംബന്ധമാണ്.

നിങ്ങള്‍ പിച്ചിനു ചുറ്റും നടക്കുമ്പോള്‍ രണ്ടു വരികള്‍ മാത്രമേ പറയാനുള്ളൂ. ദയവു ചെയ്ത് പിച്ച് നനയ്ക്കരുത്, പുല്ല് കുറയ്ക്കണം എന്നിവയാണിത്. ഇതു സംഭവിക്കും, ഇതു സത്യവുമാണ്. അതു ചെയ്യുകയും വേണം. നിങ്ങള്‍ സ്വന്തം നാട്ടിലാണ് കളിക്കുന്നത്. അന്നു നമ്മള്‍ കുറച്ച് കൂടുതലായി തന്നെ പിച്ചിന്മേല്‍ കൈ കടത്തുകയും ചെയ്തതായും കൈഫ് വിശദമാക്കി.

ലോകകപ്പില്‍ ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടന്ന ആദ്യ കളിയിലേറ്റ പരാജയത്തില്‍ നിന്നും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പാഠമുള്‍ക്കൊണ്ടതായും അതു ഫൈനലില്‍ അദ്ദേഹം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും കൈഫ് ചൂണ്ടിക്കാട്ടി.

സ്ലോ പിച്ചില്‍ തുടക്കത്തില്‍ ബാറ്റിംഗ് കടുപ്പമായിരിക്കുമെന്നു അദ്ദേഹത്തിനു മനസ്സിലായി. ഫൈനലില്‍ സാധാരണയായി ടോസ് ലഭിച്ചാല്‍ ആരും ആദ്യം ഫീല്‍ഡ് ചെയ്യില്ല, പക്ഷെ കമ്മിന്‍സ് അതു ചെയ്തു. പിച്ചില്‍ അമിതമായി കൈകടത്തിയതാണ് നമുക്ക് പണി തന്നതെന്നും കൈഫ് പറഞ്ഞു.

Related Articles

Back to top button