Cricket

ഇന്ത്യന്‍ ടീം അടിമുടി മാറും; ചുക്കാന്‍ പിടിക്കുക യുവനിര!

ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലില്‍ അപ്രതീക്ഷിത തോല്‍വിയോടെ തിരിച്ചു വണ്ടി കയറിയ ടീം ഇന്ത്യയില്‍ അടിമുടി മാറ്റമുണ്ടാകും. 2024 ല്‍ വിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിന് യുവനിരയാകും ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുക. ഇക്കാര്യത്തില്‍ ബിസിസിഐയില്‍ ഏകദേശ ധാരണയായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തവണ ടീമിനെ അയച്ചതില്‍ സീനിയര്‍ താരങ്ങളെ കുത്തിക്കയറ്റിയതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദിനേഷ് കാര്‍ത്തിക്കിനെ പോലെ കിട്ടിയ അവസരങ്ങളൊന്നും ഉപയോഗിക്കാത്ത താരങ്ങളെ വീണ്ടും വീണ്ടും കളിപ്പിക്കുന്നതും മുന്‍കാല താരങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത്തവണ ലോകകപ്പിന് എത്തിയ ടീമുകളില്‍ ഏറ്റവും പ്രായക്കൂടുതലുള്ള സംഘവും ഇന്ത്യയുടേതായിരുന്നു.

ഹര്‍ദിക് പാണ്ഡ്യയ്ക്ക് സ്ഥിരം നായകപദവി നല്‍കി തലമുറമാറ്റം തന്നെയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ നേതൃശേഷി ഉണ്ടെന്ന് പാണ്ഡ്യ ഐപിഎല്ലിലും ഇന്ത്യയെ നയിക്കാന്‍ കിട്ടിയ ചെറിയ അവസരങ്ങളിലും തെളിയിച്ചിരുന്നു. കളിക്കാരെ ഉത്തേജിപ്പിച്ച് നിര്‍ത്തുന്നതില്‍ പാണ്ഡ്യയുടെ രീതി വലിയ പ്രശംസ നേടിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പ്രകടിപ്പിക്കുന്ന ഒരുപിടി താരങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. പൃഥ്വി ഷാ, സഞ്ജു സാംസണ്‍, ഉമ്രാന്‍ മാലിക്ക്, രവി ബിഷ്‌ണോയ് തുടങ്ങിയ താരങ്ങളെല്ലാം തങ്ങള്‍ ഭാവിയുടെ താരങ്ങളാണെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വേണ്ടത്ര അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ തയാറാകുന്നില്ലെന്നത് സത്യമാണ്.

2024 ലോകകപ്പിലേക്ക് ഇപ്പോഴെ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലേ നല്ലൊരു സംഘത്തെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. അതിനായി ഇപ്പോഴേ ദൗത്യം തുടങ്ങേണ്ടിയിരിക്കുന്നു. മറ്റൊന്നുള്ളത് പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രാഗത്ഭ്യത്തെക്കുറിച്ചാണ്. ഇതിഹാസ താരം തന്നെയായിരുന്നു ദ്രാവിഡെന്നത് ശരിതന്നെ. പക്ഷേ കോച്ചെന്ന നിലയില്‍ അദേഹം ഇപ്പോഴും ശരാശരിക്കും താഴെയാണ്. ഇന്ത്യയുടെ ലോംഗ് ടേം പ്ലാനിംഗില്‍ ദ്രാവിഡിനെ ഉള്‍പ്പെടുത്താതെ ഇരിക്കുന്നതാകും നല്ലക്.

Related Articles

Back to top button