Cricket

ഈ ഐപിഎല്‍ സീസണു ശേഷം ധോണി വിരമിക്കുമോ ? ഇതിഹാസ താരത്തിന്റെ സുഹൃത്തിന്റെ ഉത്തരം ഇങ്ങനെ…

ഈ ഐപിഎല്‍ സീസണ്‍ കഴിയുന്നതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പ്രൊഫഷണല്‍ ക്രിക്കറ്റ് അവസാനിപ്പിക്കുമോയെന്ന ചോദ്യം പതിവു പോലെ ഉയരുന്നുണ്ട്.

കഴിഞ്ഞ ഏതാനും സീസണായി ഈ ചോദ്യം ഉയരുന്നുണ്ടെങ്കിലും ധോണി ആ ചോദ്യങ്ങളെ കാറ്റില്‍ പറത്തുകയാണ് പതിവ്.

ഇപ്പോഴിതാ മഹിയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ച് ധോണിയുടെ ബാല്യകാല സുഹൃത്ത് പരംജിത് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്.

പ്രായവും കാല്‍മുട്ടിന്റെ പ്രശ്നവും കാരണം മഹിക്ക് ഐപിഎല്‍ 2024ന് ശേഷം വിട പറഞ്ഞേക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കഴിഞ്ഞ സീസണിന് ശേഷം കാല്‍മുട്ടിന്റെ ഗുരുതരമായ പരിക്കിന് ധോണി ചികിത്സ നേടിയതാണ്. അതിനാല്‍ തന്നെ ഭാവിയില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്യാന്‍ ധോണിയ്ക്ക് കഴിയുമോ എന്ന കാര്യത്തിലുള്‍പ്പെടെ സംശയമുണ്ട്.

ഭാവിയില്‍ ഒരു ബാറ്റര്‍ എന്ന നിലയിലും ധോണിക്ക് ചെയ്യാന്‍ കഴിയുന്ന സംഭാവനയെക്കുറിച്ച് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നു.

വിമല്‍ കുമാറിനോട് സംസാരിക്കവെ, ടൂര്‍ണമെന്റില്‍ തുടരാന്‍ തക്ക ശാരീരിക ക്ഷമത ധോണിക്ക് ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞു. ”വരാനിരിക്കുന്ന സീസണിന് ശേഷം അദ്ദേഹം വിരമിക്കാന്‍ വഴിയില്ല. രണ്ട് സീസണുകള്‍ കൂടി കളിക്കാന്‍ തക്ക ശാരീരിക ക്ഷമത അദ്ദേഹത്തിനുണ്ട്.. ഐപിഎല്‍ 2025ല്‍ അദ്ദേഹം കളിക്കും”പരംജിത് സിംഗ് പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റനാണ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി അഞ്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ താരത്തിനായി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് സിഎസ്‌കെ പരാജയപ്പെടുത്തിയത്. അതേസമയം, സിഎസ്‌കെയുടെ പ്രീ-സീസണ്‍ ക്യാമ്പില്‍ ചേരുന്നതിന് മുമ്പ് ധോണി പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

Related Articles

Back to top button