Cricket

ഓസ്‌ട്രേലിയയുടെ ‘ഇടംകൈ’ തകര്‍ത്ത് ഇന്ത്യന്‍ തന്ത്രം ! പദ്ധതി 100 ശതമാനം വിജയം!!

നാഗ്പൂരില്‍ ഇന്ത്യയൊരുക്കിയ ചതിക്കുഴിയില്‍ വീണ് തകര്‍ന്ന് ഓസീസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ തച്ചുതകര്‍ത്തത് ഇന്ത്യ കളിയ്ക്കു മുമ്പ് പിച്ചില്‍ നടപ്പാക്കിയ തന്ത്രമായിരുന്നു.

മത്സരത്തിനു മുമ്പ് പിച്ചില്‍ വെള്ളം നനച്ച രീതി ചര്‍ച്ചയായിരുന്നു. ഇടംകൈയ്യന്‍ ബാറ്റര്‍മാരുടെ ഓഫ്സ്റ്റംപിനു പുറത്തുള്ള സ്ഥലം മാത്രം നനയ്ക്കാതിരുന്നത് ഇന്ത്യയുടെ ഗൂഢതന്ത്രമായാണ് വിലയിരുത്തപ്പെട്ടത്.

അക്ഷരാര്‍ഥത്തില്‍ നാഗ്പൂരിലെ പിച്ച് ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായി മാറുകയായിരുന്നു.

ഇടംകൈയ്യന്‍ ഓപ്പണര്‍മാരായ വാര്‍ണറും ഖവാജയും ഓരോ റണ്‍സ് വീതമെടുത്ത് പുറത്തായപ്പോള്‍ ടോപ്പ് ഓര്‍ഡറിലുള്ള മറ്റൊരു ഇടംകൈയ്യന്‍ മാറ്റ് റെന്‍ഷോ സംപൂജ്യനായി.

മറ്റൊരു ഇടംകൈയ്യന്‍ ബാറ്ററായ സ്പിന്നര്‍ ടോഡ് മര്‍ഫിയും റണ്ണെടുക്കും മുമ്പ് പുറത്തായി.

ഇടംകൈയ്യന്മാരില്‍ വിക്കറ്റ്കീപ്പര്‍ അലക്‌സ് കാരി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 33 പന്തില്‍ 36 റണ്‍സെടുത്ത കാരിയെ അശ്വിന്‍ ബൗള്‍ഡാക്കി. ടോഡ് മര്‍ഫിയെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്.

ഡേവിഡ് വാര്‍ണറിനെ ഷമിയും ഖവാജയെ സിറാജും പുറത്താക്കിയപ്പോള്‍ രവീന്ദ്ര ജഡേജയ്ക്കാണ് മാറ്റ് റെന്‍ഷോയുടെ വിക്കറ്റ്.

മാര്‍നസ് ലബുഷെയ്ന്‍(49),സ്റ്റീവന്‍ സ്മിത്ത്(37),പീറ്റര്‍ ഹാന്‍ഡ്‌കോംബ്(31) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ മൂന്നു വിക്കറ്റും ഷമി, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 177 റണ്‍സില്‍ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു.

ഇടംകൈയ്യന്‍ ബാറ്റര്‍മാരില്‍ അലക്‌സ് കാരിയ്ക്ക് മാത്രമാണ് ഒരു റണ്‍സില്‍ കൂടുതല്‍ നേടാനായത് എന്നത് ഇന്ത്യയുടെ തന്ത്രം 100 ശതമാനം വിജയിച്ചതിന്റെ തെളിവാണ്.

Related Articles

Back to top button