FootballISL

അടിമുടി ‘മുഖംമിനുക്കല്‍’ ലക്ഷ്യമിട്ട് എസ്ഡി; വന്‍ പൊളിച്ചെഴുത്തിന് മാനേജ്‌മെന്റ്!!

ഈ സീസണില്‍ തുടക്കത്തില്‍ തകര്‍ത്തു കളിച്ച ശേഷം ഡിസംബര്‍ ഇടവേള മുതല്‍ തൊട്ടതെല്ലാം പിഴയ്ക്കുന്നതിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. പ്രധാന താരങ്ങളുടെയെല്ലാം പരിക്കും ഫോം മങ്ങിയതുമെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ ഷീല്‍ഡ് പോരാട്ടങ്ങളെ ബാധിച്ചു.

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് വലിയ ഉടച്ചുവാര്‍ക്കലിനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. മഞ്ഞപ്പടയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഇത്തവണ മെഡിക്കല്‍ ടീം ആയിരുന്നു. പ്രധാന താരങ്ങളടക്കം പരിക്കേറ്റവരുടെ എണ്ണം റിക്കാര്‍ഡായിരുന്നു. ചെറിയതായി പരിക്കേറ്റവര്‍ക്ക് പോലും ദീര്‍ഘകാലം കളത്തിനു പുറത്തു നില്‍ക്കേണ്ടി വന്നു.

ഇത്തരത്തില്‍ മെഡിക്കല്‍ ടീമിന്റെ പ്രകടനത്തില്‍ കോച്ചും മാനേജ്‌മെന്റും തൃപ്തരല്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. അടുത്ത സീസണില്‍ മെഡിക്കല്‍ ടീമില്‍ വലിയ മാറ്റത്തിനാണ് ഒരുങ്ങുന്നത്. മെഡിക്കല്‍ ടീമിനെ പുതുക്കി പണിയുമെന്ന സൂചനകളാണ് നമ്മുക്ക് ലഭിക്കുന്നത്.

മറ്റൊന്ന് വിദേശ താരങ്ങളുടെ കാര്യത്തിലാണ്. അഡ്രിയാന്‍ ലൂണ ഒഴികെ ഏതൊക്കെ താരങ്ങള്‍ ടീമിനൊപ്പം നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമാണ്. ദിമിത്രിയോസ് മികച്ച ഫോമില്‍ ഗോളടിച്ചു കൂട്ടുന്നുണ്ടെങ്കിലും അടുത്ത തവണ മഞ്ഞ ജേഴ്‌സിയില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

പുതിയ കരാര്‍ ഒപ്പിടുന്നതിന് വലിയ പ്രതിഫല വര്‍ധനവാണ് ദിമി ചോദിക്കുന്നത്. ചെറിയ പൈസയ്ക്ക് കളിക്കാരെ ടീമില്‍ നിലനിര്‍ത്തുകയെന്ന നയമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പിന്തുടരുന്നത്. അതുകൊണ്ട് തന്നെ ഗ്രീക്ക് താരത്തിന്റെ ആവശ്യത്തിനോട് നോ പറയുമെന്നാണ് വിവരം.

മാനേജ്‌മെന്റ് മുന്നോട്ടുവച്ച ഓഫര്‍ ദിമി തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതിലും കൂടുതല്‍ പ്രതിഫലം ഐഎസ്എല്ലില്‍ നിന്നു തന്നെ മറ്റ് ക്ലബുകള്‍ക്ക് താരത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ ലഭിച്ച മൊഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് വന്‍ ഓഫര്‍ ദിമിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ഈ ഓഫര്‍ സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ ചില യുവതാരങ്ങളെ മൊഹമ്മദന്‍സും പഞ്ചാബ് എഫ്‌സിയും നോട്ടമിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിചിത മുഖങ്ങളില്‍ ചിലത് അടുത്ത സീസണില്‍ ടീമിനൊപ്പം ഉണ്ടാകില്ല. കളിക്കാരല്ല ടീമാണ് പ്രധാനമെന്ന നയത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു പോകുന്നത്.

സീസണിന്റെ തുടക്കത്തില്‍ ടിക്കറ്റ് വില്‍പനയില്‍ അടക്കം വലിയ വരുമാനം ഉണ്ടാക്കാന്‍ മാനേജ്‌മെന്റിന് സാധിച്ചിരുന്നു. എന്നാല്‍ പ്രകടനം മോശമായതോടെ വരുമാനത്തില്‍ വലിയ ഇടിവും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കളിക്കാരെ പ്രത്യേക അഭിമുഖങ്ങള്‍ക്കായി വിട്ടുനല്‍കി പോലും വലിയതോതില്‍ വരുമാനമുണ്ടാക്കാന്‍ ക്ലബിന് പറ്റിയിരുന്നു.

Related Articles

Back to top button