Cricket

ലോകകപ്പ് കളിക്കാന്‍ വന്ന 7 ഓറഞ്ചുകാര്‍ ‘പൂജ്യത്തിന്’ പുറത്ത്; നാണംകെടുത്തിയത് മലയാളിയുടെ സംഘം!!

ഇത്തവണത്തെ ഐസിസി ഏകദിന ലോകകപ്പിലെ സര്‍പ്രൈസ് പാക്കേജാണ് നെതര്‍ലന്‍ഡ്‌സ്. സിംബാബ് വെയില്‍ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലൂടെയാണ് ഡച്ചുകാര്‍ ഇന്ത്യയിലേക്ക് ടിക്കറ്റെടുത്തത്. അതും ഏവരെയും ഞെട്ടിച്ച്.

വിന്‍ഡീസ്, അയര്‍ലന്‍ഡ്, സിംബാബ്‌വെ ടീമുകള്‍ക്ക് പോലും യോഗ്യത നേടാന്‍ സാധിക്കാതെ വന്നപ്പോഴും ഓറഞ്ചുകാര്‍ ലോകകപ്പിലേക്ക് വന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്ന ഒരുപിടി താരങ്ങളാണ് നെതര്‍ലന്‍ഡ്‌സിന്റെ ശക്തി.

സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഡച്ച് ക്രിക്കറ്റിന് ലോകകപ്പ് കളിക്കുന്നതിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് രൂപ ഗുണം ചെയ്യും. പ്രത്യേകിച്ച് ആഭ്യന്തര ക്രിക്കറ്റ് ശക്തിപ്പെടുത്താന്‍. ഡച്ച് ടീമിലെ പലരും മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറിയവരാണ്.

ലോകകപ്പിനായി ഇന്ത്യയില്‍ ആദ്യമെത്തിയ ടീമുകളിലൊന്നും നെതര്‍ലന്‍ഡ്‌സ് ആണ്. രണ്ടാഴ്ച്ചയായി അവര്‍ ഇന്ത്യയിലുണ്ട്. ബെംഗളൂരുവിലാണ് അവരുടെ പരിശീലന ക്യാംപ്. കര്‍ണാടക രഞ്ജി ടീമുമായി അവര്‍ ഇന്നലെ ഒരു മല്‍സരം കളിച്ചിരുന്നു.

ഈ മല്‍സരം ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. ലോകകപ്പ് കളിക്കുന്ന രാജ്യത്തെ നാണംകെടുത്തിയാണ് മനീഷ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ടീം വിട്ടത്. 142 റണ്‍സിനായിരുന്നു കര്‍ണാടകയുടെ ജയം.

265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡച്ചുകാര്‍ വെറും 123 റണ്‍സിന് ഓള്‍ഔട്ടായതല്ല അവരെ വിഷമിപ്പിക്കുന്നത്. നെതര്‍ലന്‍ഡ്‌സിനായി ബാറ്റുചെയ്തവരില്‍ ആദ്യത്തെ ഏഴു പേരും പുറത്തായത് ഒരു റണ്‍സ് പോലും എടുക്കാതെയാണ്.

പരിശീലന മല്‍സരത്തിലാണെങ്കിലും രാജ്യന്തര ടീമില്‍ ഇത്തരത്തില്‍ ആദ്യത്തെ 7 ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്താകുന്നത് ആദ്യത്തെ സംഭവമാണ്. കര്‍ണാടകയുടെ മലയാളി വേരുകളുള്ള ദേവ്ദത്ത് പടിക്കലാണ് കളിയിലെ താരം.

തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ദേവ്ദത്ത് 56 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറ്റൊരു മലയാളി ടച്ചുള്ള മനീഷ് പാണ്ഡെയാണ് കര്‍ണാടകയുടെ ക്യാപ്റ്റന്‍. മലപ്പുറത്തുകാരായ ബാബുനുവിന്റെയും അമ്പിളി പടിക്കലിന്റെയും മകനാണ് നന്നായി മലയാളം പറയുന്ന ദേവ്ദത്ത്.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് ബാറ്റര്‍മാര്‍ ശ്വാസം വിടുംമുമ്പേ അവരുടെ മുന്‍നിര തിരികെ പവലിയനില്‍ തിരിച്ചെത്തി. 14 ഓവര്‍ പിന്നിടുമ്പോള്‍ 9 വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു അവര്‍. കര്‍ണാടകയുടെ വിദ്വന്ത് കാവേരപ്പ (8 റണ്‍സിന് നാലുവിക്കറ്റ്), വി കൗശിഷ് 4/10) എന്നിവരുടെ ബൗളിംഗാണ് ഡച്ചുകാരെ തകര്‍ത്തത്.

പത്താംവിക്കറ്റില്‍ റിയാന്‍ ക്ലീനും പോള്‍ വാന്‍ മീക്കരനും ചേര്‍ന്നു 89 റണ്‍സെടുത്തിരുന്നില്ലെങ്കില്‍ വന്‍ നാണക്കേട് ഓറഞ്ച് ടീം സഹിക്കേണ്ടി വന്നേനെ. പരിശീലന മല്‍സരത്തിലെ തോല്‍വി കാര്യമാക്കുന്നില്ലെന്നാണ് കോച്ച് റയാന്‍ കുക്ക് പറയുന്നത്. ലോകകപ്പിന് മുമ്പ് ഇന്ത്യയുമായി ടീമിന് മല്‍സരമുണ്ട്.

Related Articles

Back to top button