Cricket

മുമ്പ് കളിച്ച രാജ്യത്തിനെതിരേ അമേരിക്കയ്ക്കായി തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ വംശജന്‍!! അപൂര്‍വ റെക്കോഡ്

അമേരിക്കയിലും വെസ്റ്റ്ഇന്‍ഡീസിലുമായി ജൂണില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

ലോകകപ്പിനു മുമ്പുള്ള കാനഡയുടെ അമേരിക്കന്‍ പര്യടനത്തില്‍ ട്വന്റി20 പരമ്പര 4-0ന് സ്വന്തമാക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നു.

പരമ്പരയിലെ മൂന്നാം മത്സരം ഒറ്റ പന്ത് പോലും എറിയാതെ ഉപേക്ഷിച്ചപ്പോള്‍ ശേഷിക്കുന്ന നാല് മത്സരത്തിലും ആതിഥേയര്‍ വിജയിച്ചു.

കഴിഞ്ഞ ദിവസം ഹ്യൂസ്റ്റണിലാണ് പരമ്പരയിലെ അവസാന മത്സരം നടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി.

രണ്ടു പന്തും നാലു വിക്കറ്റും ശേഷിക്കെ അമേരിക്ക മത്സരത്തില്‍ വിജയിക്കുകയായിരുന്നു. ഓപ്പണര്‍ നിതീഷ് കുമാറിന്റെയും മുന്‍ കിവീസ് സൂപ്പര്‍ താരം കോറി ആന്‍ഡേഴ്സണിന്റെയും അര്‍ധ സെഞ്ചുറികളുടെ കരുത്തിലാണ് യുഎസ്എ വിജയിച്ചുകയറിയത്.

38 പന്തില്‍ നാല് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 168.42 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ 64 റണ്‍സാണ് നിതീഷ് കുമാര്‍ നേടിയത്.

48 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയാണ് ആന്‍ഡേഴ്സണ്‍ പുറത്തായത്.

കാനഡക്കെതിരെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ നിതീഷ് കുമാറിനെ തേടി രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളാണ് താരത്തെ തേടിയെത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ മുമ്പ് കളിച്ച ടീമിനെതിരെ അര്‍ധ സെഞ്ചുറി നേടുന്ന ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടമാണ് ഇതിലൊന്ന്.

ഇതിന് പുറമെ രണ്ടാം ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടവും താരത്തിന് സ്വന്തമായി.

ഇപ്പോള്‍ അമേരിക്കക്കായി കളത്തിലിറങ്ങും മുമ്പ് കാനഡയുടെ താരമായിരുന്നു നിതീഷ്. 2019ല്‍, ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് നിതീഷ് കുമാര്‍ കാനഡക്കായി അര്‍ധ സെഞ്ചുറി നേടിയത്.

അന്ന് 36 പന്തില്‍ പുറത്താകാതെ 57 റണ്‍സാണ് താരം നേടിയത്. നിതീഷിന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ കാനഡ 50 റണ്‍സിന് വിജയിച്ചിരുന്നു.

കരിയറിലിതുവരെ 17 രാജ്യാന്തര മത്സരങ്ങളില്‍ കളിച്ച താരം 133.15 സ്‌ട്രൈക്ക് റേറ്റിലും 33.20 ശരാശരിയിലും 298 റണ്‍സാണ് നിതീഷ്‌കുമാര്‍ സ്വന്തമാക്കിയത്.

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ യുഎസ്എയുടെ പ്രധാന താരമാണ് നിതീഷ് കുമാര്‍. ടൂര്‍ണമെന്റിന്റെ ആതിഥേയരെന്ന നിലയിലാണ് അമേരിക്ക ലോകകപ്പിന് യോഗ്യത നേടിയത്.ജൂണ്‍ രണ്ടിനാണ് അമേരിക്കയുടെ ആദ്യ മത്സരം. കാനഡയാണ് എതിരാളികള്‍. ജൂണ്‍ 12നാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം.

Related Articles

Back to top button