CricketTop Stories

അങ്ങനെ ബാംഗ്ലൂരിനും ക്യാപ്റ്റനെ കിട്ടി

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആരു നയിക്കും എന്ന ചോദ്യത്തിന് ഉത്തരമായി. ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസിസ് ആയിരിക്കും ഈ സീസണില്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍. ആര്‍സിബി അണ്‍ബോക്‌സെന്ന പരിപാടിയില്‍ മുന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ് പുതിയ ക്യാപ്റ്റനെ അനൗണ്‍സ് ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാംഗ്ലൂര്‍ ക്യാപ്റ്റസിയെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിച്ചത്.

കഴിഞ്ഞ സീസണിലെ ക്യാപ്റ്റന്‍ കോഹ്ലി തന്നെ ഈ സീസണിലും ബാംഗ്ലൂരിനെ നയിക്കും എന്ന രീതിയില്‍ പല ന്യൂസുകളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ അത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പ്ലെസിസിനെ പുതിയ സീസണിലേക്ക് ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പ്ലെസിസിനും കോഹ്ലിക്കും പുറമെ മാക്‌സ്വെല്ലിനെയും ദിനേശ് കാര്‍ത്തിക്കിനെയും പരിഗണിച്ചിരുന്നു. കഴിഞ്ഞ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണിങ് ബാറ്റിസ്മാനായിരുന്നു പ്ലെസിസ്. എന്നാല്‍ ഇപ്രാവശ്യം ചെന്നൈ നിലനിര്‍ത്തിയ നാല് താരങ്ങളില്‍ പ്ലെസിസിന് സ്ഥാനം ലഭിച്ചില്ല.

ലേലത്തില്‍ തിരിച്ചു പിടിക്കാന്‍ ചെന്നൈ ശ്രമിച്ചെങ്കിലും ബാംഗ്ലൂര്‍ വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഏഴ് കോടി രൂപയ്ക്കാണ് ഡുപ്ലെസിസിനെ ബാംഗ്ലൂര്‍ കൂടാരത്തില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിന്റെ പകുതിക്കു തന്നെ കോഹ്ലി അടുത്ത സീസണില്‍ താന്‍ ക്യാപ്റ്റനായി ടീമില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. അതിനാല്‍ തന്നെ വര്‍ഷങ്ങളായി ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റനായ പ്ലെസിസിനെ ടീമില്‍ എത്തിക്കണം എന്ന ഉദേശത്തോടെ തന്നെയായിരുന്നു ബാംഗ്ലൂര്‍ പ്ലെസിസിനായി ലേലത്തില്‍ ഇറങ്ങിയത്. പുതിയ ക്യാപ്റ്റന്റെ കീഴില്‍ വര്‍ഷങ്ങളായി ആഗ്രഹിച്ച ഐപിഎല്‍ കിരീടം ഇപ്രാവശ്യം ബാംഗ്ലൂരില്‍ എത്തും എന്ന പ്രതീക്ഷയിലാണ് ആര്‍സിബി ആരാധകര്‍.

Related Articles

Leave a Reply

Back to top button