CricketIPL

ഒന്നിനു പുറകെ ഒന്നായി മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി!! വിദേശ ബൗളറും പുറത്ത്!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരവം ഉണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മുംബൈ ഇന്ത്യന്‍സിലെ പ്രതിസന്ധികള്‍ തുടരുന്നു. സൂപ്പര്‍ സ്‌ട്രൈക്കിംഗ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ പ്രതിരോധത്തിലായ രോഹിത് ശര്‍മയുടെ ടീമിന് മറ്റൊരു തിരിച്ചടി കൂടി.

ഓസ്‌ട്രേലിയന്‍ യുവഫാസ്റ്റ് ബൗളര്‍ ജേ റിച്ചാര്‍ഡ്‌സനാണ് പരിക്കേറ്റ് സീസണ്‍ നഷ്ടപ്പെട്ടവരുടെ ലിസ്റ്റിലെ രണ്ടാമന്‍. ബിഗ് ബാഷ് ലീഗിനിടെ ഏറ്റ പരിക്ക് ഭേദമാകാത്ത റിച്ചാര്‍ഡ്‌സനെ ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ടീമില്‍ ഉള്‍പ്പെടുത്തിയതുമില്ല.

ഐപിഎല്ലിലും താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് വിവിധ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി നാലിന് പേശീവലിന് തുടര്‍ന്ന് കളത്തില്‍ നിന്നും വിട്ടുനിന്ന റിച്ചാര്‍ഡ്‌സനു പിന്നീടിതു വരെ കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല.

ഇത്തവണത്തെ താരലേലത്തില്‍ 1.5 കോടി രൂപയ്ക്കാണ് റിച്ചാര്‍ഡ്‌സനെ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. മികച്ച ട്വന്റി-20 ബൗളറായ ഈ യുവതാരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാകും.

ഐപിഎല്ലില്‍ ഇതുവരെ മൂന്ന് മല്‍സരങ്ങള്‍ മാത്രമാണ് ഈ ഇരുപത്താറുകാരന്‍ കളിച്ചത്. ഇക്കോണമി 10ന് മുകളിലാണ് താനും. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍തോതില്‍ മെച്ചപ്പെട്ട കളിക്കാരന്‍ കൂടിയാണ് റിച്ചാര്‍ഡ്‌സണ്‍.

നിലവിലെ സാഹചര്യത്തില്‍ ബുംറയുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ കാര്യമായി ബാധിക്കില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ് ബുംറയുടേത്.

ഇത്തവണ ജോഫ്രാ ആര്‍ച്ചറും ജസ്പ്രീത് ബുംറയും ചേര്‍ന്ന് മുംബൈ പേസ് നിരയെ നയിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനുള്ളതിനാല്‍ ബുംറയുടെ ഫിറ്റ്നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു.

ആവശ്യത്തിന് വിശ്രമം നല്‍കി ലോകകപ്പിലേക്ക് ബുംറയെ പൂര്‍ണ ഫിറ്റ്നസിലേക്കെത്തിക്കാനാണ് ഇന്ത്യയുടെ പദ്ധതി. ലോകകപ്പിന് മുമ്പ് ബുംറയെ കളത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം. നിലവില്‍ ന്യൂസിലന്‍ഡില്‍ ചികിത്സയിലാണ് താരം.

 

Related Articles

Back to top button