Cricket

അംപയറോട് ചോദിക്കാതെ കൈയില്‍ തേച്ചു; മോയീന്‍ അലിക്ക് പണികിട്ടി!!

ക്രിക്കറ്റില്‍ അംപയര്‍മാര്‍ക്കുള്ളത്ര അധികാരം മറ്റ് കായിക ഇനങ്ങളില്‍ മറ്റ് റഫറിമാര്‍ക്ക് ഇല്ലെന്നതാണ് വാസ്തവം. അംപയറോട് കണ്ണിറുക്കി സംസാരിച്ചാല്‍ പോലും ചിലപ്പോള്‍ വിലക്കോ പിഴയോ കിട്ടിയേക്കാം. അത്രത്തോളം കര്‍ശനമാണ് ക്രിക്കറ്റിലെ നിയമങ്ങള്‍.

ഇപ്പോഴിതാ അത്തരത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയീന്‍ അലി അംപയറുടെ അനുമതി വാങ്ങാതെ ചെറിയൊരു കാര്യം ചെയ്തതിന് പിഴ വാങ്ങിയിരിക്കുന്നു. ആഷസ് ടെസ്റ്റിലെ മൂന്നാം ദിനമാണ് സംഭവം. സ്പിന്നറായ മോയീന്‍ കൈയില്‍ ഒരു തരത്തിലുള്ള സ്‌പ്രേ ഉപയോഗിച്ചതാണ് പ്രശ്‌നമായത്.

കൈയിലെ വഴുവഴുപ്പ് പെട്ടെന്ന് ഉണങ്ങുന്നതിനു വേണ്ടിയാണ് ഈ സ്‌പ്രേ ഉപയോഗിക്കുന്നത്. ബൗളിംഗിനെ സ്വാധീനിക്കാനോ പന്തില്‍ കൃത്രിമത്വം വരുത്താനോ ഈ സ്‌പ്രേ ഉപയോഗത്തിലൂടെ സാധിക്കില്ല. എന്നാലും അലിക്ക് മാച്ച് ഫീയുടെ 25 ശതമാനം പിഴകിട്ടി.

അലി ചെയ്തത് വലിയ കുറ്റമല്ലെന്ന് ഐസിസി തന്നെ വിധിപ്രസ്താവത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പന്തിന്റെ ഘടനയിലോ രൂപത്തിലോ മാറ്റം വരുത്താന്‍ അലിയുടെ പ്രവൃത്തിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ അംപയറുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ സ്‌പ്രേ ഉപയോഗിച്ചതിനാണ് പിഴ ഈടാക്കിയത്.

ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പ്രധാനപ്പെട്ടതാണ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിനെതിരേയുള്ള നിയമങ്ങള്‍. ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന് ക്യാപ്റ്റന്‍സി നഷ്ടമാകാനും വിലക്ക് കിട്ടാനും കാരണം പന്തില്‍ സഹതാരങ്ങള്‍ കൃത്രിമത്വം കാണിച്ചത് തടയാത്തതാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മോയീന്‍ അലിയുടെ തിരിച്ചു വരവായിരുന്നു ഇത്തവണത്തെ ആദ്യ ആഷസില്‍ നടന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 17 പന്തില്‍ 18 റണ്‍സെടുത്ത അലിക്ക് പന്തെറിയാനെത്തിയപ്പോള്‍ 33 ഓവറില്‍ 147 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുക്കാന്‍ സാധിച്ചു.

ബാസ്‌ബോള്‍ ക്രിക്കറ്റിലൂടെ ആദ്യ ദിനം തന്നെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ടിന് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. രണ്ടാം ഇന്നിംഗ്‌സില്‍ 2 വിക്കറ്റിന് 28 റണ്‍സെന്ന നിലയിലാണ് അവര്‍.

എട്ട് വിക്കറ്റ് ശേഷിക്കെ 35 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന്റെ ലീഡ്. റണ്ണൊന്നും എടുക്കാതെ ഒലി പോപ്പ്, ജോ റൂട്ട് എന്നിവരാണ് ക്രീസില്‍. സാക് ക്രാവ്‌ലി (7), ബെന്‍ ഡക്കറ്റ് (19) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

സ്‌കോട്ട് ബോളണ്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഓസീസിനായി വിക്കറ്റുകള്‍ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 300 റണ്‍സിന് അടുത്തെങ്കിലും സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ വിജയസാധ്യത കുറയ്ക്കാന്‍ അത് ഇടയാക്കും.

Related Articles

Back to top button