Cricket

മാധ്യമങ്ങളുടെ പ്രശംസയുമില്ല കണ്ണീര്‍ കഥകളുമില്ല!! ധ്രുവ് ജൂറലിനെ അഭിനന്ദിച്ച സെവാഗിന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് വിമര്‍ശനം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ തകര്‍ച്ച അഭിമുഖീകരിച്ച ഇന്ത്യന്‍ ടീമിനെ ഉജ്ജ്വല ഇന്നിംഗ്‌സിലൂടെ കരകയറ്റിയ യുവതാരം ധ്രുവ് ജൂറലിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ഏവരും.

ആദ്യ ഇന്നിംഗ്‌സില്‍ 353 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരേ മറുപടി ബാറ്റിംഗില്‍ ഇന്ത്യ ഏഴിന് 177 എന്ന നിലയില്‍ തകരുമ്പോഴായിരുന്നു വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജൂറലിന്റെ രക്ഷാപ്രവര്‍ത്തനം.

149 പന്ത് നേരിട്ട് 6 ഫോറും 4 സിക്സും ഉള്‍പ്പെടെ 90 റണ്‍സ് നേടിയ ജൂറലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 307 റണ്‍സില്‍ പുറത്താവുകയായിരുന്നു.

പല പ്രമുഖരും ജുറേലിനെ അഭിനന്ദിക്കുമ്പോള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ അഭിനന്ദനമാണ് വൈറലായിരിക്കുന്നത്.

എക്സില്‍ സെവാഗ് പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്. ‘മാധ്യമങ്ങളുടെ പ്രശംസയില്ല, കണ്ണീര്‍ കഥകളുമില്ല. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ പ്രതിഭകൊണ്ട്. നന്നായി കളിച്ചു ധ്രുവ് ജുറേല്‍. എല്ലാ ആശംസകളും’ എന്നാണ് സെവാഗ് കുറിച്ചത്.

ഇന്ത്യന്‍ ടീമിലെ മറ്റൊരു താരമായ സര്‍ഫറാസ് ഖാനെ പരിഹസിച്ചാണ് സെവാഗ് ജൂറലിനെ വിമര്‍ശിച്ചിരിക്കുന്നതെന്ന ദുര്‍വ്യാഖ്യാനത്തിനാണ് ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചത്.

സര്‍ഫറാസിന്റെ അരങ്ങേറ്റ സമയത്തെ അമിത സന്തോഷത്തേയും മാധ്യമ ശ്രദ്ധയെയുമാണ് സെവാഗ് പരിഹസിച്ചതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.

അതുകൊണ്ടുതന്നെ സെവാഗ് ചെയ്തത് ശരിയായില്ലെന്നാണ് ഇവരുടെ വിമര്‍ശനം. ജുറേലിന്റെ പ്രകടനത്തെ അഭിനന്ദിക്കുന്നതിന് സര്‍ഫറാസിനെ അപമാനിക്കേണ്ട കാര്യമില്ലെന്നാണ് ഇവരുടെ വാദമുഖം.

ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോഡുള്ള സര്‍ഫറാസിന്റെ വൈകിയുള്ള ഇന്ത്യന്‍ ടീം അരങ്ങേറ്റം ഏറെ വൈകാരികമായിരുന്നു. ഇതിനെയാണ് സെവാഗ് പരിഹസിച്ചിരിക്കുന്നതെന്നാണ് ചിലരുടെ കണ്ടുപിടിത്തം.

എന്നാല്‍ സെവാഗ് സര്‍ഫറാസിനെ പരിഹസിച്ചതല്ലെന്നും പൊതുവായ മാധ്യമങ്ങളുടെ രീതിയെ പരിഹസിച്ചതാണെന്നുമാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

എന്തായാലും സെവാഗിന്റെ പോസ്റ്റ് ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. പൊതുവേ യുവതാരങ്ങളെത്തുമ്പോള്‍ അവരുടെ കുടുംബ സാഹചര്യവും വളര്‍ന്നുവന്ന കഥയുമെല്ലാം ചര്‍ച്ചയാകാറുണ്ട്. സര്‍ഫറാസിനെ സംബന്ധിച്ചും ഇത്തരമൊരു കഥയുണ്ട്.

സര്‍ഫറാസിന്റെ പിതാവ് ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിക്കുകയും ഈ മോഹം നടക്കാതെ പോവുകയും ചെയ്ത താരമാണ്. അതുകൊണ്ടുതന്നെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായത് സര്‍ഫറാസിന്റെ പിതാവിനെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. ഇക്കാരണത്താലാണ് സര്‍ഫറാസിന്റെ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം വലിയ വാര്‍ത്തയാവുകയായിരുന്നു.

റാഞ്ചി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ആകാശ് ദീപിന്റെ ജീവിത കഥ സര്‍ഫറാസിനേക്കാള്‍ കണ്ണീര്‍ നിറഞ്ഞതാണെന്നിരുന്നിട്ടും ഇത്തരം വിമര്‍ശകരുടെ ശ്രദ്ധ അവിടേക്ക് നീണ്ടില്ലെന്നതും കൗതുകകരമാണ്.

മാത്രമല്ല വലിയ ദാരിദ്ര്യത്തിന്റെ കഥ പറയാനില്ലെങ്കിലും 13-ാം വയസില്‍ ക്രിക്കറ്റ് താരമാകാനായി വീടു വിട്ടിറങ്ങിയ ജൂറല്‍ അമ്മയുടെ മാല പണയം വെച്ചാണ് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് വാങ്ങിയതെന്ന കാര്യവും സെവാഗിനെ വിമര്‍ശിക്കുന്നവര്‍ അറിയാന്‍ ഇടയുണ്ടാവില്ല.

എന്തായാലും ഇവരെല്ലാം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നത് ഇന്ത്യന്‍ ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
സര്‍ഫറാസിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലാണ് കൂടുതല്‍ ഭാവി കല്‍പ്പിക്കപ്പെടുന്നതെങ്കില്‍ ജുറലിന് മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാനായേക്കും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികവ് കാട്ടിയിട്ടുള്ള താരമാണ് ജുറേല്‍. വരുന്ന ഐപിഎല്ലിലും തിളങ്ങി ജൂണില്‍ നടക്കുന്ന ട്വന്റ20 ലോകകപ്പിലും സ്ഥാനം പിടിക്കാനാവും താരത്തിന്റെ ശ്രമം.

Related Articles

Back to top button