Cricket

50,000 രൂപയുടെ ബാറ്റും 25,000 രൂപയുടെ ഷുസൂം വെറുതെ നല്‍കി സിറാജ്; കാരണമറിഞ്ഞ് കൈയടിച്ച് ആരാധകര്‍!!

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് സ്വപ്രയത്‌നത്താല്‍ കടന്നുവന്ന താരമാണ് മുഹമ്മദ് സിറാജ്. ഇല്ലായ്മകളുടെ ചുറ്റുപാടില്‍ നിന്നും പിതാവ് ഓട്ടോ ഒടിച്ച് മിച്ചംവച്ച പണത്തില്‍ നിന്നാണ് സിറാജിന്റെ ചെറുപ്പത്തിലെ പരിശീലനം ഉള്‍പ്പെടെ നടക്കുന്നത്.

പിന്നീട് ഓരോ പടവുകള്‍ കയറി രാജ്യത്തെ പ്രതിനിധീകരിച്ച് ഓരോ മല്‍സരവും കളിക്കുമ്പോഴും സിറാജ് വന്നവഴി മറന്നിരുന്നില്ല. പല അഭിമുഖങ്ങളിലും തന്റെ ചെറുപ്പകാലത്തെ കഠിനയാത്രകള്‍ അദേഹം പങ്കുവച്ചിരുന്നു.

നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം കരീബിയന്‍ പര്യടനത്തിലാണ് ഈ അതിവേഗ ഫാസ്റ്റ് ബൗളര്‍. കഴിഞ്ഞദിവസം ബാര്‍ബഡോസില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനില്‍ നിന്നുള്ള ഒരു ചിത്രം ക്രിക്കറ്റ് ലോകത്ത് വലിയതോതില്‍ ചര്‍ച്ചയായിരുന്നു.

നെറ്റ്‌സില്‍ പന്തെറിയാന്‍ വന്നൊരു യുവതാരത്തിന് സിറാജ് തന്റെ ഷൂസും വിലയേറിയ ബാറ്റും സമ്മാനമായി നല്‍കുന്നതായിരുന്നു അത്. എസ്ജിയുടെ 25,000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ബാറ്റും അഡിഡാസിന്റെ 50,000 രൂപയോളം വിലയുള്ള ബൗളിംഗ് ഷൂസുമാണ് താരം സമ്മാനിച്ചത്.

സിറാജ് മല്‍സരങ്ങളില്‍ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരുന്ന ബാറ്റും ഷൂസുമാണ് ബാര്‍ബഡോസ് യുവതാരത്തിന് അദേഹം സമ്മാനിച്ചത്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ വിലയേറിയ സമ്മാനം നല്കിയതെന്ന ചോദ്യത്തിന് സിറാജിന് കൃത്യമായ ഉത്തരവുമുണ്ട്.

അവര്‍ തങ്ങള്‍ക്കുവേണ്ടി രണ്ടുദിവസമായി വലിയ സഹായങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് അവരില്‍ ഒരാള്‍ക്ക് എന്തെങ്കിലും സമ്മാനം നല്കണമെന്ന് തോന്നി. മറ്റൊന്നും കൈയില്‍ ഇല്ലാതിരുന്നതിനാലും അവര്‍ക്ക് വളരെയധികം ആവശ്യമുള്ളതിനാലുമാണ് ബാറ്റും ഷൂസും നല്കിയതെന്നായിരുന്നു മറുപടി.

ഓരോ ടീമും വിദേശത്ത് പര്യടനത്തിനു പോകുമ്പോള്‍ നെറ്റ്‌സില്‍ പരിശീലനത്തിനായി ജൂനിയര്‍ താരങ്ങളെ വിട്ടുനല്‍കാറുണ്ട്. ജൂനിയര്‍ തലത്തിലും സീനിയര്‍ ടീമുകളിലോ കളിക്കുന്നവരെയാകും നെറ്റ്‌സില്‍ പന്തെറിയാനായി നിയോഗിക്കുക.

ഇത്തരത്തില്‍ നെറ്റ്‌സില്‍ പരിശീലനത്തിന് വരുന്ന പല താരങ്ങളും പിന്‍കാലത്ത് സൂപ്പര്‍ താരങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മല്‍സരം കേരളത്തില്‍ നടക്കുമ്പോള്‍ കേരളത്തിലെ രഞ്ജി താരങ്ങള്‍ക്കും ജൂനിയര്‍ കളിക്കാര്‍ക്കും ഇത്തരത്തില്‍ നെറ്റ്‌സില്‍ സൂപ്പര്‍താരങ്ങളുമായി സമയം ചെലവഴിക്കാന്‍ അവസരം കിട്ടാറുണ്ട്.

വിന്‍ഡീസില്‍ ഇന്ത്യ ഇത്തവണ കളിക്കുന്നത് രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും 5 ട്വന്റി-20യുമാണ്. ഇതില്‍ അവസാനത്തെ രണ്ട് ട്വന്റി-20 മല്‍സരങ്ങള്‍ക്ക് വേദിയാകുന്നത് അമേരിക്കയാണ്. കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടാണ് ഈ നീക്കം. പരമ്പരയ്ക്കുശേഷം ഇന്ത്യ ഏഷ്യാകപ്പില്‍ കളിക്കും.

Related Articles

Back to top button