Cricket

തീപ്പൊരിയായി മിന്നല്‍ യോര്‍ക്കറുകളുമായി കത്തിക്കയറി ശ്രീശാന്ത്!!

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി പേസര്‍ ശ്രീശാന്ത്. ഇര്‍ഫാന്‍ പത്താന്‍ നയിക്കുന്ന ബില്‍വാര കിംഗ്‌സിനായി കളത്തിലിറങ്ങിയ ശ്രീശാന്ത് 4 ഓവറില്‍ വെറും 36 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയാണ് മല്‍സരത്തിന്റെ താരമായി മാറിയത്. വിരേന്ദര്‍ സെവാഗ് നയിച്ച ഗുജറാത്ത് ജയന്റ്‌സിനെ 66 റണ്‍സിന് തോല്‍പ്പിക്കാന്‍ പത്താനെ സഹായിച്ചതും ശ്രീശാന്തിന്റെ ബൗളിംഗ് ആയിരുന്നു.

225 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഗുജറാത്ത് ജയന്റ്‌സിന് മുന്നില്‍ ബില്‍വാര കിംഗ് വച്ചത്. വാന്‍ വിക് (50), വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (64), ഇര്‍ഫാന്‍ പത്താന്‍ (34) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് വലിയ സ്‌കോറിലേക്ക് അവരെ നയിച്ചത്. ഗുജറാത്തിനായി പന്തെറിഞ്ഞ മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസര പെരേരയാണ് ഏറ്റവും കൂടുതല്‍ അടി വാങ്ങിയത്. നാലോവറില്‍ 56 റണ്‍സാണ് പെരേര വിട്ടുകൊടുത്തത്.

മറുപടി ബാറ്റിംഗില്‍ ക്രിസ് ഗെയ്ല്‍ (20 പന്തില്‍ 15), വീരേന്ദര്‍ സെവാഗ് (20 പന്തില്‍ 27), കെവിന്‍ ഒബ്രയ്ന്‍ (3 പന്തില്‍ 2) എന്നിവര്‍ക്കൊന്നും താളം കണ്ടെത്താനായില്ല. നാലാം ബൗളറായിട്ടാണ് ശ്രീ പന്തെറിഞ്ഞത്. ലെന്‍ഡല്‍ സിമ്മണ്‍സ് ആയിരുന്നു ആദ്യ ഇര. മനോഹരമായ ഒരു ബൗള്‍ഡ്. പിന്നാലെ എല്‍ട്ടണ്‍ ചിഗുംബുര, തിസര പെരേര എന്നിവരെയും ശ്രീ വീഴ്ത്തി. കഴിഞ്ഞ മല്‍സരത്തില്‍ വലിയ രീതിയില്‍ റണ്‍സ് വഴങ്ങേണ്ടി വന്ന ശ്രീക്ക് ഇതു വലിയ തിരിച്ചുവരവായി മാറി.

Related Articles

Back to top button