Cricket

ഹസരങ്കയുടെ ആഗ്രഹത്തിന് വിലക്കിട്ട് ലങ്ക; പാക്കിസ്ഥാന് മുറുമുറുപ്പ്!!

ശ്രീലങ്കന്‍ സ്റ്റാര്‍ സ്പിന്നിംഗ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരങ്ക ലോകമെമ്പാടുമുള്ള ട്വന്റി-20 ലീഗുകളിലെ സുപ്രധാന സാന്നിധ്യമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന ഈ താരത്തിന് വലിയ ഡിമാന്റാണുള്ളത്.

ഇത്തവണ ഹസരങ്ക പക്ഷേ വാര്‍ത്തകളില്‍ നിറയുന്നത് ലീഗില്‍ പങ്കെടുക്കുന്നതിന്റെ പേരിലല്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നിഷേധിച്ചുവെന്ന കാരണത്താലാണ്. ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സ് ആയിരുന്നു കഴിഞ്ഞ താരലേലത്തില്‍ ഹസരങ്കയെ ലേലത്തില്‍ വിളിച്ചത്.

പിഎസ്എല്‍ ടീമിനൊപ്പം ചേരാന്‍ തിങ്കളാഴ്ച്ച യാത്ര തിരിക്കാനിരിക്കെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് എന്‍ഒസി നിഷേധിച്ചിരിക്കുകയാണ്. വളരെ തിരക്കേറിയ സീസണ്‍ വരാനിരിക്കെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരത്തോട് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ ഇത്തവണത്തെ പിഎസ്എല്‍ സീസണ്‍ ലങ്കന്‍ ഓള്‍റൗണ്ടര്‍ക്ക് നഷ്ടമാകും. അതേസമയം ലങ്കന്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരേ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തു വന്നിട്ടുണ്ട്.

ഇന്ത്യയുടെ നിര്‍ദേശം അനുസരിച്ചാണ് താരത്തിന് എന്‍ഒസി നിഷേധിച്ചതെന്നാണ് പിസിബി ആരോപണം. ഐപിഎല്ലിനു വേണ്ടി ബിസിസിഐയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ശ്രീലങ്കന്‍ ബോര്‍ഡിന്റെ അവസാന നിമിഷത്തെ തടസമെന്ന് പിസിബി ആരോപിക്കുന്നു.

പാക്കിസ്ഥാന്റെ ആരോപണം തള്ളി ലങ്കന്‍ ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ശ്രീലങ്കയ്ക്ക് അടുത്തു തന്നെ നിര്‍ണായക ടെസ്റ്റ് പരമ്പര വരുന്നുണ്ട്. അതിനു ടീമിനെ തയാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബോര്‍ഡ് വ്യക്തമാക്കുന്നു.

Related Articles

Back to top button