Cricket

ഒരൊറ്റ പണിയില്‍ ‘കൈയാലപ്പുറത്ത്’ പാക്കിസ്ഥാന്‍!! ഇന്ത്യയ്ക്ക് സേഫ് സോണ്‍ ഉറപ്പ്; ലങ്കയ്ക്കും ചങ്കിടിപ്പ്!!

ഇത്തവണത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് നാടകീയ വഴികളിലൂടെയാണ് മുന്നോട്ടു പോകുന്നത്. അതിലേറെ നാടകീയമാണ് ഇന്ത്യയുടെ വരവും പോക്കുമെല്ലാം. ആദ്യ മല്‍സരത്തില്‍ പാക്കിസ്ഥാനോട് തകര്‍ന്നടിഞ്ഞ് രക്ഷപ്പെട്ട ഇന്ത്യ സൂപ്പര്‍ സിക്‌സില്‍ ബാബര്‍ അസത്തിനെയും കൂട്ടരെയും നിലംതൊടാതെ പറപ്പിച്ചിരിക്കുന്നു.

ഏഷ്യാകപ്പില്‍ നിന്ന് ഒരു മല്‍സരം പോലും തോല്‍ക്കാതെ പുറത്തു പോയേക്കാവുന്ന അവസ്ഥയില്‍ നിന്നും ഇന്ത്യ ഫിനിക്‌സ് പക്ഷിയെ പോലെയാണ് പറന്നുയര്‍ന്നിരിക്കുന്നത്. ഫൈനല്‍ പോലും എത്തില്ലെന്നിടത്തു നിന്നും സൂപ്പര്‍ ഫോറില്‍ ഇന്ത്യയിപ്പോള്‍ ആദ്യ സ്ഥാനത്താണ്. ഇന്ന് ലങ്കയെ തോല്‍പ്പിക്കാനായാല്‍ ഫൈനലും ഉറപ്പിക്കാം.

ഇത്തവണത്തെ ലോകകപ്പു പോലും പാക്കിസ്ഥാന്‍ അനായാസം ജയിക്കുമെന്ന് പലരും പ്രവചിച്ചിടത്തു നിന്നുമാണ് പാക്കിസ്ഥാന്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇനി സൂപ്പര്‍ ഫോറില്‍ നിന്നും ഫൈനലിലേക്കെത്താന്‍ പാക്കിസ്ഥാന് അത്ഭുതങ്ങളുടെ പെരുമഴ ഉണ്ടാകണം.

ഇന്ത്യയോടേറ്റ ഒരൊറ്റ നാണംകെട്ട തോല്‍വി അവരുടെ ഫൈനല്‍ സ്വപ്‌നങ്ങളെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. തോല്‍വിയേക്കാള്‍ എങ്ങനെ കീഴടങ്ങിയെന്നതും 228 റണ്‍സെന്ന വലിയ ബാധ്യതയും അവരെ നെറ്റ് റണ്‍റേറ്റിലും വളരെ പിന്നിലാക്കിയിരിക്കുകയാണ്.

നിലവില്‍ ഇന്ത്യയാണ് സൂപ്പര്‍ ഫോറില്‍ മുന്നില്‍. 1 കളിയില്‍ നിന്നും 2 പോയിന്റാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഏറെ മുന്നിലാണ്. പാക്കിസ്ഥാന്‍ 2 കളികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവര്‍ക്ക് നേരത്തെ ബംഗ്ലാദേശിനെ തോല്‍പ്പിച്ച വകയിലുള്ള 2 പോയിന്റ് മാത്രമാണ് സമ്പാദ്യം.

ശ്രീലങ്ക ഒരു കളി മാത്രം കളിച്ച് 2 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ 2 കളിയും തോറ്റ ബംഗ്ലാദേശ് ഏഷ്യാകപ്പില്‍ നിന്നും പുറത്തായി കഴിഞ്ഞു. ഇനി ഷക്കീബ് അല്‍ഹസനും സംഘത്തിനും ഇന്ത്യയായിട്ട് മാത്രമാണ് മല്‍സരം ബാക്കിയുള്ളത്. അതില്‍ ജയിച്ചിട്ടും കാര്യമില്ല.

പാക്കിസ്ഥാന്റെ ഫൈനലിലേക്കുള്ള അവസ്ഥ നോക്കാം ആദ്യം. -1.892 ആണ് പാക്കിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് നിലവില്‍. ബംഗ്ലാദേശിനെക്കാള്‍ പരിതാപകരമാണ് ഇക്കാര്യത്തില്‍ ബാബറിന്റെ ടീം. ഇനി അവര്‍ക്ക് നേരിടേണ്ടത് ആതിഥേയരായ ശ്രീലങ്കയെയാണ്.

ആ മല്‍സരത്തില്‍ മികച്ച ജയിക്കുക മാത്രം പോരാ, വലിയ മാര്‍ജിനിലും കൂടിയായാല്‍ മാത്രമേ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. വലിയ മാര്‍ജിനില്‍ ലങ്കയെ തോല്‍പ്പിക്കുക മാത്രം മതിയാകില്ല. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലങ്ക ഇന്ത്യയോട് തോല്‍ക്കുകയും വേണം.

ലങ്കയെ വലിയ മാര്‍ജിനില്‍ ഇന്ത്യ തോല്‍പ്പിച്ചാല്‍ അത് ഗുണം ചെയ്യുക പാക്കിസ്ഥാനാണ്. പിന്നീട് അവര്‍ക്ക് അവസാന മല്‍സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചാല്‍ മതിയാകും. അപ്പോള്‍ 4 പോയിന്റോടെ പാക്കിസ്ഥാന് ഫൈനലിലെത്താം.

ഇനി ലങ്ക ഇന്ത്യയെ തോല്‍പ്പിക്കുകയും പാക്കിസ്ഥാനോട് ജയിക്കാതെ വരുകയും ചെയ്താല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഇന്ത്യ ബംഗ്ലാദേശിനെ അവസാന മല്‍സരത്തില്‍ തോല്‍പ്പിക്കുന്ന പക്ഷം മൂന്ന് ടീമുകള്‍ക്കും 4 പോയിന്റ് വീതമാകും.

അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റ് ആകും കലാശപ്പോരാട്ടക്കാരെ തീരുമാനിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യ ലങ്കയോട് വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയും ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഫൈനല്‍ ഉറപ്പിക്കാം.

അങ്ങനെ വരുമ്പോള്‍ രണ്ടാം സ്ഥാനക്കാരെ തെരഞ്ഞെടുക്കുക പാക്കിസ്ഥാന്‍, ലങ്ക ടീമുകള്‍ക്കിടയിലാകും. നിലവിലെ അവസ്ഥയില്‍ കൈയാലപ്പുറത്ത് എന്ന നിലയില്‍ നില്‍ക്കുന്നൊരു ടീം പാക്കിസ്ഥാന്‍ തന്നെയാണ്. ഇനിയുള്ള മല്‍സരങ്ങള്‍ മഴമൂലം നടക്കാതെ വന്നാലും പാക്കിസ്ഥാന്‍ പുറത്താകും.

Related Articles

Back to top button