FootballISL

വീണത് പോരാടി തന്നെ!! തലയുയര്‍ത്തി കൊമ്പന്മാരുടെ പടിയിറക്കം!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേഓഫ് നോക്കൗട്ടില്‍ ഒഡീഷ എഫ്‌സിയോട് 2-1ന് പൊരുതിതോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചു. ആദ്യ മിനിറ്റു മുതല്‍ പോരാടി തന്നെയാണ് മഞ്ഞപ്പട കീഴടങ്ങിയത്. അധികസമയത്തേക്ക് നീണ്ട മല്‍സരത്തിലാണ് 87 മിനിറ്റ് വരെ 1 ഗോളിന് പിന്നില്‍ നിന്ന ആതിഥേയര്‍ ജയംപിടിച്ചെടുത്തത്.

കളിയുടെ 66 മത്തെ മിനിറ്റില്‍ മുഹമ്മദ് ഐമന്റെ മികച്ചൊരു പാസില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ലിത്വേനിയന്‍ സിംഹം ഫെദോറിന്റെ നിലംപറ്റിയുള്ള ഷോട്ട് ഒഡീഷ ഗോളി അമരീന്ദര്‍ സിംഗിനെ മറികടന്ന് വലയില്‍. സ്റ്റേഡിയത്തില്‍ ഏറെയൊന്നും ഇല്ലാത്ത മഞ്ഞപ്പട ഫാന്‍സ് ആര്‍ത്തുലച്ച നിമിഷം.

കഴിഞ്ഞ വര്‍ഷം ബെംഗളൂരു എഫ്‌സിക്കെതിരേ നടന്ന നോക്കൗട്ട് പോലെ വിവാദം ആയേക്കാവുന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയായ മല്‍സരമായിരുന്നു കലിംഗ സ്‌റ്റേഡിയത്തിലെ പ്ലേഓഫും. ഓഫ്‌സൈഡില്‍ നിന്നും ഒഡീഷ വലകുലുക്കിയെങ്കിലും റഫറി ദീര്‍ഘനേരം ചര്‍ച്ചചെയ്ത് ഗോള്‍ നിഷേധിച്ചു.

ഇരുപത്തെട്ടാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ആയിരുന്നു ഒഡീഷ വലകുലുക്കിയത്. മൊര്‍ത്താത ഫാളാണ് വലയില്‍ പന്തെത്തിച്ചത്. പാസ് നല്‍കിയ അഹ്‌മദ് ജാഹോയും ഓഫ്‌സൈഡ് ആയിരുന്നു. എന്നാല്‍ ലൈന്‍ റഫറി തന്റെ ഫ്‌ളാഗ് ഉയര്‍ത്തിയില്ല. കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചു. അവസാനം ഗോള്‍ നിഷേധിച്ചു.

ആദ്യ പകുതിയില്‍ അടക്കം ഗോള്‍കീപ്പര്‍ ലാറ ശര്‍മയുടെ മിന്നല്‍ സേവുകള്‍ ബ്ലാസ്റ്റേഴ്‌സിന് വലിയതോതില്‍ ഗുണം ചെയ്തു. താന്‍ എന്തുകൊണ്ടും ഒന്നാംനമ്പര്‍ ഗോളിയാകാന്‍ മികച്ചവനാണെന്ന് ലാറ തെളിയിച്ചു. ഒഡീഷയുടെ ഒന്നിലേറെ സുവര്‍ണാവസരങ്ങള്‍ ലാറ തട്ടിയകറ്റി.

കളിയുടെ 80 മത്തെ മിനിറ്റില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അഡ്രിയാന്‍ ലൂണയെ കോച്ച് ഇവാന്‍ വുക്കുമനോവിച്ച് കളത്തിലിറക്കി. അവസാന നിമിഷങ്ങളില്‍ ഒഡീഷ മുന്നേറ്റം ആര്‍ത്തലച്ചു കയറിവന്നതോടെ കേരള ഡിഫന്‍സ് പ്രശ്‌നത്തിലായി. 86മത്തെ മിനിറ്റില്‍ വലയ്ക്കകത്തു നിന്നും മാര്‍ക്കോ ലെസ്‌കോവിച്ച് മഞ്ഞപ്പടയ്ക്ക് ഉജ്ജ്വലമായ സേവിലൂടെ രക്ഷയേകി.

തൊട്ടുപിന്നാലെ പക്ഷേ ഒഡീഷ സമനില കണ്ടെത്തി. വെറ്റന്‍ സഖ്യം റോയ് കൃഷ്ണ-ഡിഗോ മൗറീഷോ കൂട്ടുകെട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലാറയ്ക്കു പകരം വല കാക്കാനെത്തിയ കരണ്‍ജിത്തിനെ മറികടന്ന് മൗറീഷോയുടെ ഷോട്ട് വലയിലേക്ക് സ്‌കോര്‍ 1-1. കളി എക്‌സ്ട്ര ടൈമിലേക്ക് പോയപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ ഒഡീഷ സെമിക്കുള്ള ഗോള്‍ കണ്ടെത്തി.

Related Articles

Back to top button