Cricket

ക്യാപ്റ്റാ…!വിളിച്ചോയെന്ന് ഹാര്‍ദിക്!! തന്നെയല്ലെടോ, എന്ന് പറഞ്ഞ് രോഹിതിന്റെ അടുത്തേക്ക് പോയി മധ്‌വാള്‍; വീഡിയോ

പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ 193 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനെ മൂന്നാം ഓവറില്‍ തന്നെ 14-ന് നാല് എന്ന നിലയില്‍ ഒതുക്കിയ മുംബൈ അനായാസ ജയം നേടുമെന്ന് തോന്നിയ അവസരത്തിലായിരുന്നു ശശാങ്ക് സിംഗിന്റെയും അശുതോഷ് ശര്‍മയുടെയും കിടിലന്‍ ബാറ്റിംഗ് മുംബൈയെ വിറപ്പിച്ചത്.

എന്നാല്‍ മനസാന്നിദ്ധ്യം കൈവിടാതെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ അവസാന നിമിഷം വിജയം അവര്‍ക്ക് നേടിക്കൊടുക്കുകയായിരുന്നു.

അതിനിടെ മുന്‍ നായകന്‍ രോഹിത് ശര്‍മ അവസാന ഓവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിന്റെ ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 12 റണ്‍സായിരുന്നു അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ശേഷിക്കുന്നത് ഒരു വിക്കറ്റും.

ഹര്‍ദിക് എറിഞ്ഞ 19ാം ഓവറില്‍ കഗിസോ റബാഡ ഒരു സിക്സ് പറത്തി ക്രീസില്‍ നില്‍ക്കുന്ന ഘട്ടം. ആകാശ് മധ്വാളാണ് അവസാന ഓവര്‍ എറിയാനെത്തിയത്.

അതിനിടെയാണ് ഫീല്‍ഡ് സെറ്റ് ചെയ്യാന്‍ താരം രോഹിതിന്റെ സഹായം തേടിയത്. ഹാര്‍ദിക് തൊട്ടടുത്തു നില്‍ക്കുന്നുണ്ടെങ്കിലും അതു ശ്രദ്ധിക്കാതെയാണ് മധ്വാള്‍ രോഹിതിന്റെ സഹായം തേടിയത്.

ഹാര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ രോഹിതിനോട് കാര്യങ്ങള്‍ വിശദീകരിക്കുന്ന മധ്വാളിനെ വീഡിയോയില്‍ കാണാം. ഇതാണ് ആരാധകര്‍ ഏറ്റെടുത്തത്. ഹാര്‍ദികിനെ മൈന്‍ഡ് ചെയ്യാതെ മധ്വാള്‍ രോഹിതിനെ കേള്‍ക്കുന്നു എന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.


സീസണിനു മുന്‍പ് രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റി ഹാര്‍ദികിനെ നായകനാക്കിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. പിന്നീട് സീസണില്‍ തുടരെ മൂന്ന് തോല്‍വികളും ടീം നേരിട്ടതോടെ ഹാര്‍ദിക്കിനോടുള്ള അരിശം കൂടി.

പിന്നീട് ടീം വിജയ വഴിയിലെത്തിയതോടെ വിമര്‍ശനത്തിന്റെ ശക്തി കുറഞ്ഞിരുന്നു. എന്നാല്‍ ചെന്നൈയ്‌ക്കെതിരായ മത്സരം തോറ്റതോടെ വീണ്ടും ഹാര്‍ദിക്കിനെതിരായ കൂവലുകള്‍ ശക്തമായി. ഇപ്പോഴും ഒരു വിഭാഗം ആളുകള്‍ ഹാര്‍ദിക്കിനെ വെറുക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയ്ക്കു താഴെ വന്ന കമന്റുകള്‍.

അവസാന ഓവറിലെ ആദ്യ പന്ത് വൈഡായി. ഇതോടെ പഞ്ചാബിന്റെ ലക്ഷ്യം ആറ് പന്തില്‍ 11 ആയി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഡബിളിനു ശ്രമിച്ച റബാഡ റണ്ണൗട്ടായതോടെ പഞ്ചാബിന്റെ പോരാട്ടം ഒമ്പതു റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.

Related Articles

Back to top button