Football

ലോകകപ്പ് കമന്ററിക്കിടെ കമന്ററേറ്ററെ ഇടയ്ക്കുവച്ച് ഇറക്കിവിട്ടു! കാരണം സൂക്കര്‍!!

ലോകകപ്പ് കമന്ററി പറയുന്നതിനിടെ രാജ്യത്തിനായി വേഗതയേറിയ ഗോള്‍ നേടിയ താരത്തിന്റെ പേര് പറയുക, തൊട്ടുപിന്നാലെ കളി തീരും മുമ്പേ കമന്റേറ്ററെ ചാനലില്‍ നിന്ന് തന്നെ പുറത്താക്കുക… നാടകീയ സംഭവങ്ങളാണ് മൊറോക്കോ-കാനഡ മല്‍സരത്തിനിടെ സംഭവിച്ചത്.

തുര്‍ക്കി ചാനലായ ടിആര്‍ടി ടിവിക്കു വേണ്ടി കമന്ററി പറഞ്ഞ അല്‍ഫര്‍ ബക്കിര്‍സിഗില്‍ എന്ന കമന്റേറ്ററാണ് പൂ പ്രതീക്ഷിച്ച് രാജ്യത്തിന്റെ അഭിമാന താരത്തിന്റെ പേര് പരാമര്‍ശിച്ച് പുലിവാല് പിടിച്ചത്. തുര്‍ക്കിയുടെ മുന്‍ സൂപ്പര്‍ ഹാകന്‍ സൂക്കര്‍ ലോകകപ്പില്‍ നേടിയ ഏറ്റവും വേഗതയേറിയ ഗോളിനെ പരാമര്‍ശിച്ചതാണ് പണിയായത്.

തുര്‍ക്കിയിലെ എല്‍ദോഗന്‍ ഏകാധിപത്യ ഭരണത്തിനെതിരേ പ്രതികരിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സൂക്കര്‍ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതോടെ സൂക്കറിനെ പ്രകീര്‍ത്തിക്കുന്നവരെല്ലാം ഭരണകൂടത്തിന്റ നിരീക്ഷണത്തിലായി. വിവിധ കേസുകളെല്ലാം തലയില്‍ വച്ച് സൂക്കറിനെ തുര്‍ക്കി സര്‍ക്കാര്‍ രാജ്യത്തു നിന്ന് ഓടിക്കുകയും ചെയ്തു.

അമേരിക്കയിലേക്ക് പാലായനം ചെയ്ത മുന്‍ സൂപ്പര്‍ താരം അവിടെ യൂബര്‍ ടാക്‌സി ഓടിയാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. ഈ കഥയൊന്നും അറിയാതെ കമന്ററിയില്‍ സൂക്കറിനെ പ്രകീര്‍ത്തിച്ചതാണ് കമന്റേറ്റര്‍ക്ക് പണിയായത്. മൊറോക്കോ-കാനഡ മല്‍സരത്തിന്റെ രണ്ടാംപകുതിയില്‍ മറ്റൊരു കമന്റേറ്ററാണ് മല്‍സരം പൂര്‍ത്തിയാക്കിയത്.

ജോലി പോയെങ്കിലും തന്റെ നിലപാടില്‍ ഉറച്ചു നിന്ന അല്‍ഫര്‍ ചാനലിനെതിരേയും തുര്‍ക്കി ഭരണകൂടത്തിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ അഴിച്ചുവിടുകയും ചെയ്തു. സംഭവത്തില്‍ ചാനലിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഒന്നും വന്നിട്ടില്ല.

Related Articles

Back to top button