Football

ഫൈനലിന്റെ ടിക്കറ്റ് പോക്കറ്റ് കീറും; എന്നിട്ടും ടിക്കറ്റിനായി പിടിവലി!!

ഫിഫ ലോകകപ്പ് ഫൈനല്‍ മല്‍സരം നേരിട്ട് കാണാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ലക്ഷങ്ങള്‍ പോക്കറ്റില്‍ കരുതേണ്ടി വരും. ഡിസംബര്‍ 18ന് ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാനുള്ള ടിക്കറ്റിന്റെ കൂടിയ നിരക്ക് 1.27 ലക്ഷം രൂപയാണ്! ഇത് കരിഞ്ചന്തയിലേക്ക് വരുമ്പോള്‍ ഇരട്ടിയിലധികം ആകുമെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് കാണാനുള്ള ഏറ്റവും മികച്ച സീറ്റിനാണ് ഈ നിരക്ക്. കാഴ്ച്ച സുഖം കുറയുന്നതിന് അനുസരിച്ച് ടിക്കറ്റ് റേറ്റിലും കുറവു വരുന്നുണ്ട്. 80,000 കാണികള്‍ക്ക് കളി കാണാന്‍ സൗകര്യമുള്ളതാണ് ഫൈനല്‍ നടക്കുന്ന സ്റ്റേഡിയം. ഫൈനല്‍ ടിക്കറ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക് 16,000 രൂപയാണ്. ഇതു പക്ഷേ ഖത്തര്‍ പൗരന്മാര്‍ക്ക് മാത്രമാണ് ലഭിക്കുക.

വിദേശികള്‍ക്ക് ലഭിക്കുന്ന ടിക്കറ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക് 47,802 രൂപയാണ്. ഖത്തര്‍ ഒഴികെയുള്ള മറ്റേതൊരു രാജ്യക്കാര്‍ക്കും ഈ നിരക്കിലെ ടിക്കറ്റ് വാങ്ങാന്‍ സാധിക്കുകയുള്ളൂ. മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇളവില്ല. ഫിഫ ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ലോകകപ്പെന്നാണ് ഖത്തര്‍ ലോകകപ്പ് അറിയപ്പെടുന്നത്.

കഴിഞ്ഞ തവണത്തെ ലോകകപ്പിനേക്കാള്‍ 40 ശതമാനം ടിക്കറ്റ് നിരക്ക് ഇത്തവണ വര്‍ധിച്ചു. 2018ല്‍ റഷ്യ ആതിഥേയത്വം വഹിച്ച ലോകകപ്പ് ഫൈനലിന്റെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 67,000 രൂപയായിരുന്നു. ലോകകപ്പിനായി ഏതെങ്കിലുമൊരു ആതിഥേയ രാജ്യം ചെലവാക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണ് ഖത്തര്‍ മുടക്കിയിരിക്കുന്നത്. പുതിയ ആറു സ്റ്റേഡിയങ്ങള്‍ നിര്‍മിച്ചതിനൊപ്പം രണ്ടെണ്ണം പുതുക്കി പണിയുകയും ചെയ്തു.

ലോകകപ്പിനായി തങ്ങളുടെ ഗതാഗത സംവിധാനങ്ങള്‍ അടിമുടി പുതുക്കി പണിയാനും ഖത്തറിനു സാധിച്ചു. വിമര്‍ശനങ്ങള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നെങ്കിലും കുറ്റമറ്റ രീതിയില്‍ ടൂര്‍ണമെന്റ് നടത്താന്‍ ഖത്തറിന് സാധിച്ചെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ 20 വര്‍ഷത്തെ ലോകകപ്പുകളില്‍ ടിക്കറ്റ് നിരക്കില്‍ ഏറ്റവും കുറവുള്ള ലോകകപ്പെന്ന് വിലയിരുത്തുന്നത് 2006 ലെ ലോകകപ്പാണ്. ജര്‍മനി ആതിഥേയത്വം വഹിച്ച ലോകകപ്പിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 9801 രൂപയാണ്. ഫൈനലിന്റെ ടിക്കറ്റ് നിരക്ക് 22,000 രൂപയുമായിരുന്നു.

Related Articles

Back to top button