Cricket

അവനെ മിനി സൂര്യ എന്നു മുദ്രകുത്തേണ്ട!! പുതിയ ബാറ്റിംഗ് സെന്‍സേഷനെക്കുറിച്ച് തുറന്നു പറഞ്ഞ് സൂര്യകുമാര്‍ യാദവ്

ഈ ഐപിഎല്ലിലെ ബാറ്റിംഗ് സെന്‍സേഷനാണ് പഞ്ചാബ് കിംഗ്‌സിന്റെ അശുതോഷ് ശര്‍മ. അവസാനമിറങ്ങി ടീമിനായി ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കുന്ന ഈ 25കാരന്‍ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെയാണ് വിറപ്പിച്ചു വിട്ടത്.

28 പന്തില്‍ ഏഴു സിക്‌സറും രണ്ട് ബൗണ്ടറിയും സഹിതം 61 റണ്‍സ് നേടിയ അശുതോഷിന്റെ പ്രകടനത്തിന്റെ ബലത്തില്‍ പഞ്ചാബ് വിജയത്തിനടുത്തു വരെ എത്തിയിരുന്നു.

ഈ പ്രകടനത്തിനു ശേഷം പുതിയ എബിഡി, മിനി-സൂര്യ തുടങ്ങിയ പേരുകളും താരത്തിന് ആരാധകര്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.

‘മിനി-സൂര്യ’ എന്ന് മുദ്രകുത്തുന്നതിനുപകരം, അദ്ദേഹം നന്നായി ബാറ്റ് ചെയ്യുകയും ഞങ്ങള്‍ക്കെതിരെ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സമയത്ത് അവന്റെ ബാറ്റിംഗ് ഒറ്റയ്ക്ക് മത്സരം ജയിക്കുമെന്ന് തോന്നി.

ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഗെയിമിനെ സ്വാധീനിക്കാനുള്ള സമാന ചിന്താഗതിയും ആഗ്രഹവും പങ്കിടുന്നു. ഇന്ന് തന്റെ ടീമിന്റെ ഒരു ഗെയിം ചേഞ്ചര്‍ ആകാന്‍ അദ്ദേഹം തീര്‍ച്ചയായും ശ്രമിച്ചു. അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണുന്നത് വളരെ ആഹ്ലാദകരമായിരുന്നു.

മത്സരത്തില്‍ അദ്ദേഹത്തിന്റെ ടീം വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ലെങ്കിലും, അവന്റെ മികച്ച ബാറ്റിംഗ് എന്നെ ആവേശഭരിതനാക്കി.

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അദ്ദേഹം തന്റെ ആദ്യ മത്സരം കളിച്ചപ്പോള്‍, ഞാന്‍ അവനും ശശാങ്ക് സിംഗിനും ആദ്യമായി മെസേജ് അയച്ചിരുന്നു. സമാനമായ സാഹചര്യത്തിലാണ് അവര്‍ ആ കളി ജയിച്ചത്.

ഞാനിപ്പോള്‍ അവരോട് പതിവായി സംസാരിക്കാറുണ്ട്. അവരുടെ ഉജ്ജ്വലമായ ചിന്താഗതിയും പ്രവര്‍ത്തന മികവും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവരുടെ സമീപനത്തില്‍ മാറ്റം വരുത്താതെ ഇരുവരും ഈ ഉയര്‍ന്ന കളി നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സൂര്യകുമാര്‍ യാദവ് പറഞ്ഞു.

193 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ മൂന്നാം ഓവറില്‍ 14ന് നാല് എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബ് പിന്നീട് 111ന് ഏഴ് എന്ന നിലയില്‍ വന്‍ പരാജയത്തെ അഭിമുഖീകരിച്ചപ്പോള്‍ ശശാങ്ക് സിംഗിനൊപ്പം ഒത്തു ചേര്‍ന്ന അശുതോഷ് ശര്‍മ ടീമിനെ ജയിക്കാന്‍ 24 പന്തില്‍ 28 റണ്‍സ് എന്ന അവസ്ഥയിലെത്തിച്ചെങ്കിലും താരം പുറത്തായതോടെ പഞ്ചാബ് ഒമ്പതു റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു.

Related Articles

Back to top button