Football

മുത്തച്ഛനുവേണ്ടി സ്പെയിനെ ഉപേക്ഷിച്ച് ഘാനയ്ക്കായി കളിക്കുന്ന ഇനാക്കി; സഹാറ നടന്നു കടന്ന മാതാപിതാക്കളുടെ മകന്‍!

ഇനാകി വില്യംസ്, 2022 ഫിഫ ഖത്തര്‍ ലോകകപ്പില്‍ ഘാനയുടെ കുന്തമുന. സ്പാനിഷ് ദേശീയ ടീമിനായി കളിച്ചിട്ടുള്ള ഇനാകി വില്യംസ്, സ്പെയിന്‍ ദേശീയ ടീമിനെ ഒഴിവാക്കിയാണ് ഘാനയുടെ ജഴ്സി അണിയുന്നത്. ഘാനയ്ക്കായി കളിക്കുക എന്നത് തന്റെ മുത്തച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് ഇനാകി വില്യംസ് വെളിപ്പെടുത്തി.

2022 ജൂലൈയില്‍ മാത്രമാണ് ഘനയ്ക്കായി കളിക്കാമെന്ന് ഇനാകി വില്യംസ് എന്ന 28കാരന്‍ സ്ട്രൈക്കര്‍ തീരുമാനിച്ചത് എന്നതും ശ്രദ്ധേയം. 2015ല്‍ സ്പാനിഷ് അണ്ടര്‍ 21 കളിച്ച ഇനാകി വില്യംസ്, 2016ല്‍ സ്പാനിഷ് ദേശീയ ടീമില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് 2018 മുതല്‍ 2020 വരെ ബാസ്ഖിനായി കളിച്ചു. എന്നാല്‍, ഇപ്പോള്‍ ഘാനയ്ക്ക് ഒപ്പം ഖത്തര്‍ ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ് സ്പെയ്നിലെ ബില്‍ബാവൊയില്‍ ജനിച്ച ഇനാകി വില്യംസ്.

ഇനാകി വില്യംസിന്റെ മാതാപിതാക്കള്‍ സഹാറ മരുഭൂമി കാല്‍നടയായി മുറിച്ചു കടന്ന്, മെല്ലില്ല ബോര്‍ഡറിലെ ദുര്‍ഘട പാതയും വമ്പന്‍ മതിലും ചാടിക്കടന്ന്, മെഡിറ്ററേനിയന്‍ കടലിനക്കരെയുള്ള സ്പെയ്നില്‍ എത്തിയതാണ്. ജീവന്‍ കൈപ്പിടിച്ച്, പട്ടിണി കീഴടക്കാനായാണ് ഇനാകി വില്യംസിന്റെ മാതാപിതാക്കള്‍ സ്പാനിഷ് തീരത്തണഞ്ഞത്.

ആ പോരാട്ടത്തിന്റെ ബാക്കിപത്രമായിരുന്നു ഇനാകി വില്യംസിന്റെ കാല്‍പ്പന്ത് ജീവിതം. പാംപ്ലോന ക്ലബ് ഡിപ്പോര്‍ട്ടീവ എന്ന പ്രാദേശിക ക്ലബ്ബിനായി കളിക്കുമ്പോഴായിരുന്നു സ്പാനിഷ് ലാ ലിഗ ടീമായ അത് ലറ്റിക് ബില്‍ബാവൊ ഇനാകി വില്യംസിനെ കണ്ടെത്തിയത്. 2014 മുതല്‍ ബില്‍ബാവൊയുടെ സീനിയര്‍ ടീം അംഗമാണ് ഇനാകി വില്യംസ്.

പിറന്ന നാടായ സ്പെയ്നിനെ വിട്ട് സ്വന്തം വേരായ ഘാനയ്ക്കായി കളിക്കാനുള്ള തീരുമാനം എന്തുകൊണ്ട് എടുത്തു എന്ന് ഇനാകി വില്യംസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. എന്റെ മുത്തച്ഛന്റെ ഏറ്റവും വലിയ അഭിലാഷമാണ് എന്നെ ഘാന ദേശീയ ടീമിന്റെ ജഴ്സിയില്‍ കാണുക എന്നത്. അക്കാര്യം അദ്ദേഹം എന്നോട് പറഞ്ഞു.

മുത്തച്ഛന് 90 വയസ് ഉണ്ട്. ഇനി അധികനാള്‍ ജീവിക്കില്ലെന്നും ഘാന ദേശീയ ടീമിനായി ഞാന്‍ ലോകകപ്പ് കളിക്കുന്നത് കാണുക മാത്രമാണ് ഇനിയുള്ള ആഗ്രഹമെന്നും മുത്തച്ഛന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ഘാനയ്ക്കായി കളിക്കാനുള്ള തീരുമാനം എടുത്തത്-ഇനാകി വില്യംസ് വെളിപ്പെടുത്തി.

2022 ജൂലൈ അഞ്ചിനാണ് ഘാനയ്ക്കായി കളിക്കാന്‍ തയാറാണെന്ന് ഇനാകി വില്യംസ് പ്രഖ്യാപിച്ചത്. സെപ്റ്റംബറില്‍ ഇനാകിക്ക് ഘാന ദേശീയ ടീമിലേക്ക് ക്ഷണം എത്തി. ബ്രസീല്‍, നിക്കരാഗ്വ ടീമുകള്‍ക്ക് എതിരായ സൗഹൃദ മത്സരത്തിനുള്ള ഘാന ടീമില്‍ അങ്ങനെ ഉള്‍പ്പെട്ടു.

ലെ ഹാര്‍വെയ്ക്ക് എതിരായ മത്സരത്തിലൂടെയാണ് രാജ്യാന്തര അരങ്ങേറ്റം. 2022 ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് ഘാന. പോര്‍ച്ചുഗല്‍, ഉറുഗ്വെ, ദക്ഷിണ കൊറിയ ടീമുകളാണ് ഗ്രൂപ്പില്‍ ഘാനയ്ക്ക് ഒപ്പമുള്ളത്. 24ന് പോര്‍ച്ചുഗലിന് എതിരേയാണ് ലോകകപ്പില്‍ ഘാനയുടെ ആദ്യ മത്സരം.

 

Related Articles

Back to top button