FootballISL

കാത്തിരുന്ന് സ്വന്തമാക്കി; ഐഎസ്എല്‍ തുടങ്ങുംമുമ്പേ ഈസ്റ്റ് ബംഗാളിന് കനത്ത പ്രഹരം!!

കഴിഞ്ഞ രണ്ടു സീസണുകളിലും ഐഎസ്എല്ലില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ പറ്റാത്ത ടീമായിരുന്നു ഈസ്റ്റ് ബംഗാള്‍. വെറുതെ കളിച്ച് അവസാന സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയെന്നത് മാത്രമായിരുന്നു അവരുടെ നിയോഗം.

എന്നാല്‍ ഇത്തവണ ഏറ്റവുമാദ്യം മുന്നൊരുക്കം തുടങ്ങി മികച്ച താരങ്ങളെയും ഇന്ത്യയില്‍ ചാമ്പ്യനായ കോച്ചിനെയും എത്തിച്ച് ഈസ്റ്റ് ബംഗാള്‍ ഗംഭീര ഒരുക്കം തന്നെ നടത്തി. ഇതിന്റെ റിസല്‍ട്ട് ഡ്യൂറന്റ് കപ്പില്‍ കിട്ടുകയും ചെയ്തു.

ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് കൊല്‍ക്കത്തയിലെ ശത്രുക്കളായ മോഹന്‍ ബഗാനോട് അവര്‍ കിരീടം കൈവിട്ടത്. എങ്കിലും ആരാധകരും ടീം മാനേജ്‌മെന്റും അടക്കം ടീമിന്റെ പ്രകടനത്തില്‍ ഹാപ്പിയാണ്. ഐഎസ്എല്ലിലും പ്ലേഓഫിലെത്താമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

ഇത്തവണ പക്ഷേ ഐഎസ്എല്ലില്‍ ആദ്യ വിസില്‍ മുഴങ്ങും മുമ്പേ ഈസ്റ്റ് ബംഗാളിന് വലിയ തിരിച്ചടിയേറ്റിരിക്കുകകയാണ്. അവരുടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള സ്റ്റാര്‍ ഡിഫന്‍ഡര്‍ ജോര്‍ദാന്‍ എല്‍സി പരിക്കേറ്റ് സീസണില്‍ നിന്ന് തന്നെ പുറത്തായിരിക്കുന്നു.

ഡ്യൂറന്റ് കപ്പ് ഫൈനലിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. പ്രതീക്ഷിച്ചതിലും വലിയ പരിക്കാണ് താരത്തെ പിടികൂടിയത്. ഇതോടെ ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകും. ക്ലബും താരവും ഒന്നിച്ചെടുത്ത തീരുമാനപ്രകാരം കരാര്‍ റദ്ദാക്കുകയും ചെയ്തു.

പുതിയ താരത്തെ സൈന്‍ ചെയ്യുന്നതിനാണ് ഇത്തരത്തില്‍ കരാര്‍ അവസാനിപ്പിച്ചത്. ഡ്യൂറന്റ് കപ്പില്‍ ഈസ്റ്റ് ബംഗാളിനെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ പെര്‍ത്ത് ഗ്ലോറിയില്‍ നിന്നും ഈ സീസണിന്റെ തുടക്കത്തിലെത്തിയ ജോര്‍ദാന്‍ എല്‍സിക്ക് സാധിച്ചിരുന്നു.

ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിച്ചതിനാല്‍ ഇനി ഫ്രീ ഏജന്റുമാരായ കളിക്കാരെ മാത്രമേ ഈസ്റ്റ് ബംഗാളിന് കിട്ടുകയുള്ളൂ. ഏഷ്യന്‍ ക്വാട്ടയിലുള്ള എല്‍സിക്കു പകരമായി പാലസ്തീന്‍ ഡിഫന്‍ഡര്‍ മുഹമ്മദ് സാലെയെ ടീം പരിഗണിക്കുന്നതായി കൊല്‍ക്കത്തന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാലസ്തീന്‍ ദേശീയ ടീമിനായി 21 തവണ കളിച്ചിട്ടുള്ള സലെയ്ക്ക് 30 വയസുണ്ട്. നിലവില്‍ ഒരു ക്ലബുമായും കരാറിലെത്തിയിട്ടില്ല. ടീമുമായി സെറ്റായ എല്‍സിക്ക് പകരം എത്രയും പെട്ടെന്ന് പകരക്കാരനെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഈസ്റ്റ് ബംഗാള്‍.

ഈ സീസണില്‍ നിക്ഷേപകരായ ഇമാമി ഗ്രൂപ്പ് വലിയ തോതില്‍ ക്ലബിനായി പണംമുടക്കുന്നുണ്ട്. പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയ ക്ലബിന് തങ്ങളുടെ ആരാധകരെ തിരിച്ചു പിടിക്കാനും സാധിച്ചിട്ടുണ്ട്. ഈ സീസണില്‍ ഈസ്റ്റ് ബംഗാള്‍ അത്ഭുതം കാണിക്കുമെന്ന് ഫുട്‌ബോള്‍ പണ്ഡിതരും പറയുന്നു.

Related Articles

Back to top button