Cricket

ട്വന്റി20 ലോകകപ്പിന് ശേഷം വിരമിക്കുമോ ? നിര്‍ണായക വിവരം വെളിപ്പെടുത്തി വിരാട് കോഹ് ലി

ഈ ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പ് വിരാട് കോഹ്‌ലിയുടെ ലോകകപ്പ് ടീമിലെ സ്ഥാനം കയ്യാലപ്പുറത്തെ തേങ്ങ പോലെയായിരുന്നു. താരത്തിന്റെ സ്‌ട്രൈക്ക് റേറ്റായിരുന്നു പലരുടെയും വിഷയം.

എന്നാല്‍ ഈ ഐപിഎല്‍ കോഹ് ലിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടികയില്‍ ഒന്നാമത് തുടരുന്ന കോഹ് ലി തകര്‍പ്പന്‍ ഫോമിലാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ലോകകപ്പ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചവരില്‍ ഏറ്റവും ഫോമിലുള്ള രണ്ടു കളിക്കാര്‍ കോഹ്‌ലിയും ജസ്പ്രീത് ബുംറയുമാണ്.

ബംഗളൂരുവിന് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ നല്‍കുന്നതും കോഹ് ലിയുടെ തകര്‍പ്പന്‍ പ്രകടനമാണ്. ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ അവസാന ലീഗ് മത്സരത്തില്‍ ചെന്നൈയെ നേരിടുമ്പോള്‍ ഏവരുടെയും ശ്രദ്ധ കോഹ് ലിയുടെ പ്രകടനത്തിലായിരിക്കണം.

കഴിഞ്ഞ 16 വര്‍ഷമായിട്ടും എത്തിപ്പിടിക്കാനാവാത്ത കിരീടം ഇത്തവണ സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബംഗളൂരുവിന്റെ ആരാധകര്‍.

ബാംഗ്ലൂര്‍ ആദ്യ എട്ട് മത്സരങ്ങളില്‍ ഏഴിലും തോറ്റപ്പോള്‍ എല്ലാവരും ഈ ടീമിനെ എഴുതിത്തള്ളിയിരുന്നു. എന്നാല്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത കോഹ്ലിയ്ക്ക് ഉറച്ച പിന്തുണ സഹതാരങ്ങള്‍ നല്‍കിയപ്പോള്‍ തുടര്‍ച്ചയായ അഞ്ചു മത്സരങ്ങള്‍ ജയിച്ച് ടീം അഞ്ചാം സ്ഥാനത്തു വരെയെത്തുകയായിരുന്നു.

ഇനി ഒരു ജയം മാത്രം അകലെയാണ് പ്ലേ ഓഫ്. അതേസമയം, 35 കാരനായ വിരാട് കോഹ്ലി തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സൂചന നല്കിയിരിക്കുകയാണ്.

തന്റെ ടെസ്റ്റ് കരിയര്‍ നീട്ടാനും കുടുംബത്തിന് കൂടുതല്‍ സമയം നല്‍കാനും ടി20 ലോകകപ്പിന് ശേഷം വിരാട് വൈറ്റ് ബോള്‍ ഫോര്‍മാറ്റിനോട് വിടപറയാനുമുള്ള സാധ്യതകള്‍ കൂടുതലാണ്.

അദ്ദേഹത്തിന്റെ ഫിറ്റ്നസ് നിലവാരം കണക്കിലെടുത്ത്, ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടി തുടരാനാകുമെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ കരുതുന്നു. എന്നിരുന്നാലും തന്റെ ഭാവി സംബന്ധിച്ച് താരത്തിന് വ്യക്തമായ പ്ലാനുണ്ട്.

ആര്‍ക്കും ബുദ്ധിമുട്ടുകള്‍ തോന്നാത്ത വിധത്തില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ക്രിക്കറ്റ് കളിക്കുന്നത് വരെ തന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരിക്കല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞാല്‍ പിന്നെ മടങ്ങി വരില്ല എന്നുമാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ കോഹ്‌ലി പറഞ്ഞത്.


”ഇത് വളരെ ലളിതമാണ്. ഒരു കായികതാരമെന്ന നിലയില്‍, കരിയറിന് അവസാന തീയതി ഉണ്ടെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ഇത്തരം ചിന്തകള്‍ ഇഷ്ടമല്ല. പുറകിലേക്ക് പോയി ‘ഓ, ആ പ്രത്യേക ദിവസം ഞാന്‍ ഇത് ചെയ്തിരുന്നെങ്കില്‍ എന്ത് നന്നായെന്നെ’ കാരണം എനിക്ക് എന്നെന്നേക്കുമായി മുന്നോട്ട് പോകാന്‍ കഴിയില്ല.

അതിനാല്‍, എല്ലാ ബിസിനസും പൂര്‍ത്തിയാക്കി മടങ്ങാന്‍ ഞാന്‍ ഇഷ്ടപെടുന്നു. പൂര്‍ത്തിയാകാന്‍ ഒന്നും ബാക്കി വെക്കാന്‍ ഞാന്‍ ആഗ്രഹിക്കില്ല. ഞാന്‍ കളിക്കുന്നത് വരെ എന്റെ ബെസ്റ്റ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്, ”ആര്‍സിബി പോസ്റ്റ് ചെയ്ത വീഡിയോയില്‍ കോഹ്ലി പറഞ്ഞു.

എന്തായാലും കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും അവസാന ട്വന്റി ലോകകപ്പായിരിക്കും ഇതെന്ന് ചിന്തിക്കുന്നവരും കുറവല്ല. ഇപ്പോഴും മികച്ച ഫോമില്‍ കളിക്കുന്ന കോഹ്‌ലി ഈ ഫോം എത്രനാള്‍ മുമ്പോട്ടു കൊണ്ടുപൊവും എന്നതിനെ അനുസരിച്ചിരിക്കും അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം.

Related Articles

Back to top button