Cricket

പഴയതു പോലെ തമാശ കളിക്കാന്‍ സമയമില്ല !! ടീമില്‍ അപായ സൈറണ്‍ മുഴക്കി സഞ്ജു സാംസണ്‍; ടീംമംഗങ്ങളോടു പറഞ്ഞിരിക്കുന്നത് ഇങ്ങനെ…

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ പഞ്ചാബ് കിംഗ്‌സ് മികച്ച വിജയം നേടിയിരുന്നു.

ഗുവാഹത്തി ബര്‍സാപര സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് എതിരാളികളുടെ മികച്ച ബൗളിംഗിനു മുമ്പില്‍ പിടിച്ചു നില്‍ക്കാനായില്ല. യുവതാരം റിയാന്‍ പരാഗ്(34 പന്തില്‍ 48) മാത്രമാണ് ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഒരു ഘട്ടത്തില്‍ എട്ടോവറില്‍ 48ന് നാല് എന്ന നിലയില്‍ തകര്‍ന്നെങ്കിലും നായകന്‍ സാം കറന്റെ മികച്ച ബാറ്റിംഗിന്റെ വിജയത്തില്‍ ജയിച്ചു കയറുകയായിരുന്നു. 41 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും സഹിതം 63 റണ്‍സ് നേടിയ കറന്‍ പുറത്താകാതെ നിന്നു.

നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ രാജസ്ഥാന് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അവസാനം കളിച്ച നാലു മത്സരങ്ങളിലും തോറ്റത് അവരുടെ ആത്മവിശ്വാസത്തെ ഒന്നാകെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല അടുത്ത കളി ജയിക്കാനായില്ലെങ്കില്‍ ഒരു പക്ഷെ പട്ടികയില്‍ മൂന്നാമതോ നാലാമതോ ആകാനുള്ള സാധ്യതയുമുണ്ട്. അത് ടീമിന് തിരിച്ചടിയാവും.

മത്സരശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്…

”ഞങ്ങള്‍ക്ക് കുറച്ച് റണ്‍സ് കൂടി ആവശ്യമായിരുന്നു. ഞങ്ങള്‍ക്ക് 10-15 റണ്‍സ് കുറവായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്ക് 160 റണ്‍സ് എളുപ്പത്തില്‍ ലഭിക്കുമായിരുന്നു , അവിടെയാണ് ഞങ്ങള്‍ കളി തോറ്റത്. ഒരു ബൗളിംഗ് ഓപ്ഷന്‍ കൂടി കിട്ടിയതില്‍ സന്തോഷമുണ്ട്.”

രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ അല്‍പ്പം മോശം ഫോമിലൂടെയാണ് കടന്നുപോകുന്നതെന്ന് സമ്മതിച്ച സഞ്ജു സാംസണ്‍, മാച്ച് വിന്നര്‍മാര്‍ പഴയ മികവിലേക്ക് തിരിച്ചെത്തണം എന്ന് അഭ്യര്‍ത്ഥിച്ചു.

”ഞങ്ങള്‍ പരാജയങ്ങളിലൂടെയാണ് കടന്നുപോകുന്നത്. തുടരെ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കണം. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. ആരെങ്കിലും മുന്നോട്ട് വന്നു ഉത്തരവാദിത്വം ഏറ്റെടുക്കണം. ധാരാളം മാച്ച് വിന്നര്‍മാര്‍ ഉള്ള ടീമാണ് ഇത്. സഞ്ജു പറയുന്നു.

വരാനിരിക്കുന്ന മത്സരങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നതായും സഞ്ജു പറഞ്ഞു.’200-ലധികം ടോട്ടലുകള്‍ എളുപ്പത്തില്‍ നേടുന്ന ഈ സീസണില്‍ ഇത്തരം വിക്കറ്റുകളില്‍ കളിക്കുന്നത് ഞങ്ങള്‍ ശീലമാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ഇനി സ്മാര്‍ട്ട് ക്രിക്കറ്റ് കളിക്കുകയും കൂട്ടുകെട്ടുകള്‍ കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. ഫലം ഞങ്ങള്‍ക്ക് അനുകൂലമാവുമെന്ന് പ്രതീക്ഷിക്കുന്നു.

Related Articles

Back to top button