Cricket

ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഒരു അപ്രതീക്ഷിത താരത്തിന് സാധ്യത!! എങ്കില്‍ ക്രിക്കറ്റ് ലോകത്തിനത് ആവേശമാവുമെന്ന് മുന്‍താരങ്ങള്‍

ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ അടുത്ത മാസം പ്രഖ്യാപിക്കാനിരിക്കെ, മികച്ച പ്രകടനത്തിലൂടെ ടീമില്‍ കയറിക്കൂടാമെന്ന പ്രതീക്ഷയിലാണ് എല്ലാതാരങ്ങളും.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് ഏറ്റവുമധികം മത്സരം നടക്കുന്നത്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം മത്സരരംഗത്തുണ്ട്. ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവരും ലോകകപ്പ് മോഹവുമായി നടക്കുന്ന വിക്കറ്റ് കീപ്പര്‍മാരാണ്.

അതേ സമയം ഈ സീസണില്‍ ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കുന്ന ഇതിഹാസ താരം എംഎസ് ധോണിയെ ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് ആരാധകര്‍.

ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച ഫിനിഷര്‍ താന്‍ ആണെന്ന് എംഎസ് ധോണി തന്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്. ഈ 43-ാം വയസിലും തനിക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് അയാള്‍ കാണിക്കുന്നു.

അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) സെലക്ടര്‍മാര്‍ 2024ലെ ട്വന്റി20 ലോകകപ്പിനുള്ള 15 കളിക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ എംഎസ് ധോണിയെ തിരഞ്ഞെടുക്കാനുള്ള ആശയമാണ് മുന്‍ താരങ്ങളടക്കമുള്ള ചില വിദഗ്ധര്‍ മുന്നോട്ടുവച്ചത്.

സ്റ്റാര്‍ സ്പോര്‍ട്സിലെ ഒരു ചാറ്റില്‍, ഇര്‍ഫാന്‍ പത്താനും ആരോണ്‍ ഫിഞ്ചും പോലുള്ളവര്‍ എംഎസ് ധോണിയെ ട്വന്റി20 ലോകകപ്പിനുള്ള ‘വൈല്‍ഡ്കാര്‍ഡ്’ ആക്കാനുള്ള സാധ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

”ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഞങ്ങള്‍ക്ക് ഒരു വൈല്‍ഡ്കാര്‍ഡ് എന്‍ട്രി കാണാന്‍ കഴിയുന്നു… എം.എസ് ധോണി,” എന്നു പറഞ്ഞ ആരോണ് ഫിഞ്ച് നിര്‍ദ്ദേശത്തെ ”ബിഗ് കാര്‍ഡ്” എന്ന് വിളിക്കുകയും ചെയ്തു.

ഈ ആശയം നല്ലത് ആണെന്ന് ഇര്‍ഫാന്‍ പത്താനും കരുതുന്നു. ”ടി20 ലോകകപ്പ് കളിക്കണമെന്ന് അയാള്‍ പറഞ്ഞാല്‍, ആരും അദ്ദേഹത്തിന് ആ അവസരം നിഷേധിക്കില്ല.. ആരും അത് കാര്യമാക്കില്ല, ആര്‍ക്കും പ്രശ്നമുണ്ടാക്കില്ല. അയാള്‍ വളരെ നന്നായി ബാറ്റ് ചെയ്യുന്നു.”

മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ക്രിക്ബസിനോട് പറഞ്ഞു.
”എംഎസ് ധോണിക്ക് ഈ സീസണില്‍ 250-ലധികം സ്ട്രൈക്ക്‌റേറ്റ് ഉണ്ട്, അങ്ങനെ ഒരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്താം.” സെവാഗ് പറയുന്നു.

മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആദം ഗില്‍ക്രിസ്റ്റുമായുള്ള ഒരു സംഭാഷണത്തില്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു.

അത്തരമൊരു തീരുമാനത്തിന് ധോണിയെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ രോഹിത് എന്നാല്‍,ഫോമിലുള്ള മറ്റൊരു വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ എളുപ്പമാണെന്നും പറഞ്ഞു.

Related Articles

Back to top button