Cricket

ആരൊക്കെ വന്നാലും പോയാലും അവന്റെ തട്ട് താഴ്ന്നിരിക്കും !! ഐപിഎല്ലിലെ ഏക്കാലത്തെയും മികച്ച താരം അവനെന്ന് കൈഫ്

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മുന്‍ നായകനുമായ എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇതെന്നാണ് കരുതുന്നത്.

പ്ലേ ഓഫ് ഉറപ്പിക്കാന്‍ അവസാന ലീഗ് മത്സരം വരെ സിഎസ്‌കെയ്ക്ക് കാത്തിരിക്കേണ്ട സ്ഥിതിയാണ് ഇത്തവണ. മെയ് 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് ചെന്നൈയുടെ എതിരാളികള്‍.

മത്സരത്തില്‍ ചെന്നൈയെ മികച്ച മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ ആര്‍സിബിയ്ക്കും പ്ലേഓഫിലെത്താം. എന്നാല്‍ മത്സരത്തില്‍ ചെന്നൈയ്ക്കാണ് കൂടുതല്‍ വിജയസാധ്യതയെന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് തുറന്നു പറയുന്നത്.

പേശീവലിവ് മൂലം കാല്‍മുട്ടിനു വേദന അനുഭവപ്പെടുന്ന എംഎസ് ധോണിയുടെ അവസ്ഥയെക്കുറിച്ചും കൈഫ് സംസാരിച്ചു. ബാറ്റിംഗ് ഓര്‍ഡറില്‍ ധോണി മുന്നോട്ട് വരുമെന്നും കൈഫ് പറഞ്ഞു.

”തന്റെ ഫ്രാഞ്ചൈസിക്ക് ഇതൊരു നോക്കൗട്ട് മത്സരമാണെന്ന് അവനറിയാം. ശ്രീലങ്കയ്ക്കെതിരായ 2011 ലോകകപ്പ് ഫൈനലില്‍ ധോണി ബാറ്റിംഗില്‍ സ്വയം പ്രമോഷന്‍ നേടിയിരുന്നു. ആ മത്സരത്തിന് മുമ്പ് അദ്ദേഹം ഫോമിലായിരുന്നില്ലെങ്കിലും ആ മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി.” കൈഫ് പറഞ്ഞു.

”ആര്‍സിബിക്കെതിരെ അദ്ദേഹം തീര്‍ച്ചയായും മധ്യനിരയില്‍ കളിക്കും. ധോനി ഒരു ചാമ്പ്യന്‍ ക്രിക്കറ്റ് താരമാണ്, മറ്റ് കളിക്കാരും അദ്ദേഹത്തിനൊപ്പം കളിക്കുമ്പോള്‍ മികവ് പ്രകടിപ്പിക്കുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈ.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ മത്സരത്തില്‍ 2 പന്തില്‍ 10 റണ്‍സ് വേണ്ടിയിരുന്ന അവര്‍ തോല്‍ക്കുമെന്നാണ് കരുതിയത്. ഒരു സിക്‌സും ഫോറും പറത്തിയാണ് ജഡേജ സുപ്രധാന മത്സരത്തില്‍ വിജയിച്ചത്. ഇതാണ് ധോണിയുടെ സ്വാധീനം.” കൈഫ് പറഞ്ഞു.

ഐപിഎല്ലില്‍ ഏതൊക്കെ ക്യാപ്റ്റന്മാര്‍ വന്നാലും ധോണിയുടെ തട്ട് താഴ്ന്നിരിക്കുമെന്നും കൈഫ് പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുക എന്ന ഗുണമേന്മയുള്ള ഒരേയൊരു കളിക്കാരന്‍ ധോണിയാണെന്നും കൈഫ് പറയുന്നു.

”അവന്‍ ശാന്തനായി തുടരുകയും തെറ്റുകള്‍ കുറയ്ക്കാന്‍ എല്ലാവരോടും പറയുകയും ചെയ്യുന്നു. ഡെത്ത് ഓവറില്‍ മുഹമ്മദ് സിറാജിനെതിരെ ധോണി ഇറങ്ങിയേക്കും. സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള മത്സരത്തില്‍ ധോണിയും സിറാജും തമ്മിലുള്ള മത്സരമാണ് ഞാന്‍ കാണുന്നത്, ”സ്റ്റാര്‍ സ്പോര്‍ട്സില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

ആര്‍സിബി-സിഎസ്‌കെ മത്സരത്തില്‍ സിഎസ്‌കെ വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടാലും അവര്‍ക്ക് സാധ്യതയുണ്ട്, പക്ഷെ അതിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടു മത്സരങ്ങളില്‍ തോല്‍ക്കണം എന്നുമാത്രം. എന്തായാലും ധോണിയും ചെന്നൈയും വലിയ പ്രതീക്ഷയോടെയാണ് നാളെ കളത്തിലിറങ്ങുക.

Related Articles

Back to top button