Cricket

ലോകകപ്പ് ടീമില്‍ കറുത്ത വര്‍ഗക്കാരനായി റബാഡ മാത്രം!! ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ വന്‍വിവാദം

പ്രഥമ ഐസിസി കിരിടം എന്ന പതിവ് ലക്ഷ്യവുമായി ഇത്തവണയും ലോകകപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന് തുടക്കത്തില്‍ തന്നെ കല്ലുകടി.

പ്രോട്ടിയാസിന്റെ ലോകകപ്പ് സ്‌ക്വാഡിനെതിരേ ദക്ഷിണാഫ്രിക്കയുടെ മുന്‍ കായിക മന്ത്രി ഫിക്കിലെ ബാലുലയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

15 അംഗ ടീമില്‍ കറുത്ത വര്‍ഗക്കാരനായി പേസര്‍ കഗിസോ റബാഡയെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നതാണ് ബാലുലയെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കന്‍ നിയമനുസരിച്ച് കുറഞ്ഞത് ആറ് താരങ്ങളെങ്കിലും കളേര്‍ഡ്(സങ്കരവര്‍ഗം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വംശജര്‍,അഫ്രിക്കന്‍ വംശജന്‍) വിഭാഗങ്ങളില്‍ നിന്നാകണമെന്നുണ്ട്. അതില്‍ തന്നെ രണ്ടു പേര്‍ കറുത്ത വര്‍ഗക്കാരാകണമെന്നും നിബന്ധനയുണ്ട്.

എന്നാല്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ലോകകപ്പ് ടീമില്‍ കറുത്ത വര്‍ഗക്കാരനായി റബാഡ മാത്രമാണ് ഇടംപിടിച്ചത്.

റീസാ ഹെന്‍ട്രിക്‌സ്, ജോണ്‍ ഫോര്‍ട്ടൂയിന്‍, കേശവ് മഹാരാജ്, ടബ്രെയ്‌സ് ഷംസി, ഓട്ട്‌നീല്‍ ബാര്‍ട്ട്മാന്‍ എന്നിവരാണ് കളേര്‍ഡ് വിഭാഗത്തില്‍ നിന്നുള്ള മറ്റുള്ളവര്‍.

കറുത്ത വര്‍ഗക്കാരനായി രണ്ടു പേര്‍ വേണ്ടിടത്ത് റബാഡയെ മാത്രം ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ട്രാവലിംഗ് റിസര്‍വായി മറ്റൊരു പേസര്‍ ലുംഗി എന്‍ഗിഡിയും സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ടീമില്‍ അല്ലാത്തതിനാല്‍ അതിന് സാധുതയില്ല.

”ഒരേയൊരു ആഫ്രിക്കന്‍ കളിക്കാരന്‍ മാത്രമാണ് 2024ലെ ട്വന്റി20 ലോകകപ്പിനുള്ള പ്രോട്ടീയാസ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. തീര്‍ച്ചയായും ഇത് പരിവര്‍ത്തനത്തില്‍ നിന്നുള്ള തിരിച്ചു നടത്തമാണ്. ദക്ഷിണാഫ്രിക്കാരുടെ ന്യായമായ പ്രാതിനിത്യം ടീമില്‍ ഇത് ഉറപ്പാക്കുന്നില്ല” ബാലുല പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും ഐസിസിയുടെയും മുന്‍ പ്രസിഡന്റായിരുന്ന റേ മാലിയും സമാനമായ അഭിപ്രായമാണ് പങ്കുവച്ചത്. രാജ്യത്ത് ക്രിക്കറ്റ് പിന്നിലോട്ട് പോകുന്നതാണ് ഈ സ്‌ക്വാഡ് സൂചിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

”വളരെയധികം നേട്ടങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ക്രിക്കറ്റിനെ സംബന്ധിച്ച് മുമ്പോട്ട് പോകുന്നതിനു പകരം പിന്നോട്ടാണ് പോയിരിക്കുന്നത്.” മാലി എസ്എബിസി സ്‌പോര്‍ടിനോടു പറഞ്ഞു.

”എന്തു കൊണ്ടാണ് ഇതുവരെ കൂടുതല്‍ കറുത്തവര്‍ഗക്കാരായ കളിക്കാര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ എത്താത്തത് എന്ന് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇത് അംഗീകരിക്കാവുന്നതല്ല.” മാലി കൂട്ടിച്ചേര്‍ത്തു.

ഈ ടീം സെലക്ഷന്‍ രാജ്യത്തെ കറുത്ത വര്‍ഗക്കാരെ വഞ്ചിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടെംബ ബാവുമയെ ഒഴിവാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് പലരും ടീം സെലക്ഷനെ വിമര്‍ശിക്കുന്നത്. കഴിഞ്ഞ രണ്ട് ട്വന്റി20 ലോകകപ്പിലും ടീമിനെ നയിച്ചത് ബാവുമയായിരുന്നു. എന്തായാലും മെയ് 25 വരെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് അധികാരമുള്ളതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനര്‍വിചിന്തനം ചെയ്യുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

Related Articles

Back to top button