Cricket

ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരിക്കണം!! അതിന്റെ കാരണങ്ങള്‍ നിരത്തി ഗൗതം ഗംഭീര്‍

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വരണമെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഗൗതം ഗംഭീര്‍.

മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണെ മറികടന്ന് പന്തിനെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളും മുന്‍ താരം വിശദീകരിച്ചു.

സ്പോര്‍ട്സ്‌കീഡ ക്രിക്കറ്റിന്റെ മാച്ച് കി ബാത്ത് ഷോയില്‍ സംസാരിക്കവേയായിരുന്നു ഗംഭീര്‍ മനസ്സു തുറന്നത്. ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ സാംസണ്‍ ഒരു ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എന്ന നിലയിലാണ് കളിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞൂ.

ഇന്ത്യയ്ക്ക് ഇതിനകം തന്നെ രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി എന്നിവരുള്ളതിനാല്‍, ഋഷഭ് പന്ത് ആദ്യ ഇലവനില്‍ ഇടംപിടിക്കണമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ”രണ്ടുപേര്‍ക്കും തുല്യ നിലവാരമുണ്ട്.

സഞ്ജുവിന് അതിശയകരമായ നിലവാരമുണ്ട്, കൂടാതെ ഋഷഭ് പന്തിനും മികച്ച നിലവാരമുണ്ട്. എനിക്ക് തിരഞ്ഞെടുക്കേണ്ടിവന്നാല്‍, ഞാന്‍ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും, കാരണം അവന്‍ ഒരു സ്വാഭാവിക മധ്യനിര ബാറ്ററാണ്.

സഞ്ജു, നിങ്ങള്‍ ഐപിഎല്ലില്‍ കാണുകയാണെങ്കില്‍ അവന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. ഋഷഭ് അഞ്ചിലും ആറിലും ഏഴിലും ബാറ്റ് ചെയ്തിട്ടുണ്ട്, ”ഗംഭീര്‍ പറഞ്ഞു.

”ടീം ഇന്ത്യയുടെ കോമ്പിനേഷന്‍ നോക്കുമ്പോള്‍, ടോപ് ഓര്‍ഡറിലല്ല വിക്കറ്റ് കീപ്പര്‍ ബാറ്ററെ വേണ്ടത്. അതിനാല്‍ ഞാന്‍
ഋഷഭ് പന്തില്‍ നിന്ന് തുടങ്ങും. അവന്‍ ഒരു ഇടംകൈയ്യനാണ്. ഇടംകൈ-വലത് കൈ കോമ്പിനേഷന്‍ നമുക്ക് വേണം” ഗംഭീര്‍ പറയുന്നു.

സഞ്ജുവിന് മുകളില്‍ ഋഷഭ് വരാനുള്ള സാധ്യതകള്‍ കൂടുതല്‍ ആണെന്നാണ് വിദഗ്ധര്‍ ഉള്‍പ്പടെ പറയുന്നത്. എന്നാല്‍ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റര്‍മാരിലൊരാളാണ് സഞ്ജു.

സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന മലയാളി താരം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്. മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സഞ്ജുവിന്റെ നായകത്വത്തില്‍ രാജസ്ഥാന്‍ പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു.

Related Articles

Back to top button