Cricket

ജയില്‍ നിന്ന് ലോകകപ്പ് കളിക്കാന്‍ സൂപ്പര്‍ സ്പിന്നര്‍; ഇനി കളിമാറും!!

ഇത്തവണത്തെ ലോകകപ്പിലെ അത്ഭുത ടീമുകളിലൊന്നാകും നേപ്പാള്‍

നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിലാണ് സന്ദീപ് ലാമിച്ചാനെ എന്ന യുവസ്പിന്നറുടെ സ്ഥാനം. ഐപിഎല്ലില്‍ കളിച്ച ആദ്യ നേപ്പാള്‍ താരമെന്ന നേട്ടത്തോടെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് പീഡനക്കേസില്‍ താരം അകത്താകുന്നതും ടീമില്‍ നിന്ന് പുറത്താകുന്നതും.

പിന്നീട് അറസ്റ്റിലായതോടെ താരത്തെ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് നേപ്പാള്‍ വിലക്കുകയും ചെയ്തു. കോടതിയിലും കേസ് തോറ്റതോടെ കരിയര്‍ തന്നെ അവസാനിച്ചുവെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ മേല്‍ക്കോടതി ലാമിച്ചാനെ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതോടെ താരത്തിന്റെ തിരിച്ചുവരവ് വീണ്ടും നടന്നിരിക്കുന്നു.

വിധി വന്നതിനു തൊട്ടുപിന്നാലെ നേപ്പാള്‍ ബോര്‍ഡ് താരത്തിന്റെ വിലക്ക് പിന്‍വലിച്ചു. നേപ്പാള്‍ ടീം ലോകകപ്പിനായി ഇപ്പോള്‍ വിന്‍ഡീസില്‍ പരിശീലനത്തിലാണ്. ടീമിനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മേയ് 25 വരെ ടീമില്‍ മാറ്റംവരുത്താന്‍ അനുമതിയുള്ളതിനാല്‍ അടുത്ത ദിവസം തന്നെ ലാമിച്ചാനെയെ ടീമിനൊപ്പം ചേരാന്‍ അയയ്ക്കാനാണ് പദ്ധതി.

നേപ്പാളിനെ പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പിലേക്ക് തിരികെയെത്തിച്ചത് യോഗ്യതറൗണ്ടിലെ ലാമിച്ചാനെയുടെ പ്രകടനമായിരുന്നു. ഇന്ത്യക്കാരനായ മോണ്ടി ദേശായി പരിശീലിപ്പിക്കുന്ന നേപ്പാള്‍ ടീമിന്റെ ശരാശരി പ്രായം 23 വയസാണ്. 22കാരനായ രോഹിത്കുമാര്‍ പൗഡലാണ് അവരുടെ നായകന്‍.

ഇത്തവണ ലോകകപ്പില്‍ വലിയ അത്ഭുതങ്ങള്‍ നടത്താന്‍ ശേഷിയുള്ള ടീമാണ് നേപ്പാളിന്റേത്. കഴിഞ്ഞ ആറുമാസമായി ടീം ലോകകപ്പിനായുള്ള ഒരുക്കത്തിലായിരുന്നു. ഒരുപിടി യുവതാരങ്ങളുടെ സാന്നിധ്യം തന്നെയാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്.

സ്വദേശി താരങ്ങള്‍ മാത്രം

നേപ്പാള്‍ ടീമില്‍ മറ്റ് അസോസിയേറ്റ് രാജ്യങ്ങളിലേത് പോലെ കുടിയേറ്റ താരങ്ങളില്ല. എല്ലാവരും നേപ്പാളില്‍ ജനിച്ചുവളര്‍ന്ന താരങ്ങള്‍ മാത്രമാണ്. മറ്റ് രണ്ടാംനിര രാജ്യങ്ങള്‍ക്ക് കാര്യമായ ആരാധകപിന്തുണയില്ലെങ്കില്‍ നേരെ തിരിച്ചാണ് നേപ്പാളിന്റെ കാര്യം. സ്വന്തം രാജ്യത്ത് ടീം കളിക്കുമ്പോള്‍ സ്‌റ്റേഡിയത്തിലെത്തുന്നത് 20,000-25,000 കാണികളാണ്.

ഇത്തവണത്തെ ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് നേപ്പാളിന്റെ സ്ഥാനം. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കൊപ്പമാണ് നേപ്പാളും കളിക്കുന്നത്. ഒന്നോ രണ്ടോ ടീമുകളെ അട്ടിമറിച്ച് അടുത്ത റൗണ്ടിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും.

Related Articles

Back to top button