Cricket

അയ്യോ രാഹുലേട്ടാ പോവല്ലേ…എന്ന് സീനിയര്‍ താരങ്ങള്‍!! ഇനിയൊരങ്കത്തിന് ബാല്യമില്ല മക്കളേയെന്ന് ദ്രാവിഡ്…

ട്വന്റി20 ലോകകപ്പിനു ശേഷം രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുമെന്ന് വ്യക്തമായതോടെ പുതിയ പരിശീലകനാരെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

പുതിയ പരിശീലകനെ തേടികൊണ്ട് ബിസിസിഐ കഴിഞ്ഞ ദിവസം ബിസിസിഐ പരസ്യം പുറത്തിറക്കിയിരുന്നു. ദ്രാവിഡിന് ഇനിയും ആവശ്യമെങ്കിലും അപേക്ഷിക്കാം എന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ അറിയിച്ചെങ്കിലും അദ്ദേഹത്തിന് താല്‍പര്യമില്ലെന്ന് അറിയിച്ചു കഴിഞ്ഞു.

എന്നാല്‍ ദ്രാവിഡ് തുടരണമെന്ന് ചില സീനിയര്‍ താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍ ഏതൊക്കെ താരങ്ങളാണ് ദ്രാവിഡ് വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് വ്യക്തമല്ല. വരുന്ന ഒരു വര്‍ഷമെങ്കിലും ടെസ്റ്റ് ടീമിനൊപ്പം ദ്രാവിഡ് വേണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ദ്രാവിഡ് ഉറച്ചു നില്‍ക്കുയായിരുന്നു. യഥാര്‍ത്ഥത്തില്‍ 2023 ഏകദിന ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാന്‍ ഒരുങ്ങുകയായിരുന്നു ദ്രാവിഡ്. എന്നാല്‍ ടി20 ലോകകപ്പ് വരെ തുടരാന്‍ തീരുമാനിച്ചത് ബിസിസിഐയുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു.

മൂന്നു ഫോര്‍മാറ്റിനും വ്യത്യസ്ഥ പരിശീലകര്‍ ആവശ്യമില്ലെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

”ദ്രാവിഡിന്റെ കാലാവധി ജൂണ്‍ വരെയാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം. കോച്ചിംഗ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും.” പുതിയ പരിശീലകനായുള്ള തിരിച്ചിലിനെക്കുറിച്ച് ജയ് ഷാ പറഞ്ഞതിങ്ങനെയായിരുന്നു.

വിദേശ പരിശീലകര്‍ വരാനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലകനും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനുമായ സ്റ്റീഫന്‍ ഫ്‌ളെമിംഗിന്റെ പേരാണ് ഏറ്റവുമധികം പറഞ്ഞു കേള്‍ക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലകനും ഓസീസ് ഇതിഹാസവുമായ റിക്കി പോണ്ടിംഗും റഡാറിലുണ്ട്.

Related Articles

Back to top button