Cricket

എന്നെ ശരിക്കും ടീമില്‍ നിന്ന് ചവിട്ടി പുറത്താക്കുയായിരുന്നു !! മുന്‍ സെലക്ടര്‍ക്കെതിരേ ആഞ്ഞടിച്ച് ഇര്‍ഫാന്‍ പത്താന്‍

ഒരു കാലത്ത് സാക്ഷാല്‍ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍.

2003ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഇര്‍ഫാന്‍ 2003നും 2012നും ഇടയില്‍ രാജ്യത്തിനായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചു.

എന്നിരുന്നാലും, തുടര്‍ച്ചയായ കാല്‍മുട്ടിനേറ്റ പരിക്കുകള്‍ അദ്ദേഹത്തിന്റെ കരിയറില്‍ വില്ലനായി. 2012 ല്‍ ഇന്ത്യയ്ക്കായി തന്റെ അവസാന മത്സരം കളിച്ചപ്പോഴും, ഒരു ദിവസം തിരിച്ചുവിളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ 2019 വരെ ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം തുടര്‍ന്നു.

എന്നിരുന്നാലും, 2020 ജനുവരിയില്‍, ഗെയിമിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

പലപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷനെപ്പറ്റി ഉയരുന്ന ആരോപണങ്ങളിലൊന്നാണ് സ്വജനപക്ഷപാതം. ഇപ്പോഴിതാ ടീമിലെ പക്ഷപാതം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവെ മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണമാചാരി ശ്രീകാന്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്റെ വാക്കുകള്‍ ഇങ്ങനെ…ശ്രീകാന്ത് സാര്‍ സെലക്ടറായിരിക്കുമ്പോള്‍ ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. എനിക്ക് പരിക്കേല്‍ക്കുകയും പുറത്താക്കപ്പെടുകയും ചെയ്തു.

പിന്നെ എനിക്ക് ഒരിക്കലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകാന്‍ എനിക്ക് പറ്റിയിട്ടില്ല. എന്നെ ശരിക്കും ചവിട്ടി പുറത്താക്കുക ആയിരുന്നു. എനിക്ക് ആരോടും പരാതിയൊന്നും ഇല്ല.

ഒരു മോശം പര്യടനത്തിനും പരിക്കിനും ശേഷം ഒരു കളിക്കാരന്റെ മാച്ച് വിന്നിംഗ് പ്രകടനങ്ങളെ സെലക്ടര്‍മാര്‍ പലപ്പോഴും അവഗണിച്ചതെങ്ങനെയെന്ന് ഇര്‍ഫാന്‍ വിശദീകരിച്ചു.

‘ പലപ്പോഴും കഴിവുള്ള താരങ്ങള്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമാണ് ഇത്. പരിക്ക് കാരണം ഒരാള്‍ പുറത്തായാല്‍ പിന്നെ അദ്ദേഹത്തിന് തിരിച്ചുവരവ് പാടാണ്. അല്ലെങ്കില്‍ ഒരു മോശം പരമ്പര വന്നാല്‍ അവര്‍ക്ക് പിന്നെ സ്ഥാനമില്ല. ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്. ഇര്‍ഫാന്‍ പറയുന്നു.

Related Articles

Back to top button