Cricket

സാക്ഷാല്‍ എംഎസ് ധോണിയെ പുറത്താക്കി പിന്നെയാണോ രാഹുല്‍!! സഞ്ജീവ് ഗോയങ്ക എന്ന പക്കാ ബിസിനസ്മാന്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നാണംകെട്ട തോല്‍വി വഴങ്ങിയതിനു പിന്നാലെ ടീമിന്റെ നായകന്‍ കെ എല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി പൊട്ടിത്തെറിച്ചത് വലിയ ചര്‍ച്ചയായിരുന്നു.

ഗോയങ്കയ്‌ക്കെതിരേ വലിയ ആരാധക രോഷമാണുണ്ടാവുന്നത്. അതേസമയം ഗോയങ്ക ആദ്യമായല്ല ഇത്തരത്തില്‍ താരങ്ങളെ അവഹേളിക്കുന്നത്.

സാക്ഷാല്‍ എംഎസ് ധോണിയ്‌ക്കെതിരേ പോലും ഗോയങ്ക ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു.

ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് 2016ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷ വിലക്ക് വന്നതോടെ രണ്ട് സീസണുകളിലേക്ക് മാത്രമായി രണ്ട് ടീമുകളെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അങ്ങനെയാണ് സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയില്‍ റൈസിംഗ് പൂന സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ലയണ്‍സും ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്. ചെന്നൈ നായകനായിരുന്ന എം എസ് ധോണിയായിരുന്നു പൂനയുടെയും നായകന്‍.

എട്ട് ടീമുകളുണ്ടായിരുന്ന അരങ്ങേറ്റ സീസണില്‍ ധോണിക്ക് കീഴില്‍ ഏഴാം സ്ഥാനത്താണ് പൂനെ ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനായ ധോണിയെ ഗോയങ്ക ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത്.

തുടര്‍ന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്തിനെയാണ് പകരം ടീമിന്റെ നായകനാക്കിയത്. അടുത്ത സീസണില്‍ സ്മിത്തിന് കീഴില്‍ പൂനെ ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു.

അന്ന് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ ആരാധകര്‍ ഗോയങ്കയക്കെതിരേ രംഗത്തുവന്നിരുന്നു.

എന്നാല്‍ ധോണിയും താനും തമ്മില്‍ വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നും ധോണിയുടെ കടുത്ത ആരാധകനാണ് താനെന്നും വ്യക്തമാക്കിയ ഗോയങ്ക യുവതാരത്തെ നായകനാക്കാന്‍ വേണ്ടിയാണ് ധോണിയെ മാറ്റിയതെന്നും തുറന്നു പറയുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനെന്ന നിലയില്‍ സ്മിത്ത് കഴിവു തെളിയിച്ചിട്ടുണ്ടെന്നും ഗോയങ്ക അന്ന് പറഞ്ഞിരുന്നു.
സഞ്ജീവ് ഗോയങ്ക ധോണിക്കെതിരെ പരസ്യമായി ഒന്നും പറഞ്ഞില്ലെങ്കിലും മൂത്ത സഹോദരന്‍ ഹര്‍ഷ ഗോയങ്ക സോഷ്യല്‍ മീഡിയയിലൂടെ ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തിയതും അതിന് ധോണിയുടെ ഭാര്യ സാക്ഷി മറുപടി നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.

സ്മിത്തിന്റെ കീഴില്‍ പൂനെ ജയിച്ചതിന് പിന്നാലെ ആരാണ് കാട്ടിലെ രാജാവെന്ന് ഇപ്പോള്‍ മനസിലായോ എന്നും സ്മിത്തിനെ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്നുമായിരുന്നു ഗോയങ്കയുടെ ട്വീറ്റ്.

എന്നാല്‍ പക്ഷികള്‍ ജീവനോടെ ഇരിക്കുമ്പോള്‍ ഉറുമ്പുകളെ തിന്നുമെന്നും എന്നാല്‍ പക്ഷികള്‍ ചത്തു കഴിഞ്ഞാല്‍ ഉറുമ്പുകള്‍ പക്ഷികളെ തിന്നുമെന്നും സാഹചര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്നും സാക്ഷി ധോണി മറുപടി നല്‍കിയിരുന്നു.

നിങ്ങള്‍ ഇന്ന് ശക്തനായിരിക്കും, പക്ഷെ കാലമാണ് ഏറ്റവും വലിയ ശക്തനെന്നും സാക്ഷി ധോണി മറുപടിയില്‍ പറഞ്ഞു. ഒരു മരത്തില്‍ നിന്ന് ഒരുപാട് തീപ്പെട്ടിക്കൊള്ളികളുണ്ടാക്കാമെങ്കിലും ഒരു തീപ്പെട്ടിക്കൊള്ളി മതി ഒരുപാട് മരങ്ങളെ ചുട്ടു ചാമ്പലാക്കാനെന്നും സാക്ഷി ഹര്‍ഷ ഗോയങ്കക്ക് മറുപടിയായി ട്വീറ്റ് ചെയ്തിരുന്നു.

അന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തനായ ധോണിയെ വെറുപ്പിച്ച സഞ്ജീവ് ഗോയങ്ക ശാന്തനായ കെ.എല്‍ രാഹുലിനെതിരേ ഇങ്ങനെയുള്ള പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ മാത്രമേ അദ്ഭുതമുള്ളൂ എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്.

അതിനാല്‍ തന്നെ ഇനിയൊരു സീസണില്‍ കൂടി ലഖ്‌നൗവിനെ നയിക്കാന്‍ കെ എല്‍ രാഹുല്‍ ടീമില്‍ ഉണ്ടാവില്ലെന്ന് ആരാധകര്‍ തറപ്പിച്ചു പറയുകയാണ്.

Related Articles

Back to top button