Cricket

ഗ്ലെന്‍ മാക്‌സ് വെല്‍ ആശുപത്രിയില്‍!! അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം ഗ്ലെന്‍ മാക്‌സ്‌വെലിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ.രാത്രിയിലെ കറക്കത്തിനു ശേഷം താരം ആംബുലന്‍സില്‍ അഡ്‌ലെയ്ഡിലെ ആശുപത്രിയില്‍ പ്രവേശിച്ചതാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വിഷയത്തില്‍ അന്വേഷണത്തിന് പ്രേരിപ്പിച്ചത്.

മാക്‌സ്‌വെല്‍ ടീമിലെ സഹതാരങ്ങള്‍ക്കും ചില വെസ്റ്റ് ഇന്‍ഡീസ് കളിക്കാര്‍ക്കുമൊപ്പം മുന്‍ ദേശീയ താരം ബ്രെറ്റ്‌ലിയുടെ മ്യൂസിക് ബാന്‍ഡായ സിക്‌സ് ആന്‍ഡ് ഔട്ടിന്റെ പരിപാടി കാണാനായി രാത്രിയില്‍ പോയിരുന്നു. ഇതിനു ശേഷമായിരുന്നു താരത്തിന്റെ ആശുപത്രി പ്രവേശം.

അതേസമയം ഹോസ്പിറ്റലില്‍ താരം രാത്രിമുഴുവന്‍ തങ്ങിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി20യ്ക്കായുള്ള ട്രെയിനിംഗിനായി തിരികെയെത്തുകയും ചെയ്തു.

എന്നാല്‍ എന്തിനാണ് മാക്‌സ് വെല്‍ ആശുപത്രിയിലേക്ക് പോയതെന്ന കാര്യം അജ്ഞാതമായി തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഫെബ്രുവരി രണ്ടിന് തുടങ്ങുന്ന ഏകദിന പരമ്പരയില്‍ താരത്തിന് വിശ്രമം അനുവദിച്ചെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു. എന്നാല്‍ ഇതിന് താരത്തിന്റെ ആശുപത്രി പ്രവേശവുമായി ബന്ധമൊന്നുമില്ലെന്നും അവര്‍ വ്യക്തമാക്കി.

മാക്‌സ് വെലിനും ജൈ റിച്ചാര്‍ഡ്‌സണും പകരം ജേക് ഫ്രേസര്‍ മക്ഗുര്‍ക്കിനെയും സേവ്യര്‍ ബാര്‍ലെറ്റിനെയും ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

21 വയസുകാരനായ മക്ഗുര്‍ക്കിനെ ഓസ്‌ട്രേലിയയിലെ ഏറ്റവും മികച്ച യുവതാരമെന്നാണ് മാക്‌സ്‌വെല്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറില്‍ ഗോള്‍ഫ് കാര്‍ട്ടില്‍ വീണ് മാക്‌സ് വെല്ലിന് പരിക്കേറ്റിരുന്നു. അതിനു മുമ്പ് 2022ല്‍ സുഹൃത്തിന്റെ പാര്‍ട്ടിയ്ക്കിടെ തെന്നി വീണ് അഞ്ചു മാസത്തോളം മത്സര രംഗത്തു നിന്ന് വിട്ടു നിന്നിരുന്നു.

Related Articles

Back to top button