Sports News

പാക്കിസ്ഥാനെ അടിച്ച് പറത്തിയും എറിഞ്ഞൊതുക്കിയും റെക്കോഡിട്ട് ഹെയ്‌ലി മാത്യൂസ്!! ചരിത്രനേട്ടം

വെസ്റ്റ് ഇന്‍ഡീസും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന മൂന്ന് മത്സര വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. പാകിസ്ഥാനെ 113 റണ്‍സിനാണ് വിന്‍ഡീസ് പരാജയപെടുത്തിയത്.

കറാച്ചി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സാണ് സന്ദര്‍ശകര്‍ നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 35.5 ഓവറില്‍ 156 റണ്‍സിന് പുറത്താവുകയായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിനായി 150 പന്തില്‍ 140 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹെയ്ലി മാത്യൂസ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 15 ഫോറുകളും ഒരു സിക്‌സുമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. 45 റണ്‍സ് നേടിയ ഷെര്‍മെയിന്‍ കാംബല്ലെയും വിന്‍ഡീസിനായി മികച്ച പ്രകടനം പുറത്തെടുത്തു.

ബൗളിംഗിലും പാക്കിസ്ഥാനെ തകര്‍ത്തത് ഹെയ്‌ലി ആണ്. ആറ് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. സെയ്താ ജയിംസ്, അസി ഫ്ലക്ചര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഷാമില കൊന്നല്‍, ചിന്നലെ ഹെന്റി എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ഒരു റിട്ടേണ്‍ ക്യാച്ചും ഹെയ്‌ലി നേടിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കെല്ലാം പിന്നാലെ ഒരു ചരിത്ര നേട്ടമാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറിയും, 3+ വിക്കറ്റും, ഒരു ക്യാച്ചും നേടുന്ന ആദ്യ വനിത താരമെന്ന നേട്ടമാണ് ഹെയ്‌ലി മാത്യൂസ് സ്വന്തമാക്കിയത്.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും വിന്‍ഡീസിനായി. ഏപ്രില്‍ 21ന് ഇതേ വേദിയില്‍ തന്നെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

Related Articles

Back to top button