Cricket

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അസ്തമിക്കുന്നു!! ബിഹാറിനെതിരേ കുറഞ്ഞ സ്‌കോറിന് പുറത്ത്

രഞ്ജിട്രോഫിയില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താനുള്ള നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിന് തിരിച്ചടി. ആദ്യ ഇന്നിംഗ്‌സില്‍ ടീം 227 റണ്‍സിനു പുറത്തായി. 137 റണ്‍സ് നേടിയ ശ്രേയസ് ഗോപാലിനു മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. അക്ഷയ് ചന്ദ്രന്‍(37), ജലജ് സക്‌സേന(22) എന്നിവര്‍ മാത്രമാണ് ശ്രേയസിനെ കൂടാതെ രണ്ടക്കം കണ്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി ലഭിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 14 റണ്‍സെത്തിയപ്പോള്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നമ്മലിനെ(5) നഷ്ടമായ കേരളത്തിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്മായി.

രോഹന് പിന്നാലെ സച്ചിന്‍ ബേബി(1), ഓപ്പണര്‍ ആനന്ദ് കൃഷ്ണന്‍(9), വിഷ്ണു വിനോദ്(0) എന്നിവരും മടങ്ങിയതോടെ കേരളം 34-4ലേക്ക് കൂപ്പുകുത്തി. ക്രമമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായ കേരളത്തെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ശ്രേയസിന്റെ സെഞ്ചുറിയാണ്.

അഞ്ചാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനും ശ്രേയസ് ഗോപാലും ചേന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തിന് പ്രതീക്ഷ നല്‍കി. 37 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്‍ പുറത്തായതിന് പിന്നാലെ വിഷ്ണു രാജ്(1) പെട്ടെന്ന് മടങ്ങിയെങ്കിലും ജലജ് സക്‌സേനയുടെ(22) പിന്തുണയില്‍ ശ്രേയസ് കേരളത്തെ 150 കടത്തി. സ്‌കോര്‍ ബോര്‍ഡില്‍ 163 റണ്‍സെത്തിയപ്പോഴേക്കും ജലജ് സക്‌സേനയും മടങ്ങിയെങ്കിലും വാലറ്റക്കാരെ സാക്ഷി നിര്‍ത്തി ഒറ്റക്ക് പൊരുതിയ ശ്രേയസ് സെഞ്ചുറിയിലെത്തി.

176 റണ്‍സില്‍ ഒമ്പതാം വിക്കറ്റും നഷ്ടമായെങ്കിലും അവസാന വിക്കറ്റില്‍ അഖിനെ ഒരറ്റത്ത് നിര്‍ത്തിയാണ് ശ്രേയസ് സെഞ്ചുറിയിലെത്തിയത്. ബിഹാറിനായി ഹിമാന്‍ഷു സിംഗ് നാലും വീര്‍പ്രതാപ് സിംഗ് മൂന്നും വിക്കറ്റ് വീഴ്ത്തി.

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടു നില്‍ക്കുന്ന മത്സരത്തില്‍ രോഹന്‍ കുന്നുമ്മല്‍ ആണ് കേരളത്തെ നയിക്കുന്നത്.

രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നാലു പോയിന്റ് മാത്രമുള്ള കേരളത്തിന് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ബിഹാറിനെതിരേ ജയം അനിവാര്യമാണ്.

Related Articles

Back to top button