Sports News

ടീറ്റെ, ഇന്ത്യന്‍ ഫുട്‌ബോളിന് മിസോറമില്‍ നിന്നൊരു രക്ഷകന്‍!

ഇന്ത്യന്‍ ഫുട്‌ബോളിന്റെ നേഴ്‌സറി ഏതാണ്. പത്ത് ഇരുപത് വര്‍ഷം മുമ്പായിരുന്നു ചോദ്യമെങ്കില്‍ ഉത്തരം ചിലപ്പോള്‍ കേരളമെന്നായിരുന്നു. എന്നാലിപ്പോള്‍ ആ സ്ഥാനത്തേക്ക് മിസോറം എന്ന കൊച്ചു സംസ്ഥാനം കയറി വന്നിരിക്കുന്നു. ഇന്ത്യന്‍ ക്ലബുകള്‍ക്ക് താരങ്ങളെ വിതരണം ചെയ്യുന്നൊരു സപ്ലയറായി മിസോറം മാറിയിരിക്കുന്നു. എത്രയെത്ര താരങ്ങളാണ് മിസോറമില്‍ നിന്ന് രാജ്യത്തെ ചെറുതും വലുതുമായ ക്ലബുകളില്‍ പന്തുതട്ടുന്നത്.

മിസോറമിന്റെ ഈ കുതിപ്പുകള്‍ക്ക് പിന്നിലൊരു 42 കാരന്റെ അദ്ധ്വാനമുണ്ട്, വിയര്‍പ്പുണ്ട്. അയാളുടെ പേരാണ് ലാല്‍ഗിന്‍ഗ്ലോവ മര്‍ എന്ന ടീറ്റെ. മിസോറം ഫുട്‌ബോളിന്റെ പിതാവെന്നാണ് അദേഹം അറിയപ്പെടുന്നത്. മിസോറം ഫുട്‌ബോള്‍ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന ടീറ്റെയെന്നെ അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ പുതിയ ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ്.

ലീഗ് കമ്മിറ്റിയുടെ ചെയര്‍മാനായിട്ടാണ് ടീറ്റെയെ നിയോഗിച്ചിരിക്കുന്നത്. സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായിട്ടാണ് ടീറ്റെ കരിയര്‍ തുടങ്ങുന്നത്. പിന്നീട് അദേഹം മിസോറം ഫുട്‌ബോളിന്റെ തലപ്പത്ത് എത്തിയതോടെയാണ് അവിടുത്തെ ഫുട്‌ബോളിന്റെ ചരിത്രം തന്നെ മറ്റൊരു വഴിക്കാകുന്നത്.

സ്‌കൂളുകളിലും കോളജുകളിലും ഫുട്‌ബോളിനെ പ്രമോട്ട് ചെയ്യുകയായിരുന്നു അദേഹം ആദ്യം ചെയ്തത്. 2012 ല്‍ ആരംഭിച്ച മിസോറം പ്രീമിയര്‍ ലീഗ് ഇന്ന് വമ്പന്‍ ഹിറ്റാണ്. ഒരു സംസ്ഥാന ലീഗിന് ടിവി സംപ്രേക്ഷണം ഉണ്ടെങ്കില്‍ അത് മിസോറമില്‍ മാത്രമാണ്. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രങ്ങളില്‍ ഒരാള്‍ ടീറ്റെയാണ്.

എട്ടു ജില്ലകളെ കേന്ദ്രീകരിച്ച് എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ്ാണ് മിസോ ലീഗ്. കളി പൂര്‍ണമായി പ്രാദേശിക ചാനലില്‍ തല്‍സമയം സംപ്രേഷണം ചെയ്തു. കൃത്രിമ ഫുട്‌ബോള്‍ പ്രതലങ്ങളൊരുക്കി നല്‍കി സംസ്ഥാന സര്‍ക്കാരും സഹകരിച്ചു. പ്രീമിയര്‍ ലീഗ് ആവേശത്തിനൊപ്പം തന്നെയാണു ഫിഫയുടെ ഗ്രാസ്‌റൂട്ട് പദ്ധതി മിസോറമില്‍ തുടങ്ങിയത്. ഫുട്‌ബോള്‍ വളര്‍ത്തുന്നതിനുള്ള ഫിഫ പദ്ധതിയുടെ ഇന്ത്യയിലെ പൈലറ്റ് പ്രോജക്ടിനായി മിസോറമിനെയാണു തിരഞ്ഞെടുത്തത്.

ഇതുവഴി എട്ടു ജില്ലകളിലായി ആറു മുതല്‍ 12 വയസ്സുവരെയുള്ള 800 കുട്ടികളെ വര്‍ഷം തോറും ഫുട്‌ബോള്‍ കളത്തിലേക്കിറക്കി. പ്രതിഭയുള്ള കുട്ടികള്‍ക്കു ക്ലബ്ബുകള്‍ക്കു കീഴിലുള്ള ഗ്രാസ്‌റൂട്ട് അക്കാദമികളില്‍ വിദഗ്ധ പരിശീലനം നല്‍കി. ഐസ്വാള്‍ എഫ്‌സിക്കു കീഴില്‍ മാത്രം അഞ്ചിലേറെ ഗ്രാസ്‌റൂട്ട് പദ്ധതികളുണ്ട്. ഓരോ ക്ലബ്ബും ഓരോ പ്രദേശത്തിന്റെ സ്വന്തമാണ്.

ഇത്തരത്തില്‍ മിസോറം ഫുട്‌ബോളിനെ മറ്റൊരു തലത്തിലെത്തിച്ച ടീറ്റെ ലീഗ് കമ്മിറ്റിയുടെ സുപ്രധാന ചുമതല ഏല്‍പ്പിക്കുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷയിലാണ്. മിസോറമില്‍ വിപ്ലവം തീര്‍ക്കാനായെങ്കില്‍ ഇന്ത്യയിലേക്ക് അതു പകര്‍ത്തിയെഴുതാന്‍ ടീറ്റെയ്ക്ക് സാധിക്കുമെന്ന് അദേഹത്തെ അറിയുന്നവര്‍ അടിവരയിടുന്നു.

(അനുമതിയില്ലാതെ സ്‌പോര്‍ട്‌സ് ക്യൂ ഫീച്ചറുകള്‍, ലേഖനങ്ങള്‍, വാര്‍ത്തകള്‍ മറ്റു സൈറ്റുകളിലേക്ക് കോപ്പി ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമനടപടി സ്വീകരിക്കുന്നതാണ്.)

Related Articles

Back to top button