FootballISL

ബ്ലാസ്‌റ്റേഴ്‌സ് ‘റഡാറില്‍’ സൂപ്പര്‍ കോച്ച്; ഡീല്‍ സാധ്യത വളരെ അടുത്ത്!! അവസാന സൂചനകള്‍ ഇങ്ങനെ

സ്പാനിഷ് കോച്ചിന്റെ വരവിന് സാധ്യത ഏറുന്നു

ഇവാന്‍ വുക്കുമനോവിച്ച് ഈ സീസണോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന് ഈ മാസം ആദ്യം സ്‌പോര്‍ട്‌സ്‌ക്യൂ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെള്ളിയാഴ്ച്ച ക്ലബും ഇവാനും സംയുക്ത പ്രസ്താവനയില്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെ പുതിയ കോച്ച് ആരാകുമെന്ന ആകാംക്ഷയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍.

ബ്ലാസ്‌റ്റേഴ്‌സ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യന്‍ പരിചയമുള്ള ഐഎസ്എല്‍ കോച്ചിനെ തന്നെയാണ് മാനേജ്‌മെന്റ് നോക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ വിജയത്തിന് നിര്‍ണായകമാണെന്ന കാരണം തന്നെയാണ് ഇതിലേക്ക് നയിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് വഴിയാണ് പുതിയ കോച്ചിനായുള്ള ഓപ്പറേഷന്‍ തുടങ്ങിയിരിക്കുന്നത്. ഐഎസ്എല്ലില്‍ വലിയ റിക്കാര്‍ഡുള്ള, നിലവിലെ എഫ്‌സി ഗോവ കോച്ച് മനോലോ മാര്‍ക്വസ് ആണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്ന ആ കോച്ച്. നിലവില്‍ എഫ്‌സി ഗോവയ്‌ക്കൊപ്പം പ്ലേഓഫ് കളിക്കുന്ന തിരക്കിലാണ് മനോലോ.

ഐഎസ്എല്‍ അവസാനിച്ച ശേഷം ബ്ലാസ്റ്റേഴ്‌സ്-മനോലോ ചര്‍ച്ച ഫലപ്രദമായ രീതിയില്‍ പുരോഗമിക്കുമെന്നാണ് വിവരം. എഫ്‌സി ഗോവയില്‍ മികച്ച പാക്കേജാണ് ഈ സ്പാനിഷ് കോച്ചിന് ലഭിക്കുന്നതെങ്കിലും അവിടെ അദേഹം സംതൃപ്തനല്ല. ഈ സീസണ്‍ കഴിയുന്നതോടെ മനോലോ ഗോവ വിടുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം.

ബ്ലാസ്‌റ്റേഴ്‌സ്, ഫുട്‌ബോള്‍ വാര്‍ത്തകള്‍ അറിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ: ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ

കേരളത്തിലെ ആരാധകരെക്കുറിച്ചും കേരള ബ്ലാസ്‌റ്റേഴ്‌സിനെ പറ്റിയും വലിയ മതിപ്പുള്ള പരിശീലകനാണ് മനോലോ. പലതവണ അദേഹം ഇക്കാര്യം പരസ്യമായി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ താല്പര്യം മാത്രം മതിയാകില്ല മഞ്ഞപ്പടയിലേക്കുള്ള വരവിന്.

ഇവാന്‍ പോയതോടെ അദേഹം കൊണ്ടുവന്ന കോച്ചിംഗ് സ്റ്റാഫില്‍ ഉള്‍പ്പെടെ മാറ്റം വരുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സഹപരിശീലകര്‍ ഉള്‍പ്പെടെ മാറേണ്ടിവരും. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഉടന്‍തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിവ്.

ഇന്ത്യയില്‍ പരിചയമുള്ള കോച്ചുമാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ പലതാണ്. വലിയ റിസല്‍ട്ട് വരാതിരുന്നതോടെ മോഹന്‍ ബഗാന്‍ ജുവാന്‍ ഫെറാണ്ടോയെ മാറ്റിയപ്പോള്‍ പകരം കൊണ്ടുവന്നത് അന്റോണിയോ ഹബാസിനെയാണ്. ടീമിനെ വിജയവഴിയില്‍ എത്തിക്കാന്‍ ഹബാസിന് വലിയ സമയം വേണ്ടിവന്നില്ല.

മുമ്പ് ഇന്ത്യയില്‍ പരിശീലിപ്പിച്ചതിന്റെ ആനുകൂല്യമാണ് ഇവിടെ ഹബാസിനെ സഹായിച്ചത്. ലോകഫുട്‌ബോളില്‍ പിന്നിലാണെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങുകയെന്നത് എളുപ്പമല്ല. പല കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും വിജയം കൊയ്യാന്‍ പറ്റാതെ പോയതും ഇതുകൊണ്ട് തന്നെയാണ്.

Related Articles

Back to top button