FootballISL

ജപ്പാനില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിന് പുതിയ ‘സഹായി’ !! വരുന്നത് ജപ്പാനായി കളിച്ച യുവതാരം!!

കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ അവസാന വിദേശ താരത്തെ ജപ്പാനില്‍ നിന്ന് കണ്ടെത്തി. ടൈംസ് ഓഫ് ഇന്ത്യയിലെ സ്‌പോര്‍ട്‌സ് എഡിറ്റര്‍ മാര്‍ക്കസാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രഖ്യാപനവും നടത്തി. തായ് ലീഗില്‍ കളിക്കുന്ന താരമാണ് ദയ്‌സുകെ സകായി.

അടുത്തിടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ തായ്‌ലന്‍ഡില്‍ ഉള്‍പ്പെടെ യാത്ര നടത്തിയിരുന്നു. ഇതും പുതിയ സൈനിംഗുമായി ബന്ധപ്പെടുത്താവുന്നതാണ്. ഒരു വര്‍ഷത്തെ കരാറാണ് തുടക്കത്തില്‍ താരത്തിന് നല്‍കിയിരിക്കുന്നത്. ഏഷ്യന്‍ ക്വാട്ടയിലാണ് താരത്തിന്റെ വരവ്.

പൊതുവേ ഓസ്‌ട്രേലിയന്‍ താരമായിരിക്കും അവസാന സൈനിംഗായി വരുകയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് ജപ്പാനീസ് താരത്തിന്റെ വരവ്. സകായി 26 വയസുള്ള അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ്. ജപ്പാന്റെ അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

അവസാനമായി കളിച്ചത് തായ് ലീഗില്‍ കസ്റ്റംസ് യുണൈറ്റഡിന് വേണ്ടിയാണ്. ഇവിടെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 37 കളികളില്‍ നിന്നും 10 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതെല്ലാം തന്നെ താരത്തിന്റെ ക്വാളിറ്റി കാണിക്കുന്നു.

ജപ്പാന്‍, തായ്‌ലന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ ലീഗ് കളിച്ച താരം കൂടിയാണ് സകായി. ഇത് താരത്തിന്റെ കേരളത്തിലേക്കുള്ള വരവില്‍ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസും ഇതേ വികാരമാണ് പങ്കുവച്ചത്.

ഇതുവരെ പ്രെഫഷണല്‍ ഫുട്‌ബോളില്‍ 150 മല്‍സരങ്ങളിലേറെ കളിച്ചിട്ടുള്ള സകായി 25 ഗോളുകള്‍ നേടുകയും 10 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള ആദ്യ വരവാണ് താരത്തിനിത്.

അതേസമയം, കഴിഞ്ഞ ദിവസം ഇന്ത്യയുടെ അണ്ടര്‍ 17 ടീം ക്യാപ്റ്റനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. മണിപ്പൂര്‍ സ്വദേശിയായ കൊറൗ സിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയില്‍ എത്തിയത്. അറ്റാക്കിങ് മിഡ്ഫീല്‍ഡ് പൊസിഷനിലാണ് കൊറൗ സിങ് കളിക്കുന്നത്.

അണ്ടര്‍ 17 ഇന്ത്യന്‍ ടീമിനായി 16 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു, അഞ്ച് ഗോള്‍ സ്വന്തമാക്കി. സുദേവ ഡല്‍ഹി എഫ്‌സിയുടെ അണ്ടര്‍ 18 ടീം അംഗമായിരുന്നു കൊറൗ സിങ്. സുദേവ ഡല്‍ഹി എഫ്‌സിക്കു വേണ്ടി രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങിയത്.

വരും വര്‍ഷങ്ങളില്‍ ക്വാളിറ്റിയുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ ഡിമാന്റ് ഉണ്ടാകുമെന്ന തിരിച്ചറിവിലാണ് ബ്ലാസ്‌റ്റേഴ്‌സ് യുവതാരങ്ങളെ പരമാവധി ടീമിലെത്തിക്കുന്നത്. ഇവരെ കൂടിയ വിലയ്ക്ക് മറ്റ് ക്ലബുകള്‍ക്ക് വിറ്റാലും ടീമിന് ലാഭമാണ്.

Related Articles

Back to top button