Cricket

പഞ്ചാബ്-കൊല്‍ക്കത്ത മത്സരത്തില്‍ പിറന്നത് അപൂര്‍വ റെക്കോഡ്!! ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ആദ്യം

ട്വന്റി20യിലെ റെക്കോഡ് ചേസിംഗ് കണ്ട മത്സരമായിരുന്നു ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ നടന്നത്.

കൊല്‍ക്കത്ത 261 റണ്‍സ് നേടിയപ്പോള്‍ അവരുടെ ജയം മിക്കവരും മനസ്സില്‍ കണ്ടെങ്കിലും വിട്ടു കൊടുക്കാന്‍ മനസ്സിലാത്ത പഞ്ചാബ് അനായാസം വിജയിച്ചു കയറുകയായിരുന്നു.

ഏറ്റവുമധികം സിക്‌സറുകള്‍ പറന്ന മത്സരത്തില്‍ മറ്റൊരു അപൂര്‍വ റെക്കോഡ് കൂടി പിറന്നിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇരു ടീമുകളിലെയും ഓപ്പണര്‍മാര്‍ അര്‍ധ സെഞ്ചുറി നേടിയ ആദ്യ മത്സരമായിരുന്നു ഇത്.

കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരായ ഫിലിപ്പ് സാള്‍ട്ടും സുനില്‍ നരെയ്‌നും പഞ്ചാബിന്റെ ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങും ജോണി ബെയര്‍‌സ്റ്റോയും അര്‍ദ്ധ സെഞ്ച്വറി തികച്ചു.

ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്തയ്ക്ക് വേണ്ടി സെഞ്ചുറിക്കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്നും തുടങ്ങിയത്. ഇരുവരും തകര്‍ത്തടിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ പിറന്നത് 138 റണ്‍സാണ്.

പതിനൊന്നാം ഓവറില്‍ നരെയ്‌നെ ബെയര്‍‌സ്റ്റോയുടെ കൈകളിലെത്തിച്ച രാഹുല്‍ ചഹാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

32 പന്തില്‍ നാല് സിക്സും ഒന്‍പത് ബൗണ്ടറിയും സഹിതം 71 റണ്‍സെടുത്താണ് നരെയ്ന്‍ പുറത്തായത്. 37 പന്തില്‍ ആറ് വീതം സിക്സും ഫോറുമടിച്ച് ഫില്‍ സാള്‍ട്ട് 75 റണ്‍സാണ് നേടിയത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 262 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബും സ്‌ഫോടനാത്മകമായാണ് തുടങ്ങിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ 93 റണ്‍സാണ് പ്രഭ്സിമ്രാന്‍ സിങ്- ജോണി ബെയര്‍സ്റ്റോ സഖ്യം അടിച്ചുകൂട്ടിയത്. 18 പന്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ച പ്രഭ്സിമ്രാന്‍ 20 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായി.

ആറാം ഓവറിലെ അവസാന പന്തില്‍ സുനില്‍ നരെയ്ന്‍ താരത്തെ റണ്ണൗട്ടാക്കുകയായിരുന്നു. ജോണി ബെയര്‍സ്റ്റോ 48 പന്തില്‍ പുറത്താകാതെ 108 റണ്‍സെടുത്ത് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചു. ഒന്‍പത് സിക്സും എട്ട് ബൗണ്ടറിയും സഹിതമായിരുന്നു ബെയര്‍സ്റ്റോയുടെ ഉജ്ജ്വല ഇന്നിംഗ്‌സ്. 28 പന്തില്‍ എട്ടു സിക്‌സറുകളും രണ്ട് ബൗണ്ടറിയും സഹിതം 68 റണ്‍സ് എടുത്ത ശശാങ്ക് സിംഗിന്റെ ബാറ്റിംഗും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായി.

Related Articles

Back to top button