Football

കോപ്പയില്‍ അര്‍ജന്റീന ‘അവഗണിക്കും’ ആ പ്രതിഭയെ? ബാഹുല്യത്തില്‍ തലവേദന കോച്ചിന്!!

കോപ്പ അമേരിക്കയ്ക്കുള്ള അര്‍ജന്റീനയുടെ സ്‌ക്വാഡില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകളിലാണ് ഫുട്ബോള്‍ ലോകം ഇപ്പോള്‍. ലോക ചാമ്പ്യന്‍മാരും നിലവിലെ കോപ്പ അമേരിക്ക വിന്നറുമായ അര്‍ജന്റീനയുടെ നിര കരുത്തരായിരിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല. സൂപ്പര്‍ താരങ്ങളാല്‍ സമ്പന്നമായ നിരയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഹെഡ് കോച്ച് ലയണല്‍ സ്‌കളോണിയും സഹപരിശീലകരും.

എന്തായാലും രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീമില്‍ ഉറപ്പായിരിക്കുമെന്ന് കോസ്റ്ററിക്കയുമായി അടുത്തിടെ നടന്ന മത്സരത്തിന് ശേഷം സ്‌കളോണി വെളിപ്പെടുത്തിയിരുന്നു. അത് ലയണല്‍ മെസിയും ഏയ്ഞ്ചല്‍ ഡി മരിയയുമാണ്. കോപ്പ അമേരിക്കയോടെ അന്തരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുകമെന്ന് ഡി മരിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിടവാങ്ങള്‍ ടൂര്‍ണമെന്റ് എന്ന നിലയില്‍ കോപ്പ അമേരിക്കയുടെ ആദ്യാവസാന മത്സരങ്ങളില്‍ അര്‍ജന്റീനയുടെ വലത് വിങ്ങില്‍ പ്രൈമിറ ലിഗയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ഈ ബെന്‍ഫിക്കന്‍ താരത്തിന്റെ സാന്നിധ്യം ഏറക്കുറെ ഉറപ്പാണ്. മുന്നേറ്റ നിരയില്‍ മറ്റൊരു സൂപ്പര്‍ താരം പൗലോ ഡിബാലയുടെ അസാന്നിധ്യമാണ് ആരാധകരെ നിരാശരാക്കുന്നത്.

അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട സാധ്യതാ ടീമില്‍ പോലും ഇറ്റാലിയന്‍ ക്ലബായ റോമയുടെ സൂപ്പര്‍താരം ഡിബാലയുടെ പേരില്ല. മുന്നേറ്റ നിരയില്‍ അവശേഷിക്കുന്ന ഒരു ഒഴിവിലേക്ക് അവസരം കാത്ത് നില്‍ക്കുന്ന നാല് പേരില്‍ രണ്ടാമതോ മൂന്നാമതോ ആണ് ഡിബാലയുടെ സ്ഥാനം.

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനുവേണ്ടി ഇടത് വിങ്ങില്‍ മികച്ച ഫോമില്‍ കളിക്കുന്ന അലജാന്‍ഡ്രോ ഗര്‍നാച്ചോയെ ഒഴിവാക്കി ഡിബാലയെ ഉള്‍പ്പെടുത്താന്‍ ലയണല്‍ സ്‌കളോണി തയാറാകാമോ എന്നും കണ്ടറിയണം. ഡി മരിയയെ പിന്‍വലിച്ചാല്‍ പകരം ആ പൊസിഷനിലേക്ക് ആരെ ഇറക്കുമെന്ന ചോദ്യത്തിന് അര്‍ജീന്റീനയ്ക്ക് ഇന്നും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഫുള്‍ബാക്ക് പൊസിഷനില്‍ കളിക്കുന്ന നഹുവല്‍ മോളിനയേയോ ഗോണ്‍സാലോ മോണ്ടിയേലിനെയോ ഓവര്‍ലാപ്പ് ചെയ്തു കളിപ്പിക്കുന്ന രീതിയാണ് സ്‌കളോണി പരീക്ഷിച്ചുവരുന്നത്. അതേസമയം ഇടത് വിങ്ങില്‍ അര്‍ജന്റീന ശക്തമാണ്.

ആദ്യ ഇലവണില്‍ നിക്കോളാസ് ഗോണ്‍സാലസിനെ ഉള്‍പ്പെടുത്തി ഗാര്‍നാച്ചോയെ പകരക്കാരനായി ഇറക്കുന്ന തന്ത്രമാകും പ്രയോഗിക്കുക. മധ്യനിരയില്‍ നിന്ന് കളി നിയന്ത്രിക്കാന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുണ്ടാകും. സ്ട്രൈക്കര്‍ പൊസിഷനില്‍ ജൂലിയന്‍ അല്‍വാരസും ലൗടാരോ മാര്‍ട്ടിനെസും ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

പ്രതിഭാശാലികളെ കൊണ്ട് സമ്പന്നമായ അര്‍ജന്റീനയുടെ മധ്യനിരയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തുമെന്ന കടുത്ത ആശയക്കുഴപ്പത്തിലാണ് കോച്ച്. ലാ ലിഗ ക്ലബായ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കുന്ന റോഡ്രിഗോ ഡി പോള്‍, റോമന്‍ താരം ലിയാന്‍ഡ്രോ പരേഡസ്, പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാമിന്റെ ജിയോവാനി ലോ സെല്‍സോ, ലിവര്‍പൂളിന്റെ അലക്സിസ് മക്കാലിസ്റ്റര്‍, ചെല്‍സി താരം എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഏറെക്കുറെ ഉറപ്പാണ്.

ഒഴിവുള്ള രണ്ട് സ്ഥാനങ്ങളിലേക്ക് സീരിസ എ ക്ലബ് മോണ്‍സയുടെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ വാലന്റൈന്‍ കാര്‍ബോണി, പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രൈറ്റണു വേണ്ടി കളിക്കുന്ന അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫാകുണ്ടോ ബ്യൂണനോട്ടെ, ലാ ലിഗ ക്ലബ്ബായ റയല്‍ ബെറ്റിസിനുവേണ്ടി ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിക്കുന്ന ഗൈഡോ റോഡ്രിഗസ് എന്നിവരില്‍ ആര്‍ക്കെങ്കിലുമാകും നറുക്ക് വീഴുക.

പ്രതിരോധ നിരയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് താരം നഹുവല്‍ മോളിന, ടോട്ടന്‍ഹാം താരം ക്രിസ്റ്റ്യന്‍ റൊമേറോ, ബെഫിക്കയുടെ നിക്കോളാസ് ഒട്ടമെന്‍ഡി, ലിഗ് 1 ക്ലബ് ലിയോണ്‍ താരം നിക്കോളാസ് ടാഗ്ലിയാഫിഗോ എന്നിവര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

ഫിറ്റ്നെസ് വീണ്ടെടുക്കാനായാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് സെന്‍ട്രല്‍ ബാക്ക് പോസിഷനിലേക്ക് വരും. ഒഴിവുള്ള മറ്റൊരു സെന്റര്‍ ബാക്കിലേക്ക് റിയല്‍ ബെറ്റിസിന്റെ ജര്‍മ്മന്‍ പെസെല്ലയ്ക്കാണ് സാധ്യത കൂടുതല്‍.

ഫുള്‍ബാക്ക് പൊസിഷനില്‍ വലത് വിങ്ങില്‍ മോളിനയ്ക്കു പകരക്കാരനായി നോട്ടിംഗ്ഹാമിലെ ഗോണ്‍സാലോ മോണ്ടിയേല്‍ വന്നേക്കും. അതേസമയം പരിക്കിന്റെ പിടിയിലുള്ള മാര്‍ക്കോസ് അക്യൂനയ്ക്ക് അവസരം ലഭിച്ചിട്ടില്ല. ഇടത് വിങ്ങില്‍ മുന്നേറി കളിക്കാന്‍ കഴിയുന്ന ഇത്രയും പ്രതിഭാശാലിയായ മറ്റൊരു ഫുള്‍ബാക്കര്‍ നിലവില്‍ അര്‍ജന്റീനയിക്ക് ഇല്ലെന്ന് പറയാം.

ക്രോസ് കൊടുക്കുന്നതില്‍ വരുത്തുന്ന പിഴവ് ഒഴിവാക്കിയാല്‍ വിങ് ബാക്കില്‍ ഓവര്‍ലാപ്പ് ചെയ്തു കളിക്കാന്‍ ടാഗ്ലിയാഫിഗോയെക്കാള്‍ മിടുക്കനാണ് അക്യൂന. അക്യൂനയ്ക്ക് കളിക്കാനായില്ലേല്‍ പ്രീമിയര്‍ ലീഗ് ക്ലബ് ബ്രൈറ്റണിന്റെ വാലന്റൈന്‍ ബാര്‍കോയ്ക്കാകും നറുക്ക് വീഴുക.

കാവല്‍ നിരയില്‍ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായി ആസ്റ്റന്‍വില്ലയുടെ എമിലിയാനോ മാര്‍ട്ടിനസ് സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രണ്ടാം ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് അര്‍ജന്റീനിയന്‍ ക്ലബായ റിവര്‍ പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനിയും എത്തി.

മൂന്നാം ഗോള്‍കീപ്പറിന്റെ സ്ഥാനത്തേക്ക് വാള്‍ട്ടര്‍ ബെനിറ്റസിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കോസ്റ്ററിക്കയുമായി നടന്ന മത്സരത്തില്‍ ആദ്യാവസാനം ഗോള്‍വല കാത്തത്ത് ബെനിറ്റസാണ്. ജൂണ്‍ 20ന് മേഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ അര്‍ജന്റനീനയും കാനഡയുടെ തമ്മില്‍ നടക്കുന്ന മത്സരത്തോടെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് തുടക്കമിടുന്നത്.

Related Articles

Back to top button