Football

റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തും? ചിരിച്ചു തള്ളേണ്ട!!

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത വര്‍ഷം ഇന്ത്യയില്‍ പന്തു തട്ടുമോ? ആദ്യം തമാശയെന്ന് തോന്നി ചിരിച്ചു തള്ളാമെന്ന് തോന്നുമെങ്കിലും സാധ്യതകള്‍ ഇല്ലാതില്ല. കാരണം, റൊണാള്‍ഡോയ്ക്ക് കോടികളുടെ ഓഫര്‍ നല്‍കിയ സൗദിയിലെ അല്‍ നാസര്‍ ക്ലബിലേക്ക് റൊണാള്‍ഡോ എത്തിയാല്‍ അതിനുള്ള സാധ്യത വളരെ വലുതാണ്.

എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഐഎസ്എല്‍ ക്ലബുകളും കളിക്കുന്നുണ്ട്. അല്‍ നാസര്‍ ക്ലബും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ പ്ലേറ്റ് ചാമ്പ്യന്മാരായ ജെംഷഡ്പൂര്‍ എഫ്‌സിയും ഇത്തവണത്തെ ചാമ്പ്യന്മാരും തമ്മില്‍ പ്ലേഓഫ് കളിച്ച് ജയിക്കുന്നവരാകും ഇന്ത്യയുടെ പ്രതിനിധികളാകും.

അല്‍ നാസര്‍ ക്ലബും ഐഎസ്എല്‍ ക്ലബും തമ്മില്‍ പ്രാഥമിക റൗണ്ടില്‍ ഉള്‍പ്പെടെ മല്‍സരങ്ങള്‍ വരാനുള്ള സാധ്യതയും ഏറെയാണ്. റൊണാള്‍ഡോ അല്‍ നാസറിന്റെ ഓഫര്‍ സ്വീകരിച്ചാല്‍ തീര്‍ച്ചയായും ചാമ്പ്യന്‍സ് ലീഗും കളിക്കും. അങ്ങനെ വന്നാല്‍ എവേ മല്‍സരത്തില്‍ റോണോ ഇന്ത്യയിലെത്താനും സാധ്യതയുണ്ട്. ആരാധകര്‍ ഇത്തരത്തില്‍ കണക്കുകൂട്ടലുകളുമായി മുന്നോട്ടു പോകുന്നുണ്ട്.

സൗദിയിലെ നമ്പര്‍ വണ്‍ ക്ലബ്ബായ അല്‍ നസ്ര് നല്‍കിയ ബമ്പര്‍ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിച്ചേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരു സ്പാനിഷ് മാധ്യമം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് റൊണാള്‍ഡോ ക്ലബ്ബുമായി പ്രതിവര്‍ഷം 172.9 ദശലക്ഷം പൗണ്ടിന്റെ ബമ്പര്‍ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുകയാണ്.

ഈ മാസം ആദ്യം പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് മറുപടിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അദ്ദേഹം അവസാനിപ്പിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്ന് അഭിമുഖത്തില്‍ റൊണാള്‍ഡോ പറഞ്ഞിരുന്നു. പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ക്ലബ്ബ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

ഇതോടെ യുണൈറ്റഡ് രോഷാകുലരായി. തുടര്‍ന്ന് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു. ആഴ്ചയില്‍ 500,000 പൗണ്ടിനു മുകളില്‍ മൂല്യമുള്ള കരാര്‍ അവസാനിക്കാന്‍ ഏഴ് മാസംകൂടി ബാക്കിയുണ്ടായിരുന്ന അവസരത്തിലാണ് റൊണാള്‍ഡോ കരാര്‍ അവസാനിപ്പിച്ചത്.

Related Articles

Back to top button