FootballTop Stories

ഇന്ത്യയിലെ പ്രതാപ ടൂര്‍ണമെന്റും തിരികെ വരുന്നു!

ഫിഫ വിലക്കിന് ശേഷം നടന്നെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ കല്യാണ്‍ ചൗബെയുടെ നേതൃത്വത്തിലുള്ള പുതിയ എഐഎഫ്എഫ് ഭരണസമിതിയുടെ തീരുമാനങ്ങളെല്ലാം ആരാധകരെ സംബന്ധിച്ച് ആവേശം പകരുന്നതാണ്. അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ യോഗത്തിനു ശേഷം കല്യാണ്‍ ചൗബെ നടത്തിയ ഒരു പ്രസ്താവന ഫുട്‌ബോള്‍ അരാധകരും സ്വാഗതം ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ പഴക്കം ചെന്ന ടൂര്‍ണമെന്റുകളിലൊന്നായ ഫെഡറേഷന്‍ കപ്പിനെ തിരികെയെത്തിക്കാനാണ് അധികൃതരുടെ നീക്കം. സൂപ്പര്‍ കപ്പ് വന്നതോടെ 2017 ല്‍ ഫെഡറേഷന്‍ കപ്പിന് മരണമണി മുഴങ്ങിയിരുന്നു. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ ഫെഡറേഷന്‍ കപ്പെന്ന പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ചൗബെ വ്യക്തമാക്കി. 45 വര്‍ഷം മുമ്പ് തുടങ്ങിയ ഫെഡറേഷന്‍ കപ്പ് പല മുന്‍കാല താരങ്ങളുടെയും അവിസ്മരണീയ പ്രകടനങ്ങള്‍ക്ക് വേദിയായിട്ടുണ്ട്.

ഫെഡറേഷന്‍ കപ്പിനൊപ്പം ഒരുപിടി ടൂര്‍ണമെന്റുകളും തുടങ്ങാന്‍ എഐഎഫ്എഫിന് പദ്ധതിയുണ്ട്. അണ്ടര്‍-21, വിവിധ ജൂണിയര്‍ ലെവല്‍ ടൂര്‍ണമെന്റുകള്‍ എന്നിവയ്‌ക്കൊപ്പം സന്തോഷ് ട്രോഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും ചൗബെ വ്യക്തമാക്കി.

ക്ലബ് ഫുട്‌ബോളിനാണോ അതോ ദേശീയ ടീമിനാണോ പ്രാധാന്യം നല്‍കുകയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം ചൗബെയ്ക്കുണ്ടായിരുന്നു. രണ്ടും കൃത്യമായി മുന്നോട്ടു പോയെങ്കിലേ ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരൂവെന്നായിരുന്നു ഉത്തരം. 2024 ല്‍ ഐഎസ്എല്‍ സംഘാടകരുമായി ഒപ്പിട്ട കരാര്‍ അവസാനിക്കും. അതുവരെ ഐഎസ്എല്ലില്‍ ഫെഡറേഷന്‍ ഇടപെടില്ലെന്നും ചൗബെ കൂട്ടിച്ചേര്‍ത്തു.

ഓരോ സംസ്ഥാന അസോസിയേഷനുകളുമായി തങ്ങള്‍ പ്രത്യേകം പ്രത്യേകം സംസാരിക്കാന്‍ ഉദേശിക്കുന്നതായും ചൗബെ വ്യക്തമാക്കി. അതേസമയം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോയുമായി ചര്‍ച്ച നടത്താന്‍ ചൗബെയും സെക്രട്ടറി ജനറല്‍ ഷാജി പ്രഭാകരും അടുത്ത ദിവസം ഖത്തറിലേക്ക് പോകും.

Related Articles

Back to top button