Cricket

ടെസ്റ്റില്‍ ‘ട്വന്റി-20’ വെടിക്കെട്ടുമായി ഇംഗ്ലണ്ട്! പിടിവിട്ട് പാക്കിസ്ഥാന്‍

പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ കുട്ടിക്രിക്കറ്റ് രീതിയില്‍ തകര്‍ത്തടിച്ച് ഇംഗ്ലണ്ട്. ആദ്യ സെഷനില്‍ തന്നെ പാക്കിസ്ഥാന്റെ കൈയില്‍ നിന്നും കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ തകര്‍ത്താടുകയാണ് ആദ്യ സെഷനില്‍ ചെയ്തത്. വെറും 13.4 ഓവറിലാണ് ഇംഗ്ലണ്ട് 100 കടന്നത്. കഴിഞ്ഞ മാസം നടന്ന ട്വന്റി-20 ലോകകപ്പില്‍ പോലും ഇത്രയും പ്രഹരശേഷിയില്‍ ടീമുകള്‍ മൂന്നക്കം കടന്നത് അപൂര്‍വമായിരുന്നു.

അടുത്ത കാലത്ത് നിരന്തരമായി ഓപ്പണറെന്ന നിലയില്‍ പരാജയപ്പെട്ട സാക് ക്രാവ്‌ലി ആണ് ഇംഗ്ലീഷ് ബാറ്റര്‍മാരില്‍ കൂടുതല്‍ ആക്രമണകാരിയായത്. വെറും 38 പന്തില്‍ 11 ഫോര്‍ ഉള്‍പ്പെടെയാണ് ക്രാവ്‌ലി അര്‍ധസെഞ്ചുറി തികച്ചത്.

പാക്കിസ്ഥാനില്‍ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയാണിത്. മറ്റൊരു ഓപ്പണര്‍ ബെന്‍ ഡക്കറ്റും മോശമാക്കിയില്ല. 50 പന്തില്‍ നിന്നാണ് താരത്തിന്റെ അര്‍ധസെഞ്ചുറി.

പാക് നിരയില്‍ ഏറെ അടികൊണ്ടത് അവരുടെ ലോകകപ്പ് ഹീറോ ഹാരിസ് റൗഫ് ആണ്. റൗഫിന്റെ ആദ്യ മൂന്നോവറില്‍ നിന്ന് മാത്രം 30 റണ്‍സാണ് ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. ഇതില്‍ 24 റണ്‍സും ബൗണ്ടറി വഴിയാണ്. നസീം ഷാ, മുഹമ്മദ് അലി, സാഹിദ് മഹമ്മുദ് എന്നിവരും നല്ലരീതിയില്‍ പ്രഹരം ഏറ്റുവാങ്ങി. ആദ്യ 20 ഓവറില്‍ നിന്നും 141 റണ്‍സാണ് ടീം അടിച്ചെടുത്തത്.

വൈറസ് ബാധയേറ്റ് ആശുപത്രിയിലായിരുന്ന ഇംഗ്ലണ്ട് അസ്വസ്ഥതകള്‍ക്കിടയിലാണ് ആദ്യ ടെസ്റ്റിന് ഇറങ്ങിയത്. താരങ്ങളില്‍ പലരും പൂര്‍ണമായും ഫിറ്റല്ല. സ്വന്തം കുക്കുമായി പാക്കിസ്ഥാനിലെത്തിയ ഇംഗ്ലണ്ട് ടീമിനെ ബാധിച്ചത് എന്തുതരം വൈറസ് ആണെന്ന് കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button