Cricket

ഇയാളെ പരിശീലകനാക്കിയാല്‍ അത് പൊളിക്കും!! വിദേശിയായ മുന്‍താരത്തിനായി മുറവിളി കൂട്ടി ആരാധകര്‍

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ബിസിസിഐ.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നിലവിലെ മുഖ്യ പരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമിംഗിനെ പരിശീലകനാക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം.

മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല പുതിയ മുഖ്യ പരിശീലകനായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി നിബന്ധന വെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ കുറഞ്ഞത് 10 മാസം സ്‌ക്വാഡിനൊപ്പം ഉണ്ടായിരിക്കേണ്ട തസ്തികയിലേക്ക് ഫ്‌ലെമിംഗ് അപേക്ഷിക്കുമോയെന്നത് സംബന്ധിച്ച് സംശയം നിലനില്‍ക്കുന്നുണ്ട്.

2024ലെ ഐസിസി ടി20 ലോകകപ്പിന് ശേഷം ദേശീയ ടീമിലേക്ക് പുതിയ പരിശീലകനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ബിസിസിഐ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പ്രകാരം, 2009 മുതല്‍ സിഎസ്‌കെയെ പരിശീലിപ്പിക്കുന്ന സ്റ്റീഫന്‍ ഫ്‌ളെമിംഗാണ് ബിസിസിഐയുടെ റഡാറിലുള്ള ഏറ്റവും പ്രധാനി.

ദ്രാവിഡിന് പകരക്കാരനായി വരുന്ന ആള്‍ അദ്ദേഹത്തേക്കാള്‍ മികച്ചവന്‍ ആയിരിക്കണമെന്നാണ് ബിസിസിഐ ആഗ്രഹികുന്നത്.

പരിശീലകനെന്ന നിലയില്‍ സിഎസ്‌കെയ്ക്ക് അഞ്ചു തവണ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ഫ്‌ളെമിംഗിന്റെ മികവ് അവിതര്‍ക്കമാണ്.

എന്നാല്‍ ഒന്നരപ്പതിറ്റാണ്ടായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരിശീലിപ്പിക്കുന്ന ഫ്‌ളെമിംഗിന് ആ ടീമുമായി വലിയ അത്മബന്ധമാണുള്ളത്.

അതിനാല്‍ തന്നെ ഫ്‌ളെമിംഗ് ആ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത കുറവാണ്. ചെന്നൈയെ കൂടാതെ എസ്എ20ല്‍ ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിംഗ്സിന്റെയും മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്സസ് സൂപ്പര്‍ കിംഗ്സിന്റെയും പരിശീലകനാണ് ഫ്‌ളെമിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ രണ്ട് സഹോദര ഫ്രാഞ്ചൈസികള്‍ ആണ് രണ്ട് ടീമുകളും. ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നാല് സീസണുകളില്‍ പരിശീലിപ്പിച്ച പരിചയസമ്പത്തും ന്യൂസിലന്‍ഡ് മുന്‍ നായകനുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പരിശീലകന്‍ ആയി നിന്ന റെക്കോഡും ഫ്‌ളെമിംഗിന് സ്വന്തമാണ്. എന്തായാലും ഫ്‌ളെമിംഗ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തിയാല്‍ മറ്റൊരു ജോണ്‍ റൈറ്റിനെയാവും ടീം ഇന്ത്യ പ്രതീക്ഷിക്കുക.

Related Articles

Back to top button